| Sunday, 21st September 2025, 10:33 pm

ഇസ്രഈലിന്റെ തലസ്ഥാനത്ത് ബോംബ് വീഴണം; ഹമാസ് തിരിച്ചടിക്കണമെന്ന് ജി. സുധാകരൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഇസ്രഈലിന്റെ തലസ്ഥാനമായ ടെൽ അവീവിൽ ബോംബ് വീഴണമെന്നും ഹമാസ് തിരിച്ചടിക്കണമെന്നും സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. ആധുനിക ആയുധങ്ങൾ ഉപയോഗിച്ച് ഇസ്രഈലിനെതിരെ ഹമാസ് പൊരുതണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ബീച്ചിലെ മുസ്‌ലിം സംയുക്ത വേദിയുടെ ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

3000 കിലോ മീറ്ററൊക്കെ പോകുന്ന ബോംബുകളുണ്ടെന്നും ഇസ്രഈലിന്റെ തലസ്ഥാനത്ത് അത് വീഴണമെന്നും എന്നാൽ മാത്രമേ പ്രശ്നങ്ങൾ അവസാനിക്കുകയുള്ളുവെന്നും ജി. സുധാകരൻ പറഞ്ഞു. ഹമാസ് ഒരു ഭീകര സംഘടനയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫലസ്തീൻ വിഷയത്തിൽ യു.എൻ സംഘടനയുടെ നിലപാടിനെ കുറിച്ചും അദ്ദേഹം വിമർശിച്ചു. യു.എൻ സംഘടന എന്തിനാണെന്നും യു.എന്നിന്റെ ഗുണമെന്താണെന്നും അമേരിക്ക വീറ്റോ ചെയ്‌താൽ ചായകുടിച്ചു പിരിയുകയാണോ ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ആർക്കും വീറ്റോ പവർ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെ എല്ലാ രാജ്യങ്ങളും ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ട്, എന്നാൽ അതുകൊണ്ട് മാത്രം കാര്യമില്ലെന്നും ഈ ആക്രമണത്തിന് അറുതിവരുത്തണമെന്നും ജി സുധാകരൻ പറഞ്ഞു. ഖത്തറിനെ ഇസ്രഈൽ അക്രമിച്ചതിനെയും അദ്ദേഹം വിമർശിച്ചു. ആരെങ്കിലും മധ്യസ്ഥനായി നിൽക്കുന്നവരെ ഉപദ്രവിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

ഇസ്‌ലാമിക ജനവിഭാഗത്തെ വംശഹത്യ നടത്താൻ ആരെകൊണ്ടും കഴിയില്ലെന്നും ഇസ്രഈൽ വംശഹത്യയെ അംഗീകരിക്കുന്ന ലോകരാജ്യങ്ങളെല്ലാം സമാധാനം പറയണമെന്നും ജി. സുധാകരൻ പറഞ്ഞു.

Content Highlight: G Sudhakaran said that a bomb should be dropped on the Israeli capital and Hamas should retaliate

We use cookies to give you the best possible experience. Learn more