| Tuesday, 10th July 2018, 7:48 pm

ജി.എന്‍.പി.സിക്കെതിരായ കേസ്; അന്വേഷണം ഗള്‍ഫിലേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്‌ളേറ്റിലെ കറിയും (ജി.എന്‍.പി.സി) ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരിലുള്ള തട്ടിപ്പിനെ കുറിച്ച് എക്സൈസ് ഗള്‍ഫ് രാജ്യങ്ങളിലും അന്വേഷിക്കും. ഗള്‍ഫിലെ ചില ഹോട്ടലുകളില്‍ ജി.എന്‍.പി.സിയുടെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി സൂചന കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്.

കൂട്ടായ്മയുടെ അഡ്മിന്‍മാരായ 38 പേര്‍ക്കെതിരെയാണ് എക്സൈസ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ നിലവില്‍ 10 പേര്‍ മാത്രമാണ് അഡ്മിന്‍മാരായുള്ളതെന്ന് വ്യക്തമായി. ഇതില്‍ സജീവമായിട്ടുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും.

സംഭവത്തില്‍ പൊലീസും കേസെടുത്തിട്ടുണ്ട്. പൊലീസ് ഹൈടെക് സെല്ലില്‍ നിന്നുള്ള ചില വിവരങ്ങള്‍ കൂടി ലഭിച്ച ശേഷമെ തുടര്‍ അന്വേഷണം സാദ്ധ്യമാവൂ എന്ന് റേഞ്ച് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ പറഞ്ഞു.


Read Also : “ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിയത് അപകടരമായ ഡൈവിംഗിലൂടെ”; കുട്ടികളുടെ ആത്മധൈര്യം അത്ഭുതപ്പെടുത്തിയെന്ന് രക്ഷാപ്രവര്‍ത്തകന്‍, വീഡിയോ


നേരത്തെ ജി.എന്‍.പി.സിക്ക് പിന്നില്‍ മദ്യക്കമ്പനികളാണെന്ന് എക്സൈസ് വകുപ്പ് പറഞ്ഞിരുന്നു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പാണ് ജി.എന്‍.പി.എസ് എന്ന് പറഞ്ഞ് ലഭിച്ച പരാതിയിന്‍മേലുള്ള അന്വേഷണത്തിലായിരുന്നു എക്സൈസ് വകുപ്പിന്റെ കണ്ടെത്തല്‍.

ജി.എന്‍.പി.സിയുടെ വാര്‍ഷികാഘോഷം സ്പോണ്‍സര്‍ ചെയ്തത് മദ്യക്കമ്പനികളാണെന്നും, പല മദ്യബ്രാന്‍ഡുകളും ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചെന്നും എക്സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

ജി.എന്‍.പി.സിയുടെ വാര്‍ഷികാഘോഷം നടന്ന ഹോട്ടലിന്റെ മുതലാളിയെ എക്സൈസ് വകുപ്പ് ചോദ്യം ചെയ്തെന്നും, അന്ന് നടന്ന ഡിജെ പാര്‍ട്ടിയെപ്പറ്റി കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

നേരത്തെ ജി.എന്‍.പി.സിക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാമെന്ന് പൊലീസ് തീരുമാനിച്ചിരുന്നു.

We use cookies to give you the best possible experience. Learn more