| Wednesday, 15th October 2025, 2:49 pm

രാജകൊട്ടാരത്തിലെ വിദൂഷകര്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം; ജി. സുധാകരന്‍ നീതിമാനായ രാഷ്ട്രീയ പ്രവര്‍ത്തകന്‍: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നവീന്‍ ബാബുവിന്റെ കുടുംബത്തോട് സര്‍ക്കാര്‍ അനീതിയാണ് കിട്ടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരും രംഗത്തിറങ്ങിയപ്പോള്‍ മാത്രമാണ് കുറ്റാരോപിതനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ കേസെടുത്തതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോഴും സര്‍ക്കാര്‍ നടത്തുന്നത്. നവീന്‍ ബാബുവിന്റെ കുടുംബം സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിനെ എതിര്‍ത്തതായും വി.ഡി. സതീശന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കാലം മുതല്‍ക്കെ ഇരകളുടെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അതിനെ എതിര്‍ക്കാറില്ല. അന്വേഷണത്തിലേക്ക് പോയാല്‍ ഇപ്പോള്‍ കുടുങ്ങിയവര്‍ മാത്രമല്ല ഒരുപാട് പേര്‍ കുടുങ്ങും. പമ്പ് ആരുടേതാണെന്ന് പുറത്തുവരുമെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചു.

പ്രതികളായവരൊക്കെ ബിനാമികളാണ്. പ്രധാനപ്പെട്ട സി.പി.ഐ.എം നേതാക്കളുടെ ഷെട്ടി ഏര്‍പ്പാടുകള്‍ വെളിയില്‍ വരും എന്നതുകൊണ്ടാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി കൊടുക്കണം. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മകന് നല്‍കിയ ഇ.ഡി നോട്ടീസിനെ കുറിച്ച്, സി.പി.ഐ.എം മുഖപത്രത്തില്‍ എഴുതിയവര്‍ക്ക് വായിക്കാന്‍ അറിയാന്‍ പാടില്ലാത്തത് കൊണ്ടാണോ അതോ മനസിലായിട്ടും മനസിലാക്കാതെ ഇരിക്കുകയാണോ? മനോരമ നല്‍കിയ വാര്‍ത്തയ്ക്ക് എതിരെയാണ് സി.പി.ഐ.എം മുഖപത്രം എഴുതിയിരിക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കേരളത്തിലെ എല്ലാവരും ആ വാര്‍ത്ത വായിച്ചതാണ്. അവര്‍ അദ്യ ദിവസം നല്‍കിയത് നോട്ടീസിന്റെ ആദ്യ പേജാണ്. പിന്നീട് രണ്ടാമത്തെ പേജ് നല്‍കി. ഇ.ഡി നോട്ടീസിന് മൂന്ന് പേജുകളുണ്ട്. ആ വാര്‍ത്തയില്‍ ഒരു തെറ്റുമില്ല. നോട്ടീസ് നല്‍കിയത് ഇ.ഡിയും സ്ഥിരീകരിച്ചിട്ടുണ്ട്. ലൈഫ് മിഷനിലാണോ ലാവലിന്‍ കേസിലാണോ നോട്ടീസെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സമന്‍സ് ലാവലിന്‍ കേസിലാണെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. നോട്ടീസ് വാങ്ങിയോ, അതോ ആള്‍ താമസമില്ലെന്ന് പറഞ്ഞ് മടക്കിയോ എന്നത് മറ്റൊരു കാര്യം. എന്തുകൊണ്ടാണ് ഇ.ഡി നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാത്തതെന്നാണ് തങ്ങള്‍ ചോദിച്ചത്. ബി.ജെ.പി- സി.പി.ഐ.എം രാഷ്ട്രീയ ബാന്ധവമുള്ളത് കൊണ്ടാണ് കേസ് മുന്നോട്ട് പോകാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ഇത് തന്നെയാണ് ലാവലിന്‍ കേസിലും സംഭവിച്ചത്. മുപ്പത്തിയഞ്ചോ മുപ്പത്തിയാറോ തവണയാണ് കേസ് മാറ്റിവച്ചത്. കേസ് വിളിക്കുന്ന ദിവസം സി.ബി.ഐ അഭിഭാഷകന് പനിവരും. മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് നല്‍കിയതിന് പിന്നാലെ കാര്യങ്ങളില്‍ ഒരു ധാരണയുണ്ടായി. 2023ലാണ് നോട്ടീസ് നല്‍കിയത്. ഇതിനുപിന്നാലെയാണ് ആര്‍.എസ്.എസ് നേതാവ് ഹൊസബല്ലയെ സന്ദര്‍ശിക്കാന്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ പോയതെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ഈ ആരോപണം ഉന്നയിച്ചപ്പോള്‍ രണ്ടു പേരും നിഷേധിച്ചു. പിന്നീട് സമ്മതിച്ചു. പൂരം കലക്കിയെന്ന ആരോപണവും തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും വന്നത് ഈ നോട്ടീസിന് പിന്നാലെയാണ്. കൊടകര കുഴല്‍പ്പണ കേസില്‍ എല്ലാ ബി.ജെ.പി നേതാക്കളെയും രക്ഷപ്പെടുത്തി. ഇതെല്ലാം ഈ നോട്ടീസിന്റെ ഭാഗമാണ്. ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഹീനമായ സൈബര്‍ ആക്രമണം നടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

