കോഴിക്കോട്: 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടി മണ്ഡലത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് നേതാവായ ജി. മഞ്ജുക്കുട്ടന്‍ മത്സരിക്കുമെന്ന് സൂചന. മഞ്ജുക്കുട്ടന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നോമിനിയാണെന്നാണ് വിവരം. മഞ്ജുക്കുട്ടന്റെ സ്ഥാനാര്‍ത്ഥിത്വം 70 ശതമാനവും ഉറപ്പാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
നിലവില്‍ സി.പി.ഐ.എം നേതാവായ ഒ.ആര്‍. കേളുവാണ് മാനന്തവാടി എം.എല്‍.എ. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിലെ പട്ടികജാതി/പട്ടികവര്‍ഗ വകുപ്പ് മന്ത്രിയുമാണ് അദ്ദേഹം. മുൻ മന്ത്രിയായ കെ. രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഒ.ആര്‍. കേളുവിന് മന്ത്രിസ്ഥാനം ലഭിച്ചത്.
മാനന്തവാടി സംവരണ മണ്ഡലം കൂടിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ജുക്കുട്ടന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് സാധ്യത ഏറെയാണ്. മഞ്ജുക്കുട്ടന്റെ സമീപകാല സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഇതിനെ സാധൂകരിക്കുന്നു.
‘വയനാടന്‍ ചുരം കയറും മുമ്പേ പിതാവിനെ കണ്ട് അനുഗ്രഹം വാങ്ങി’ എന്ന കുറിപ്പോട് കൂടി താമരശ്ശേരി ബിഷപ്പ് റെമിജിയസ് മരിയ പോള്‍ ഇഞ്ചനാനിയിലിനൊപ്പമുള്ള ചിത്രവും പത്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമനും സി.കെ. ജാനുവിനുമൊപ്പമുള്ള മഞ്ജുക്കുട്ടന്റെ പോസ്റ്റുകളുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
അതേസമയം ബി.ജെ.പി നേതാവായിരുന്ന സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെ വിവാദത്തിലായ നേതാവാണ് മഞ്ജുക്കുട്ടന്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് സന്ദീപ് വാര്യര്‍ക്കെതിരെ മഞ്ജുക്കുട്ടന്‍ വിമര്‍ശനം ഉയര്‍ത്തിയത്.
മമ്മൂട്ടി വരുന്നത് പോലെ ആഘോഷിക്കുന്നതിന് മുമ്പ് പറഞ്ഞതിനൊക്കെ സന്ദീപ് വാര്യരെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നായിരുന്നു മഞ്ജുക്കുട്ടന്റെ ആവശ്യം.
രാഹുല്‍ ഗാന്ധിയെ കുതിരവട്ടത്ത് ചികിത്സക്കണമെന്ന് പറഞ്ഞ ആളാണ് സന്ദീപ് വാര്യരെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. മിനിമം ഗാന്ധി നിന്ദയിലെങ്കിലും സന്ദീപ് മാപ്പ് പറയണമെന്ന് മഞ്ജുക്കുട്ടന്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ച സന്ദീപ് വാര്യര്‍ പാര്‍ട്ടി പറഞ്ഞാല്‍ എവിടെയും മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഉജ്വല വിജയം നേടുമെന്നും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം പകുതി മാത്രമേ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടുള്ളൂവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.
ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രന്‍ പാലക്കാട് മത്സരിച്ചാല്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും സന്ദീപ് പ്രതികരിച്ചിരുന്നു.
Content Highlight: G.Manjukuttan in Mananthavady? Indications that he is K.C. Venugopal’s nominee in the assembly elections