കലാകാരന്‍മാരെ മതത്തിന്റെ കണ്ണില്‍ കാണാതെ കലാകാരായി മാത്രം കാണണമെന്നും കലയാണ് അവരുടെ മതമെന്നും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി.
എവിടെയും മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ വര്‍ഗീയ വാദികള്‍ ശ്രമിക്കും. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പോലും ജാനകിയെന്നും സീതയെന്നും മറ്റും പേരിടാന്‍ സമ്മതിക്കാത്ത നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. സമാധാനവും സന്തോഷവും ഇല്ലാതാക്കുന്ന ഇത്തരം കലാപകാരികളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള നല്ലൊരു ആയുധം കൂടിയാണ് കല.
അവരുടെ തിട്ടൂരങ്ങള്‍ കാറ്റില്‍ പറത്തി പുതുതലമുറ ജാതിയോ മതമോ നോക്കാതെ കലകള്‍ അവതരിപ്പിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രസംഗത്തിന്റെ പൂര്‍ണരൂപം
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായാണ് കേരള സ്‌കൂള്‍ കലോത്സവം അറിയപ്പെടുന്നത്. ആ കലോത്സവത്തിനാണ് ഇന്ന് തിരി തെളിയുന്നത്. നമ്മുടെ സംസ്ഥാനം 1956ല്‍ രൂപം കൊണ്ടതിന് ശേഷമാണ് ആദ്യത്തെ സംസ്ഥാന കലോത്സവം നടക്കുന്നത്. അന്നതിന് യുവജനോത്സവം എന്നായിരുന്നു പേര്. എറണാകുളം എസ്.ആര്‍.വി ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു ആദ്യ കലോത്സവം.
ഒരു ദിവസം മാത്രമായിരുന്നു അന്നത്തെ കലോത്സവം. അതില്‍ സ്‌കൂളുകളില്‍ നിന്ന് നേരിട്ട് വന്ന 200 കുട്ടികളാണ് പങ്കെടുകത്തത്. പിന്നീടാണ് സബ് ജില്ലാ മത്സരങ്ങള്‍ക്ക് ശേഷം കുട്ടികളെത്തുന്ന സ്ഥിതിയുണ്ടായത്.
1975ല്‍ മോഹിനിയാട്ടം, കഥകളി സംഗീതം, അക്ഷരശ്ലോകം എന്നിവ ഉള്‍പ്പെടുത്തി കലോത്സവം കുറേക്കൂടി വികസിപ്പിച്ചു. 2009 മുതലാണ് കേരള സ്‌കൂള്‍ കലോത്സവം എന്ന പേരില്‍ ഇത് അറിയപ്പെടാന്‍ തുടങ്ങിയത്.
70 വര്‍ഷം കൊണ്ട് ഈ മേളയ്ക്ക് വന്ന മാറ്റം അമ്പരപ്പിക്കുന്നതാണ്. 56ല്‍ 200 ആയിരുന്ന മത്സരാര്‍ത്ഥികള്‍ ഇന്ന് 14,000ലധികമായിരിക്കുന്നു. ഒരു പരാതിക്കും ഇട നല്‍കാതെയാണ് ഇപ്പോള്‍ കുറേ വര്‍ഷങ്ങളായി കലോത്സവം നടക്കുന്നത്.
ഇത്തവണയും അത് അങ്ങനെയാകാന്‍ എല്ലാവരുടെയും സഹകരമണുണ്ടാകണമെന്നാണ് സ്വാഗത പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചത്. അതുണ്ടാകും എന്ന പ്രതീക്ഷിക്കുന്നു.
മനുഷ്യന് കിട്ടിയ അത്ഭുതകരമായ സിദ്ധിയാണ് കല. അത് പ്രകടിപ്പിക്കുന്നവരെയും ആസ്വദിക്കുന്നവരെയും ഒരുപോലെ ആനന്ദിപ്പിക്കുന്നു. ആനന്ദം സൃഷ്ടിക്കുകയാണ കരാലാകാരന്‍ ചെയ്യുന്നത്.
