| Friday, 10th July 2026, 4:05 pm

അന്ന് പൊതിച്ചോര്‍ വിതരണം 'മഹത്തായ പദ്ധതി'; ജി സുധാകരന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

റെന്വര്‍ പി

ആലപ്പുഴ: മെഡിക്കല്‍ കോളേജുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടെന്നും ഇത് സര്‍ക്കാരിന്റെ ചുമതലയാണെന്നുമുള്ള ജി. സുധാകരന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. ഈ വിവാദം തുടരുന്നതിനിടെ അദ്ദേഹത്തിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു.

മെഡിക്കല്‍ കോളേജുകളില്‍ ഡി.വൈ.എഫ്.ഐ നടത്തിയിരുന്ന ഭക്ഷണ വിതരണത്തെ പ്രശംസിക്കുന്നതാണ് ജി. സുധാകരന്‍ 2020 മാര്‍ച്ച് രണ്ടിന് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ്. പൊതിച്ചോര്‍ വിതരണം മഹത്തായ പദ്ധതിയാണെന്നും മനുഷ്യത്വപരമായ പദ്ധതിയാണെന്നും ആ പോസ്റ്റില്‍ ജി. സുധാകരന്‍ അഭിപ്രായപ്പെടുന്നുണ്ട്.

”വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാന്‍’ ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ‘ഹൃദയപൂര്‍വ്വം’ എന്ന മനുഷ്യത്വപരമായ പദ്ധതി 1000 ദിവസം പിന്നിട്ടു.. ഈ മഹത്തായ പദ്ധതി നടത്തുന്ന ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മറ്റിക്ക് ഹൃദയാഭിവാദ്യങ്ങള്‍..,’ എന്ന് പറഞ്ഞാണ് ജി.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

‘നമ്മുടെ നാട്ടില്‍ മഹാപ്രളയം ഉണ്ടായപ്പോള്‍ പോലും ഒരു ദിവസം പോലും ഭക്ഷണ വിതരണം മുടങ്ങിയിട്ടില്ല. ഓരോ ദിവസവും ഓരോ മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ ദിവസവും 4000 ത്തിലധികം ഉച്ചഭക്ഷണപൊതികളാണ് ആശുപത്രിയില്‍ എത്തിച്ച് നല്‍കുന്നത്. ഇതിനോടകം 40 ലക്ഷത്തിലധികം പൊതിച്ചോറുകളാണ് ആശുപത്രിയില്‍ വിതരണം ചെയ്തിട്ടുള്ളത്.

മാത്രമല്ല ഭക്ഷണം വിതരണം ചെയ്യുന്നതിനോടൊപ്പം തന്നെ ഭക്ഷണവുമായെത്തുന്ന മേഖല കമ്മിറ്റികളിലെ ഡി.വൈ.എഫ്.ഐ സഖാക്കള്‍ രക്തം ആവശ്യമുള്ള രോഗികള്‍ക്ക് രക്ത ദാനവും ചെയ്യുന്നുണ്ട്. കൂടാതെ ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളും ഡി.വൈ.എഫ്.ഐക്കാര്‍ തന്നെ ശേഖരിച്ച് അതാത് മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്‌കരിക്കുകയാണ് ചെയ്ത് വരുന്നത്,’ എന്നും അന്നത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഭക്ഷണവുമായി പോയിരുന്ന വാഹനം തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരൈ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെക്കുറിച്ചും ജി സുധാകരന്റെ 2020ലെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇത്തരം നീക്കങ്ങളെ പരാജയപ്പെടുത്തി രോഗികള്‍ക്ക് ഭക്ഷണവുമായി എത്തിച്ചേര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയിരുന്നെന്നും അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

