ആലപ്പുഴ: ആര്‍.എസ്.പി നേതാവ് ടി.ജെ ചന്ദ്രചൂഡന്‍ അനുസ്മരണ വേദിയിലെ പുരസ്‌കാര ദാനത്തിനിടെ പരസ്പരം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരനും. സുധാകരന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റെന്ന് വി.ഡി സതീശന്‍ പറഞ്ഞു. നീതിമാനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച പൊതുമരാമത്ത് മന്ത്രിയായിരുന്നു.
ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലൊരാളെ കണ്ടിട്ടില്ല. എറണാകുളത്തെ പരിപാടി റദ്ദാക്കിയാണ് താന്‍ ഇപ്പോള്‍ സുധാകരന് പുരസ്‌കാരം നല്‍കാന്‍ എത്തിയതെന്നും വി.ഡി സതീശന്‍ പറഞ്ഞു. സുധാകരന് അവാര്‍ഡ് നല്‍കുന്നത് തനിക്ക് കൂടിയുള്ള ആദരവായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മറുപടി പ്രസംഗത്തില്‍ ജി. സുധാകരനും വി.ഡി സതീശനെ പുകഴ്ത്തിയാണ് സംസാരിച്ചത്. വി.ഡി സതീശന്‍ പ്രഗത്ഭനെന്ന് ജി. സുധാകരന്‍ പറഞ്ഞു.
പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ് എന്നാണ് അദ്ദേഹത്തെ സുധാകരന്‍ വിശേഷിപ്പിച്ചത്. എന്നേക്കാള്‍ കൂടുതല്‍ കാലം ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ചരിത്രമുള്ള നേതാവാണ് സതീശന്‍. 63 വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നെന്നും സുധാകരന്‍ പറഞ്ഞു.
തനിക്ക് നേരെ സൈബര്‍ ആക്രമണം നടക്കുന്നെന്ന ആരോപണങ്ങളെ സംബന്ധിച്ചും ജി. സുധാകരന്‍ പ്രതികരിച്ചു. ഒരു പാര്‍ട്ടിയും സൈബര്‍ പോരാളികളെ നിയമിച്ചിട്ടില്ല.പാര്‍ട്ടി മെമ്പര്‍മാരാണ് സി.പി.ഐ.എമ്മിന്റെ സൈന്യം. അല്ലാതെ സൈബര്‍ സേന അല്ല. കമന്റ് ബോക്‌സ് അടച്ച് വെച്ചാല്‍ തീരുന്ന പ്രശ്‌നമേ ഉള്ളു സുധാകരന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്തതിനെതിരെയുള്ള വിമര്‍ശനങ്ങളെയും സുധാകരന്‍ ചോദ്യം ചെയ്തു. കോണ്‍ഗ്രസ് വേദിയില്‍ പോയാല്‍ എന്താണ് പ്രശ്‌നമെന്നും ജി. സുധാകരന്‍ ചോദിച്ചു. കോണ്‍ഗ്രസ് വേദികളില്‍ പോകരുതെന്ന് പറയാന്‍ എന്നെ കൂട്ടിലടച്ചിരിക്കുകയാണോ? തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ വിമര്‍ശിക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി സംസാരിച്ച പരിപാടിയില്‍ എം.എ ബേബി പോയതും സുധാകരന്‍ ചൂണ്ടിക്കാണിച്ചു. നമ്മള്‍ ഈ സമൂഹത്തില്‍ ഉള്ളതല്ലേ? അടിയന്തരാവസ്ഥക്ക് എതിരെ താന്‍ സംസാരിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യടിച്ചു. പഴയകാല കമ്മ്യൂണിസ്റ്റ് വിരുദ്ധതയൊന്നും ഇപ്പോഴത്തെ കോണ്‍ഗ്രസുകാര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി വളര്‍ച്ചയെ ആശ്രയിച്ചിരിക്കും കേരളത്തില്‍ സി.പി.ഐ.എം കോണ്‍ഗ്രസ് സഖ്യമെന്നും സുധാകരന്‍ പറഞ്ഞു. വേറെ പാര്‍ട്ടിയില്‍ പോകുമെങ്കില്‍ അന്തസായി പറഞ്ഞിട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒറ്റപ്പെടുത്താന്‍ മന്ത്രി സജി ചെറിയാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് ജി. സുധാകരന്‍ രംഗത്തെത്തിയിരുന്നു.
തനിക്കെതിരെ മനപൂര്‍വമായ സൈബര്‍ ആക്രമണം നടത്തുകയാണെന്നും തനിക്കെതിരായ പടയൊരുക്കത്തിന് പിന്നില്‍ സജി ചെറിയാനാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍, ജു. സുധാകരന്‍ തന്റെ നേതാവാണെന്നും അദ്ദേഹം തന്നെ പാര്‍ട്ടിയെ മുന്നില്‍ നിന്നും നയിക്കുമെന്നും പറഞ്ഞ് സജി ചെറിയാന്‍ വിവാദങ്ങള്‍ അവസാനിപ്പിച്ചിരുന്നു.
Content Highlight: V.D. Satheesan says he has never seen a communist like G. Sudhakaran; Sudhakaran also praised Satheesan as a genius opposition leader