ചിത്രകാരന്‍ വരയും വര്‍ണങ്ങളും കൊണ്ട് ആനന്ദം സൃഷ്ടിക്കുന്നു. ഗായകന്‍ സ്വരം കൊണ്ടാണ് അത് ചെയ്യുന്നത്. അഭിനേതാക്കള്‍ ശരീരം കൊണ്ടും ശബ്ദം കൊണ്ടും മുഖഭാവം കൊണ്ടും അത് സൃഷ്ടിക്കുകയാണ്. ആത്യന്തികമായി ഇവരെല്ലാവരും ആനന്ദാനുഭൂതി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ ആനന്ദാനുഭവം സൃഷ്ടിക്കുക മാത്രമല്ല കലയുടെ ധര്‍മം. പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് ഞെട്ടിച്ചുണര്‍ത്തുന്നതുകൂടിയാകണം കലയുടെ ധര്‍മം. സാമൂഹിക വ്യവസ്ഥിതി പൊളിച്ചെഴുന്നതില്‍ കല വഹിച്ച പങ്ക് ചരിത്രത്തില്‍ നിന്ന് നമുക്ക് മനസിലാക്കാനാകും.
ആദിമ കാലം മുതല്‍ മനുഷ്യര്‍ കലാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അത് മത്സരത്തിനോ സമ്മാനത്തിനോ വേണ്ടിയായിരുന്നില്ല, ഉള്ളിലെ കഴിവ് സ്വയം അറിയാതെ ആവിഷ്‌കരിക്കുകയായിരുന്നു. അങ്ങനെയാണ് പ്രാചീന ഗുഹാചിത്രങ്ങളുണ്ടായത്. നാടന്‍ പാട്ടും നാടന്‍ കലകളും ഉണ്ടായത്.
അവതാരകരും പ്രേക്ഷകരും എന്ന വേര്‍തിരിവ് അന്നുണ്ടായിരുന്നില്ല. എല്ലാവരും എല്ലാത്തിലും പങ്കാളികളായിരുന്നു. ഒരു കാലത്ത് പല കലകളും ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ ഉള്ളില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്നു. ജാതി, ജന്മി, നാടുവാഴിത്ത കാലത്ത് ആളുകള്‍ വ്യത്യസ്ത കൂട്ടങ്ങളായാണ് ജീവിച്ചിരുന്നത്.
അവര്‍ മറ്റ് ജാതിക്കാരുമായോ മതക്കാരുമായോ അവര്‍ ഇടകലര്‍ന്നിരുന്നില്ല. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അവരെ തമ്മില്‍ അകറ്റുന്ന നിലയുണ്ടായിരുന്നു. അതുകൊണ്ട് കലകളും അതത് സമുദായങ്ങളില്‍ ഒതുങ്ങി.
ഫ്യൂഡലിസം അവസാനിച്ച് ജനാധിപത്യത്തില്‍ അതിഷ്ഠിതമായ പുതിയ കാലം പിറന്നതോടെ കലകളുടെ സ്വഭാവത്തില്‍ മാറ്റം വന്നു. എല്ലാ കലകളും എല്ലാവരുടൈയുമായി മാറി. കല മതനിപേക്ഷതയും ജനാധിപത്യവും ജീവിതത്തിലേക്ക് കൊണ്ടുവന്നു. ഇതിന് ഏറ്റവുമധികം സഹായകമായത് സ്‌കൂള്‍ കലോത്സവങ്ങളാണ്.