‘ഒരു വര്‍ഷം മുമ്പ് ഹര്‍ത്താല്‍ ദിവസവും രോഗികള്‍ക്കുള്ള ഭക്ഷണവുമായി മെഡിക്കല്‍ കോളേജിലേക്ക് പോയ വാഹനം ആര്‍.എസ്.എസ്, ബി.ജെ.പി ക്രിമിനലുകള്‍ റോഡില്‍ തടഞ്ഞ് ഡി.വൈ.എഫ്.ഐക്കാരെ അക്രമിക്കുകയും വാഹനം തല്ലി തകര്‍ത്ത് മഹത്തായ ഈ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തി തങ്ങള്‍ക്കായി കാത്തിരുന്ന രോഗികള്‍ക്ക് ഭക്ഷണവുമായി കൃത്യസമയത്ത് തന്നെ അതെ വാഹനത്തില്‍ എത്തിച്ചേരുന്നതിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനം മാതൃകാപരമായിരുന്നുയെന്നുള്ളത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു,’ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘ഈ പദ്ധതി ജില്ലയില്‍ തുടക്കം കുറിച്ച മുന്‍ ആലപ്പുഴ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിക്കും ഒരു ദിവസം പോലും മുടങ്ങാതെ ഇന്നും ഇത് നല്ല നിലയില്‍ തന്നെ നടത്തി വരുന്ന ഇപ്പോഴത്തെ ജില്ലാ കമ്മറ്റിക്കും ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നു,’ എന്ന് പറഞ്ഞാണ് ജി സുധാകരന്റെ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മെഡിക്കല്‍ കോളേജുകളില്‍ സംഘടനകള്‍ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന ജി. സുധാകരന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശത്തിന് പിന്നാലെ നിരവധി പേര്‍ ഈ പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അന്ന് പ്രശംസിച്ച പദ്ധതിയെ ഇന്ന് ജി. സുധാകരന്‍ എതിര്‍ക്കുന്നു എന്ന വിമര്‍ശനവും അവര്‍ ഉന്നയിക്കുന്നു.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയായിരുന്നു ജി.സുധാകരന്‍ മെഡിക്കല്‍ കോളേജുകളിലെ ഭക്ഷണവിതരണത്തെ കുറിച്ചും മറ്റും പറഞ്ഞത്. മൂന്നാഴ്ച മുമ്പ് താനും കെ.സി. വേണുഗോപാലും കളക്ടറും സൂപ്രണ്ടും പങ്കെടുത്ത യോഗത്തില്‍ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ ഇത്തരത്തില്‍ ഒരു സംഘടനകളും ഭക്ഷണവിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ ആ തീരുമാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട് മൂന്നാഴ്ച മുമ്പ് ഞാനും കെ.സി. വേണുഗോപാലും കളക്ടറും സൂപ്രണ്ടും ഉള്‍പ്പെടെ നാലുപേര്‍ പങ്കെടുത്ത ഒരു യോഗം ചേര്‍ന്നിരുന്നു. മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ കൊടികളും ഷെഡുകളും സ്ഥാപിച്ച് അന്നദാനവും കഞ്ഞിവിതരണവും നടത്തുന്നത് ആ യോഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

‘ഞങ്ങള്‍ ചോറും കഞ്ഞിയും കൊടുക്കുകയാണ്’ എന്ന് പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനത്തിനകത്ത് രാഷ്ട്രീയ കൊടികള്‍ സ്ഥാപിക്കുന്നത് ഒരു തരത്തിലും അനുവദിക്കാന്‍ കഴിയില്ല. അത്തരം ഷെഡുകളും കൊടികളും അവിടെനിന്ന് അടിയന്തരമായി നീക്കം ചെയ്യേണ്ടതുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട മനുഷ്യര്‍ക്ക് ചികിത്സയ്ക്കായി അവിടെ വരാം, എന്നാല്‍ മെഡിക്കല്‍ കോളേജിനകത്ത് രാഷ്ട്രീയം കളിക്കാന്‍ ആരെയും അനുവദിക്കരുത്. അവിടെ ഒരു സംഘടനയും ഭക്ഷണം വിതരണം ചെയ്യേണ്ട ആവശ്യമില്ല,’ എന്നായിരുന്നു ജി. സുധാകരന്റെ പരാമര്‍ശം.

‘രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആവശ്യമായ സൗകര്യങ്ങളും ഭക്ഷണവും നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കാരണം ഇത് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാണ്. ഇത്തരം സമാന്തര സംവിധാനങ്ങള്‍ ഇനി അവിടെ ഉണ്ടാവരുതെന്ന് കര്‍ശനമായ തീരുമാനം എടുത്താണ് അന്ന് ഞങ്ങള്‍ യോഗം കഴിഞ്ഞ് മടങ്ങിയത്,’ എന്ന് കെ.സി. വേണുഗോപാലിനും കലക്ടര്‍ക്കും ഒപ്പമുള്ള യോഗത്തെ കുറിച്ച് സംസാരിക്കവെ സുധാകരന്‍ പറഞ്ഞിരുന്നു.

അന്നത്തെ യോഗത്തിലെ ഔദ്യോഗിക തീരുമാനത്തിന് ശേഷവും, കഴിഞ്ഞ ഒരാഴ്ചയായ്ക്കിപ്പുറം അവിടെ ചെന്നപ്പോള്‍ സേവാഭാരതിയെന്ന സംഘടന അവിടെ വീണ്ടും ഷെഡ് കെട്ടി ഭക്ഷണവിതരണം നടത്തുകയാണ്. കളക്ടര്‍ കൂടി പങ്കെടുത്ത യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ ആയിരുന്നിട്ടും, അതിന് എന്ത് വിലയാണ് ഇവിടെ നല്‍കുന്നതെന്നും സുധാകരന്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കവെ ചോദിച്ചിരുന്നു.

‘കളക്ടര്‍ ചെയര്‍മാനായ വികസന സമിതികള്‍ അവിടെയുണ്ടെങ്കിലും അവര്‍ ആരും തന്നെ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ല. ദൈവം തമ്പുരാന്‍ വിചാരിച്ചാലോ മറ്റാരെങ്കിലും വിചാരിച്ചാലോ മാത്രം മാറുന്നതല്ല ഇത്; നിലവിലുള്ള ഈ മോശം വ്യവസ്ഥിതികള്‍ പൂര്‍ണമായും തിരുത്തിക്കുറിക്കപ്പെടുക തന്നെ വേണം,’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: G Sudhakaran Old Facebbook Post about DYFI Food distribution at medical colleges

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more