മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ രണ്ട് ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ സംഗീത സംവിധായകനാണ് ജി.വി പ്രകാശ്. തമിഴ് സിനിമാലോകത്ത് പലപ്പോഴും ജി.വി.പി അണ്ടര്‍റേറ്റഡാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സംഗീതസംവിധാനത്തോടൊപ്പം അഭിനയവും മുന്നോട്ടുകൊണ്ടുപോകുന്ന ജി.വി പ്രകാശ് തന്റെ അടുത്ത പ്രൊജക്ടുകളെക്കുറിച്ച് സംസാരിക്കുകയാണ്.
GV Prakash/ Screen grab/ Gulte
നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നത് വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന സൂര്യ 46 ആണെന്ന് പ്രകാശ് പറഞ്ഞു. ലക്കി ഭാസ്‌കര്‍ പോലെ പിരീയഡ് ഡ്രാമയല്ല ഈ ചിത്രമെന്നും ഫാമിലി എന്റര്‍ടൈനറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ നടക്കുന്ന ഐ.എഫ്.എഫ്.ഐയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജി.വി. പ്രകാശ് കുമാര്‍.
‘ഈ വര്‍ഷത്തെ ഫിലിം ഫെസ്റ്റിവലില്‍ ഞാന്‍ ഭാഗമായ അമരന്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം സൂര്യ 46 ആണ്. അലാ വൈകുണ്ഠപുരം ലോ പോലെ ആ ഒരു സോണിലുള്ള സിനിമയാണിത്. ഷൂട്ട് ഏതാണ്ട് അവസാനഘട്ടത്തിലാണ്. അതിനൊപ്പം തന്നെ ദുല്‍ഖര്‍ നായകനാകുന്ന തെലുങ്ക് ചിത്രം ആകാസം ലോ ഒക്ക താരയും ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്.
Aakasam Lo/ Screen Grab/ Geetha Arts
ആ സിനിമ എന്തായാലും ഒരുപാട് നാഷണല്‍ അവാര്‍ഡ് തൂത്തുവാരുമെന്ന് ഉറപ്പാണ്. അത്രമാത്രം ഗംഭീരമായ കഥയും പെര്‍ഫോമന്‍സുമാണ് ആകാസം ലോ ഒക്ക താരയിലുള്ളത്. അതിന്റെ വര്‍ക്കുകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മ്യൂസിക് ഡയറക്ടര്‍ എന്ന നിലയില്‍ എനിക്ക് പ്രതീക്ഷയുള്ള രണ്ട് സിനിമകളാണ് ഇത് രണ്ടും’ ജി.വി പ്രകാശ് പറയുന്നു.
സുധാ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നും ജി.വി.പി. പറഞ്ഞു. 20 വര്‍ഷത്തിനിടെ 100ലധികം സിനിമകളില്‍ സംഗീതമൊരുക്കാന്‍ സാധിച്ചെന്നും അത് വലിയൊരു നേട്ടമായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നായകനാകുന്ന അടുത്ത പ്രൊജക്ടിനെക്കുറിച്ചും ജി.വി പ്രകാശ് സംസാരിച്ചു.
‘പാ. രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന പ്രൊജക്ടാണ് നായകന്‍ എന്ന നിലയില്‍ അടുത്ത സിനിമ. ഞാനും തെലുങ്ക് താരം സുനിലും മലയാളി താരം ശ്രീനാഥ് ഭാസിയും ആ സിനിമയിലുണ്ട്. അഭിനയവും സംഗീതസംവിധാനവും വ്യത്യസ്തമാണ്. അഭിനയമാണെങ്കില്‍ 60 ദിവസത്തെ ഡേറ്റ് കൊടുത്തിട്ട് അത് കംപ്ലീറ്റാക്കിയാല്‍ മതിയാകും. സംഗീതം സംവിധാനം കുറച്ചുകൂടെ ക്രിയേറ്റീവായിട്ടുള്ള കാര്യമാണ്. അത് എപ്പോള്‍ തീരുമെന്ന് നമുക്ക് തീരുമാനിക്കാനാകില്ല’ ജി.വി പ്രകാശ് പറഞ്ഞു.
Content Highlight: G V Prakash saying Akasam Lo Oka Tara will grab many National Awards