ഓരോ കാലത്തും ഏറ്റവും മികച്ച ചില കലാകാരന്‍മാര്‍ക്ക് പോലും അവരുടെ ജാതിയും മതവും പ്രശ്‌നമായി വന്നു. തൃശൂര്‍ ജില്ലക്കാരനായ വലിയൊരു ഗായകനായിരുന്നല്ലോ കലാമണ്ഡലം ഹൈദരലി. കാലാമണ്ഡലത്തില്‍ ചേര്‍ന്ന് അദ്ദേഹം കഥകളി സംഗീതം പഠിച്ചു. കഥകളി ഹിന്ദുക്കളുടെ, പ്രത്യേകിച്ച് സവര്‍ണ ഹിന്ദുക്കളുടെ കലയാണെന്ന് കരുതിയ ചില യാഥാസ്ഥിതികര്‍ അദ്ദേഹത്തെ വിലക്കാന്‍ ശ്രമിച്ചു.
കഥകളി ക്ഷേത്രങ്ങളിലാണല്ലോ പ്രധാനമായും അവതരിപ്പിച്ചിരുന്നത്. ചില ക്ഷേത്ര കമ്മിറ്റിക്കാര്‍ അന്യമതസ്ഥന്‍ എന്നാരോപിച്ച് അദ്ദേഹത്തെ അകത്തുകയറ്റിയില്ല. ഒരിടത്ത് കഥകളി നടന്‍മാര്‍ മതിലികനത്ത് സ്റ്റേജില്‍ ആടുമ്പോള്‍, പാട്ടുകാരനായ ഹൈദരലിക്കായി മതിലിന്റെ ഒരു ഭാഗം പൊളിച്ച് മതിലിന് പുറത്തായി പാടാന്‍ പ്രത്യേകം ഇടമൊരുക്കുകയുണ്ടായി. തന്റെ ആത്മകഥയില്‍ ഇക്കാര്യം അദ്ദേഹം സങ്കടത്തോടെ വിവരിക്കുന്നുണ്ട്.
ദൈവത്തിന്റെ പാട്ടുകളാണ് കഥകളി പദങ്ങളായി അദ്ദേഹം പാടിയിരുന്നത്. അദ്ദേഹം നല്ല ഭക്തനുമായിരുന്നു. തന്റേതല്ലാത്ത കാരണത്താല്‍ മറ്റൊരു മതത്തില്‍ പിറന്നുപോയതിന്റെ പേരില്‍ അപമാനിതനാകുന്നത് ഒരു ജനാധിപത്യ സമൂഹത്തില്‍ അംഗീകരിക്കാന്‍ കഴിയില്ല.
അതേസമനയം, നിരവധി ക്ഷേത്രങ്ങളെ അദ്ദേഹത്തെ സന്തോഷത്തോടെ പാടാന്‍ അകത്ത് കയറ്റിയിട്ടുമുണ്ട്. കാശി വിശ്വനാഥ ക്ഷേത്രത്തിനകത്ത് വെച്ച് ഉസ്താദ് ബിസ്മില്ല ഖാന്‍ ഷഹനായ് വായിച്ച കാര്യം ഹൈദരാലി എടുത്ത് പറഞ്ഞിരുന്നു. കലാകാരന്‍മാരെ മതത്തിന്റെ കണ്ണില്‍ കാണാതെ കലാകാരന്‍മാരായി മാത്രം കാണുക. കലയാണ് അവരുടെ മതം എന്ന് കണക്കാക്കുക.
കേരളത്തില്‍ ഏറ്റവുമധികം പേര്‍ ഏറ്റുപാടിയ മാപ്പിളപ്പാട്ട് നീലക്കുയില്‍ എന്ന സിനിമയിലെ ‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വല കിലുക്കിയ സുന്ദരി’ എന്ന് തുടങ്ങുന്ന പാട്ടായിരിക്കും. ഇതെഴുതിയത് തൃശൂര്‍കാരനായ പി. ഭാസ്‌കരന്‍ മാഷാണ്. സംഗീതം നല്‍കി, പാടിയതാകട്ടെ കെ. രാഘവന്‍ മാഷും. ഒരുകാലത്ത് മുസ്‌ലിങ്ങല്‍ മാത്രം പാടിയിരുന്ന മാപ്പിളപ്പാട്ട് ശീലിലുള്ള ഗാനത്തെയാണ് മുസ്‌ലിങ്ങളല്ലാത്ത ഇവര്‍ ജനകീയമാക്കിയത്.