‘സി.പി.ഐ.എമ്മിന് എന്തും ആകാമല്ലോ. മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തെ വരെ ആക്രമിക്കുകയാണ്. പിണറായി വിജയന്റെ മകന് ഇ.ഡി നോട്ടീസ് അയച്ചാല്‍ അത് വാര്‍ത്തയാക്കാന്‍ പാടില്ലേ? വാര്‍ത്ത നല്‍കിയാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുമോ? കേരളത്തില്‍ എന്തും നടക്കുമോ? അതൊന്നും ശരിയല്ല.

അതുകൊണ്ടൊന്നും മാധ്യമ പ്രവര്‍ത്തനം അവസാനിക്കില്ല. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും ഹീനമായ ആക്രമണം നടന്നു. സി.പി.ഐ.എമ്മിന് എതിരെ വാര്‍ത്ത നല്‍കിയാല്‍ വ്യക്തിപരമായി തെരഞ്ഞ് പിടിച്ച് സൈബര്‍ ആക്രമണം നടത്തുകയാണ്. അതൊക്കെ കയ്യില്‍ വച്ചാല്‍ മതി. അതുമായി ഇറങ്ങേണ്ട,’ വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളം മുഴുവന്‍ ബഹുമാനിക്കുന്ന ജി. സുധാകരനെ പോലെ സമുന്നതനായ നേതാവിനെ വരെ സൈബറിടങ്ങളില്‍ ആക്രമിക്കുന്ന പാര്‍ട്ടിയായി സി.പി.ഐ.എം അധഃപതിച്ചു. തങ്ങളെല്ലാം ആദരവോടെയാണ് അദ്ദേഹത്തെ നോക്കിക്കാണുന്നത്. നീതിമാനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് അദ്ദേഹം. പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ 140 നിയോജക മണ്ഡലങ്ങളിലും അദ്ദേഹം ഒരു പോലെയാണ് പണം അനുവദിച്ചിരുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

താന്‍ അന്ന് മന്ത്രിമാരെയൊക്കെ വിമര്‍ശിക്കുന്ന കാലത്ത് ജി. സുധാകരനെ നിയമസഭയില്‍ അഭിനന്ദിച്ചിട്ടുണ്ട്. എല്ലാവരോടും മാന്യമായി ഇടപെടുന്ന ബൗദ്ധിക പശ്ചാത്തലമുള്ള അദ്ദേഹത്തെ പോലും വെറുതെ വിടില്ല. കാരണം അദ്ദേഹം വിദൂഷക സംഘത്തിനൊപ്പമല്ല. രാജകൊട്ടാരത്തിലെ വിദൂഷകര്‍ക്ക് മാത്രമാണ് ഇപ്പോള്‍ കാര്യമുള്ളത്. മാന്യരായ ആളുകള്‍ക്ക് സി.പി.ഐ.എമ്മില്‍ സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പോള്‍ പ്രതിപക്ഷത്ത് നില്‍ക്കുന്ന തങ്ങളെയൊക്കെ സി.പി.ഐ.എം വെറുതെ വിടുമോ എന്നും വി.ഡി. സതീശന്‍ ചോദിച്ചു. താന്‍ എന്നും ബഹുമാനത്തോടെ നോക്കിക്കാണുന്ന നേതാവാണ് ജി. സുധാകരന്‍. എല്ലാവരും ബഹുമാനിക്കുന്ന ഒരാളെയാണ് കൂലിപ്പട്ടാളത്തെ വിട്ട് അപമാനിക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Content Highlight: G. Sudhakaran is a righteous political activist: V.D. Satheesan

We use cookies to give you the best possible experience. Learn more