| Wednesday, 22nd October 2025, 4:58 pm

'അപമാനിക്കാന്‍ വേണ്ടി മനപൂര്‍വം ക്രിമിനല്‍ സ്വഭാവമുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നു': ജി. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: തനിക്കെതിരായി സോഷ്യല്‍മീഡിയയില്‍ വ്യാപകമായ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരന്‍. ‘സ. പിണറായി വിജയന് ജി. സുധാകരന്‍ അയച്ച കവിത വൈറലാകുന്നു’ എന്ന പേരില്‍ തന്റെ ചിത്രത്തിനൊപ്പം പ്രചരിക്കുന്ന ഒരു അസഭ്യ കവിതയെ കുറിച്ച് സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.

കോഴിക്കോടുള്ള തന്റെ സുഹൃത്ത് ബാബു ചെറിയാനാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്നും ജി. സുധാകരന്‍ പറഞ്ഞു. അവരുടെ ഗ്രൂപ്പില്‍ പ്രചരിക്കുന്ന കവിതയായിരുന്നു അതെന്നും അദ്ദേഹം വിശദീകരിച്ചു.

കുറച്ചുനാളായി തന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് മനപൂര്‍വ്വം അപമാനിക്കാന്‍ വേണ്ടിയുള്ള ശ്രമമമാണെന്നും ജി. സുധാകരന്‍ ആരോപിച്ചു. ഇക്കാര്യം സൈബര്‍ പൊലീസ് ശ്രദ്ധിച്ചാല്‍ കൊള്ളാം. ഗുരുതരമായ സൈബര്‍ കുറ്റമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

ജി. സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മുന്നറിയിപ്പ്: ജാഗ്രത!
‘സ. പിണറായി വിജയന് ജി സുധാകരന്‍ അയച്ച കവിത വൈറലാകുന്നു’ എന്നു പറഞ്ഞ് ഇപ്പോള്‍ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാന്‍ അവരുടെ ഗ്രൂപ്പില്‍ വന്നതായി അയച്ചുതന്നു.

കുറച്ചുനാളായി എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നു. ഇത് മനപൂര്‍വ്വം എന്നെ അപമാനിക്കാന്‍ വേണ്ടിയാണ്. സൈബര്‍ പൊലീസ് ഇത് ശ്രദ്ധിച്ചാല്‍ കൊള്ളാം. ഗുരുതരമായ സൈബര്‍ കുറ്റമാണിത്.

നേരത്തെയും തനിക്ക് എതിരായി മനപൂര്‍വമായ വ്യക്തിഹത്യ നടക്കുന്നുണ്ടെന്ന് ആരോപിച്ച് ജി. സുധാകരന്‍ രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്നും അതിന് പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ചിലരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഇതിനിടെ സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരെ ജി. സുധാകരന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചതും ചര്‍ച്ചയായി. തനിക്ക് എതിരായ പടയൊരുക്കത്തിന് പിന്നില്‍ സജി ചെറിയാനാണെന്ന് കുറ്റപ്പെടുത്തിയാണ് ജി. സുധാകരന്‍ രംഗത്തെത്തിയത്. പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കാന്‍ സജി ചെറിയാന്‍ ശ്രമിച്ചു.

തന്നോട് മുട്ടാന്‍ സജി ചെറിയാന്‍ വരേണ്ട, സൂക്ഷിച്ച് സംസാരിക്കുന്നതാണ് നല്ലത്. തന്നോട് മത്സരിച്ചവരാരും ജയിച്ചിട്ടില്ല. എന്നും താന്‍ പാര്‍ട്ടിക്കൊപ്പമാണെന്നും ജി. സുധാകരന്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തതായി സൂചന നല്‍കി സജി ചെറിയാനും രംഗത്തെത്തിയിരുന്നു. ജി. സുധാകരന്‍ തന്റെ നേതാവാണെന്നും സുധാകരന് തന്നെ കുറിച്ച് തെറ്റിദ്ധാരണകളില്ലെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

ഈ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ജി. സുധാകരന്‍ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: G sudhakaran About Cyber Attacks

We use cookies to give you the best possible experience. Learn more