| Saturday, 4th July 2026, 9:43 pm

ജനസാഗരമായി ഗ്രാന്‍ഡ് മൊസല്ല; ഒരു കോടിയിലധികം പേര്‍ ഖാംനഇക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ടെഹ്‌റാനിലെത്തിച്ചേരും

റെന്വര്‍ പി

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ടെഹ്‌റാനിലേക്ക് മാത്രം എത്തിച്ചേരുക ഒരു കോടിയിലധികം പേര്‍. ഇന്ന് (ശനി) മുതല്‍ ഈ മാസം ഒമ്പത് വരെയാണ് ഇറാനിലെ വിവിധ നഗരങ്ങളിലായി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍. ഇതില്‍ ഇന്നും നാളെയും തിങ്കാളാഴ്ചയുമാണ് ഇറാന്‍ തലസ്ഥാനം ടെഹ്‌റാനിലെ ചടങ്ങുകള്‍.

ഒരു കോടിയോളം പേര്‍ തെഹ്‌റാനിലെ ചടങ്ങുകള്‍ക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ പറയുന്നു. നൂറിലധികം രാജ്യങ്ങളിലെ പ്രതിനികള്‍ ചടങ്ങിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇറാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും തെഹ്‌റാനിലേക്ക് എത്തിച്ചേര്‍ന്നു.

ടെഹ്റാനിലെ ഇംമാം ഖൊമെയ്നി ഗ്രാന്‍ഡ് മൊസല്ല മത സമുച്ഛയത്തിലാണ് ഖാംനഇയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ചത്. ഖാംനഇക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ കടുത്ത ചൂടിനെ അവഗണിച്ചും നിരവധി പേര്‍ ഗ്രാന്‍ഡ് മൊസല്ല പരിസരത്ത് എത്തിച്ചേര്‍ന്നു.

ഇന്ന് രാവിലെയാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. ഞായറാഴ്ചയും ഗ്രാന്‍ഡ് മൊസല്ലയിലെ ചടങ്ങുകള്‍ തുടരുമെന്ന് ഇറാന്‍ അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ചയാവും തെഹ്‌റാനിലെ പ്രധാന വിലാപയാത്ര നടക്കുകയെന്ന് ഇറാന്റെ പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച ഖോം നഗരത്തിലും ബുധനാഴ്ച നജഫ്, കര്‍ബല നഗരങ്ങളിലും വ്യാഴാഴ്ച മഷാദ് നഗരത്തിലും സംസ്‌കാര ചടങ്ങുകള്‍ നടത്തും. മഷാദ് നഗരത്തിലെ റെസ മസ്ജിദിലെ ഖബര്‍സ്ഥാനിലാണ് ഖാംനഇയുടെ ഭൗതിക ശരീരം സംസ്‌കരിക്കുക.

ഇന്നലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തെഹ്‌റാനിലെത്തി ഖാംനഇക്ക് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായി വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഘരീത ബീഹാര്‍ ഗവര്‍ണര്‍ ലെഫ്റ്റനന്റ് ജെനറല്‍ (റിട്ടയേഡ്) സഈദ് ആതാ ഹുസൈന്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇറാനിലെത്തിയത്.

ഇന്ത്യയില്‍ നിന്ന് രാഷ്ട്രീയ നേതാക്കളും മത നേതാക്കളും സിവില്‍ സൊസൈറ്റി അംഗങ്ങളും അടങ്ങുന്ന പ്രതിനിധി സംഘവും എത്തിയിരുന്നു. രാഷ്ട്രീയ നേതാക്കളായ സല്‍മാന്‍ ഖുര്‍ഷിദ്, മെഹബൂബ മുഫ്തി, ജമ്മു കശ്മീര്‍ ഷിയ അസോസിയേഷന്‍ പ്രസിഡന്റ് ഇമ്രാന്‍ റേസ അന്‍സാരി എന്നിവര്‍ അടക്കമുള്ളവരാണ് ഇത്തരത്തില്‍ ടെഹ്‌റാനിലെത്തിയത്.

ഫെബ്രുവരി 28നാണ് ഇറാന്റെ അന്നത്തെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇ യു.എസ് – ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാര്‍ച്ചില്‍ തന്നെ ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇസ്രഈല്‍-യു.എസ് സഖ്യം ഇറാനെതിരെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ചടങ്ങുകള്‍ നീണ്ടുപോവുകയായിരുന്നു.

ഖാംനഇക്ക് പുറമെ അദ്ദേഹത്തിന്റെ മകള്‍, മകളുടെ ഭര്‍ത്താവ്, മകന്റെ ഭാര്യ, കൊച്ചുമകള്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ സംസ്‌കാര ചടങ്ങുകളും ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്കൊപ്പമാണ് നടത്തുന്നത്.

Content Highlight: Funeral of Khamnei at Tehran- More than 10 Million Expected

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more