| Monday, 23rd November 2026, 7:20 pm

ഒരു യൂണിവേഴ്‌സല്‍ സ്‌റ്റോറിയെ താങ്ങിനിര്‍ത്തുന്ന സംഗീത സംവിധായകന്‍; എ.ഒ.ടിയിലൂടെ വീണ്ടും ക്ലാസ് തെളിയിച്ച് ജി.വി പ്രകാശ്കുമാര്‍

അശ്വിന്‍ രാജേന്ദ്രന്‍

ഏറെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ തെലുങ്ക് ചിത്രമായിരുന്നു പവന്‍ സാദിനേനി സംവിധാനം ചെയ്ത ആകാശത്തില്‍ ഒരു താരകം. മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്ക, ദുല്‍ഖര്‍ ഗാരുവായി ചെയ്യുന്ന ചിത്രത്തിന് വലിയ വരവേല്പായിരുന്നു കേരളത്തില്‍ നിന്നും ലഭിച്ചത്. സീതാരാമം, ലക്കി ബാസ്‌കര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ മറ്റൊരു തെലുങ്ക് ചിത്രവുമായി എത്തുമ്പോള്‍ നിരാശപ്പെടുത്തില്ലെന്ന് മലയാളി പ്രേക്ഷകര്‍ക്കും തെലുങ്ക് പ്രേക്ഷകര്‍ക്കും ഒരുപോലെ ഉറപ്പായിരുന്നു.

തങ്ങളുടെ മുന്‍നിര അഭിനേതാക്കളെല്ലാം പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ക്കായി ഓടിനടക്കുമ്പോള്‍ നല്ല ഒരുപിടി ചിത്രങ്ങളിലൂടെയാണ് മലയാളി താരം തെലുങ്കിന്റെ ദത്തുപുത്രനായിരിക്കുന്നത്. ഇത്തവണ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാനാകാട്ടെ താരം തെരഞ്ഞെടുത്തത് സാമൂഹിക പ്രസക്തിയുള്ള ഒരു ചിത്രമായിരുന്നു. ഒരു ഉള്‍ഗ്രാമത്തില്‍ ജനിച്ചുവളരുകയും ബഹിരാകാശ യാത്ര നടത്തണമെന്ന സ്വപ്‌നത്തോടെ ജിവിക്കുകയും ചെയ്യുന്ന കല്പന ( സാത്വിക വീരവള്ളി) പെണ്‍കുട്ടിയുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ആകാശത്തില്‍ ഒരു താരകം ഒരുക്കിയിരിക്കുന്നത്.

ആകാശത്തില്‍ ഒരു താരകം. Photo: Dulquer Salmaan/ X.com

എന്നാല്‍ കല്പന നേരിടേണ്ടി വരുന്ന വെല്ലുവിളികളെ അവള്‍ക്കൊപ്പം നില്‍ക്കുന്ന ജീവിത പങ്കാളിയായ കൃഷ്ണയ്‌ക്കൊപ്പം (ദുല്‍ഖര്‍ സല്‍മാന്‍) നേരിടുന്നതും തന്റെ ആഗ്രഹം സാക്ഷാത്കരിക്കുന്നതുമാണ് എ.ഒ.ടിയുടെ പ്ലോട്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത് മുതല്‍ തന്നെ പ്രേക്ഷകര്‍ക്ക് ഇത് ഏറെക്കുറെ മനസിലാകുകയും ചെയ്തിട്ടുണ്ട്. മോട്ടിവേഷനെ ആസ്പദമാക്കിയുള്ള ചിത്രങ്ങളെല്ലാം തന്നെ ഇത്തരത്തില്‍ ഒരു പാറ്റേണിലായിരിക്കും സഞ്ചരിക്കുക എന്നിരിക്കെ ഇതെങ്ങനെയായിരിക്കും എന്‍ഗേജിങ്ങാക്കുക എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.

എന്നാല്‍ പ്രതീക്ഷിച്ചതിനും മുകളില്‍ ഒരു ഫീല്‍ ഗുഡ് കംപ്ലീറ്റ് എന്റര്‍ടെയിനറായിട്ടായിരുന്നു സംവിധായകന്‍ എ.ഒ.ടി ഒരുക്കിയത്. സംവിധായകന്റെ വിഷനെ യാഥാര്‍ത്ഥ്യമാക്കാന്‍ ദുല്‍ഖര്‍ സല്‍മാനും പുതുമുഖമായ സാത്വികവീരവള്ളിയും ഒപ്പം വന്നുപോയ എല്ലാ അഭിനേതാക്കളും ഗംഭിര പ്രകടനവുമായി കൂടെ നിന്നപ്പോള്‍ ചിത്രത്തിലെ മാജിക്ക് വര്‍ക്കാക്കിയത് സംഗീത സംവിധായകന്‍ ജി.വി പ്രകാശ്കുമാറായിരുന്നു.

ഒരു യൂണിവേഴ്‌സല്‍ പാറ്റേണില്‍ പോകുന്ന ചിത്രത്തിലെ പല സീനുകളും തിയേറ്ററില്‍ വേറെ ലെവലിലേക്കെത്തിച്ചതില്‍ ജി.വി പ്രകാശ് കുമാറിന്റെ പശ്ചാത്തല സംഗീതത്തിന് വലിയ പങ്കുണ്ടെന്ന് നിസംശയം പറയാം. ഓരോ സീനിലെയും ഇമോഷന്‍ അതേ ഫീലോടെ കണ്ടിരിക്കുന്ന പ്രേക്ഷകനിലേക്കും കൈമാറാന്‍ സംവിധായകന്‍ പവന്‍ സാദിനേനിയെ സംഗീത സംവിധായകന്‍ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്.

ആകാശത്തില്‍ ഒരു താരകം. Photo: Dulquer Salmaan/ X.com

ചിത്രത്തിലെ ഗാനങ്ങളും ബി.ജി.എമ്മും പ്ലേസ് ചെയ്തിരിക്കുന്ന രീതിയും കൈയടി അര്‍ഹിക്കുന്നു. ഒരു ഉള്‍ഗ്രാമത്തില്‍ നിന്നും ആരംഭിക്കുന്ന കഥ ഹൈദരബാദിലേക്കും അവിടെ നിന്നും അമേരിക്കയിലേക്കും സഞ്ചരിക്കുമ്പോഴും ഇതിനൊപ്പം ഗുജറാത്തിലെ സീക്വന്‍സുകളിലൂടെയും എല്ലാം അതിനൊത്ത രീതിയില്‍ ജി.വി പ്രകാശ്കുമാര്‍ തന്റെ മാന്ത്രികത പ്രയോഗിക്കുന്നു. സംഗീത സംവിധായകന്റെ ക്ലാസ് ഒരിക്കല്‍ കൂടെ തെളിയിക്കുന്ന ചിത്രമായിരുന്നു എ.ഒ.ടി എന്ന് നിസംശയം പറയാം. ഒരു ചിത്രത്തിന് മ്യൂസിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ജി.വി പ്രകാശ് കുമാര്‍ ഒരിക്കല്‍ കൂടെ തെളിയിച്ചിരിക്കുകയാണ്.

Content Highlight: G.V Prakash Kumar’s music in Aakasam Lo Oka Tara movie starring Dulquer Salmaan

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more