| Thursday, 29th October 2026, 11:14 am

മൂന്ന് സേതുമാരും കൂടെ ഒരുമിച്ചിരുന്ന് കഞ്ഞികുടിക്കുന്നു; വൈറലായി കിരീടം ഇന്റര്‍വെല്‍ സീന്‍

അശ്വിന്‍ രാജേന്ദ്രന്‍

മൂന്ന് വര്‍ഷം നീണ്ട കാത്തിരിപ്പിനെ അര്‍ത്ഥവത്താക്കിക്കൊണ്ട് തിയേറ്ററുകളിലേക്കെത്തിയ ചിത്രമായിരുന്നു നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ 2. ദി റിയല്‍ സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിനൊപ്പം മോഹന്‍ലാല്‍, ശിവ രാജ് കുമാര്‍, വിദ്യാ ബാലന്‍, എസ്.ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് ഒപ്പം ബോളിവുഡ് ഭീമന്‍ ഹൃത്വിക് റോഷന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയതോടെ വമ്പന്‍ ഓപ്പണിങ്ങായിരുന്നു ജയിലര്‍ 2വിന് ലഭിച്ചത്.

ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ആദ്യഭാഗം പോലെ തന്നെ തിയേറ്ററില്‍ ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും നെല്‍സണ്‍ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. പ്രീ സെയിലിലൂടെ തന്നെ വലിയ കളക്ഷന്‍ ചിത്രം സ്വന്തമാക്കിയിരുന്നു. ഇതോടെ ഏഴ് ദിവസത്തിനുള്ളില്‍ ചിത്രം അഞ്ഞൂറ് കോടി സ്വന്തമാക്കുകയും തമിഴ്നാട് ബോക്സ് ഓഫീസിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. ആഗോളതലത്തില്‍ എണ്ണൂറ് കോടിയ്ക്കടുത്താണ് ചിത്രം ഇതുവരെ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ജയിലര്‍ 2. Photo: Sun Pictures

ചിത്രത്തില്‍ രജിനികാന്ത് അവതരിപ്പിച്ച ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ സഹായികളായെത്തിയത് ഓരോ ഭാഷയില്‍ നിന്നും ഓരോ സൂപ്പര്‍താരങ്ങളായിരുന്നു മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍ എത്തിയപ്പോള്‍, കന്നഡയില്‍നിന്നും ശിവ രാജ്കുമാറും ഹിന്ദിയില്‍ നിന്നും ജാക്കി ഷ്‌റോഫും എത്തിയിരുന്നു. ആദ്യഭാഗത്തിലും വേഷമിട്ടിരുന്ന ഇവര്‍ മൂന്ന് പേരും രണ്ടാം ഭാഗത്തിലെ ഇന്റര്‍വെല്‍ സീനില്‍ ഒരുമിച്ചിരുന്ന് കഞ്ഞികുടിക്കുന്ന സീന്‍ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ഈ രംഗത്തില്‍ അഭിനയിച്ച മൂന്ന് താരങ്ങളും തമ്മിലുള്ള സാമ്യതയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കായ സിബി മലയില്‍ സംവിധാനം ചെയ്ത് കിരീടത്തില്‍ അഭിനയിച്ച മോഹന്‍ലാലും, ചിത്രത്തിന്റെ കന്നഡ, ഹിന്ദി റീമേക്കിലെ നായകന്മാരുമാണ് ഈ സീനില്‍ ഒന്നിച്ചെത്തിയിരിക്കുന്നത്.

ജയിലര്‍ 2. Photo: Sun Pictures

കിരീടത്തിന്റെ ഹിന്ദി റീമേക്കായ ഗാര്‍ദിഷ് സംവിധാനം ചെയ്തത് പ്രിയദര്‍ശനായിരുന്നു. 1993ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ജാക്കി ഷ്‌റോഫ് പ്രധാനവേഷത്തിലെത്തി. അതേസമയം ശിവ രാജ് കുമാര്‍ നായകനായ കിരീടം കന്നട റീമേക്ക് മോദദ മറയെല്ലി 1991ലായിരുന്നു പുറത്തിറങ്ങിയത്. ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ജയിലര്‍ 2വിന്റെ വിജയത്തിന് പിന്നാലെ കൗതുകകരമായ ഈ വസ്തുത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

Content Highlight: Fun Fact in Jailer 2 cameo role including Mohanlal, Shivaraj Kumar and Jackie Shroff

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more