ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ പുറത്താക്കി യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കിയതിന് പിന്നില്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന് മേലുണ്ടായ മാധ്യമ സമ്മര്‍ദമാകാമെന്ന് മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്‌മണ്യം ബദ്രിനാഥ്.
ഇംഗ്ലണ്ട് പര്യടനത്തിനിടെ കേവലം മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് മികച്ച ക്രിക്കറ്റിങ് തീരുമാനമായിരുന്നില്ലെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ മുന്‍ സി.എസ്.കെ താരം പറഞ്ഞു.
സുബ്രഹ്‌മണ്യം ബദ്രിനാഥ്
ഈ തീരുമാനത്തിന് പിന്നില്‍ ക്രിക്കറ്റിന് അപ്പുറത്തുള്ള ചില ഘടകങ്ങള്‍ കൂടി സ്വാധീനിച്ചിട്ടുണ്ടാകാമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.
ഐ.പി.എല്ലിന് ശേഷം വൈഭവ് സൂര്യവംശിക്ക് മാധ്യമങ്ങളില്‍ ലഭിച്ച വലിയ ശ്രദ്ധയും സൃഷ്ടിക്കപ്പെട്ട ഹൈപ്പും കോച്ചിങ് സ്റ്റാഫിന് മേല്‍ വലിയ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടാകാമെന്ന് ബദരീനാഥ് ചൂണ്ടിക്കാട്ടി.
‘ആര് അധികാരത്തിലിരുന്നാലും ഇത്തരത്തിലുള്ള ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ചിലപ്പോള്‍ തീരുമാനങ്ങളെ സ്വാധീനിക്കാറുണ്ട്. അതിനാല്‍ തന്നെ സഞ്ജുവിനെ ടീമില്‍ നിന്ന് മാറ്റിയ തീരുമാനം പൂര്‍ണമായും ക്രിക്കറ്റിനെ മാത്രം മുന്‍നിര്‍ത്തിയുള്ള ഒന്നല്ലെന്നാണ് കരുതുന്നത്,’ അദ്ദേഹം പറഞ്ഞു.
സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനം തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതുമൂലം ഉറങ്ങാന്‍ സാധിച്ചിരുന്നില്ലെന്നും ഗൗതം ഗംഭീര്‍ പിന്നീട് തുറന്നുപറഞ്ഞിരുന്നു. സഞ്ജുവിനെ മാറ്റിനിര്‍ത്തിയത് ഒരു തെറ്റായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചിരുന്നു.
അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയതോടെ താരത്തെ പുറത്താക്കാനും വൈഭവിനെ ഓപ്പണിങ്ങിന്റെ ഭാഗമാക്കാനും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നുണ്ട്.
Content Highlight: Gambhir might have chosen Vaibhav over Sanju due to pressure; says former player Subramaniam Badrinath