സിനിമയില്‍ ഏറ്റവുമധികം മാപ്പിളപ്പാട്ട് രചിച്ചത് ഭാസ്‌കരന്‍ മാഷും ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ചത് വയലാറുമാണ്. മറ്റ് മതക്കാരുടെ ഉള്ളില്‍ അനുഭൂതികള്‍ സ്വാംശീകരിക്കാനുശള്ള വിശാല മനസാണ് നമ്മെ പരിഷ്‌കൃതരും സമ്പന്നരുമാക്കുന്ത്.
കലയെ മതത്തിന്റെ കള്ളിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ ഇക്കാലത്തുമുണ്ട്. മുസ്‌ലിങ്ങള്‍ ഭരതനാട്യം കളിക്കരുതെന്നും ഹിന്ദുക്കള്‍ ഒപ്പനയില്‍ പങ്കെടുക്കരുതെന്നും പറഞ്ഞ് കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നത് നാം കണ്ടതാണ്.
നമ്മുടെ രാജ്യത്ത കുട്ടികളുടെ ക്രിസ്തുമസ് കരോളിന് പോലും ആക്രമണം നടത്തുന്നത് നാം കണ്ടു. ചിലയിടങ്ങളില്‍ ക്രിസ്തുമസിന്റെ അവധി എടുത്തുകളഞ്ഞ കാര്യവും നമ്മുടെ ശ്രദ്ധയിലുള്ളതാണ്.
എവിടെയും മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ വര്‍ഗീയ വാദികള്‍ ശ്രമിക്കും. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പോലും ജാനകിയെന്നും സീതയെന്നും മറ്റും പേരിടാന്‍ സമ്മതിക്കാത്ത നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. സമാധാനവും സന്തോഷവും ഇല്ലാതാക്കുന്ന ഇത്തരം കലാപകാരികളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള നല്ലൊരു ആയുധം കൂടിയാണ് കല.
അവരുടെ തിട്ടൂരങ്ങള്‍ കാറ്റില്‍ പറത്തി പുതുതലമുറയിലെ പ്രതിഭാ ശാലികളായ നിങ്ങള്‍ ജാതിയോ മതമോ നോക്കാതെ കലകള്‍ അവതരിപ്പിക്കുക. കഥകളിയും മാപ്പിളപ്പാട്ടും ഒപ്പനയും മാര്‍ഗംകളിയും എല്ലാം എല്ലാ മതത്തിലും പെട്ട കുട്ടികള്‍ ഒന്നിച്ചവതരിപ്പിക്കുന്ന നാട് എന്ന പ്രത്യേകത നമുക്കുണ്ട്, കേരളത്തിന്റെ മഹത്തായ സംസ്‌കാരത്തിന്റെ ഭാഗമാണിത്. എക്കാലവും നമുക്കത് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണം.
മനുഷ്യരെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും മനസുകളെ ഒന്നിപ്പിക്കുന്ന കലയെ ഉയര്‍ത്തിപ്പിടിക്കാനും നിങ്ങള്‍ക്ക് സാധിക്കട്ടെ. ഈ സ്‌കൂള്‍ കലോത്സവത്തിന്റെ സന്ദേശം അതായിരിക്കട്ടെ.
കലാമേളകളില്‍ പങ്കെടുക്കുക എന്നതാണ് പ്രധാനം. സമ്മാനം കിട്ടുകയോ കിട്ടാതിരിക്കുകയോ ആവാം. പങ്കെടുക്കാന്‍ കഴിയുന്നു എന്നതിലാണ് സന്തോഷിക്കേണ്ടത്. അതിന്റെ ഭംഗിയെ, മത്സരബുദ്ധിയെ കെടുത്താതെ നോക്കണം.
കുട്ടികളുടെ മാറ്റുരയ്ക്കലില്‍ രക്ഷാകര്‍ത്താക്കള്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ അവരുടേതായ ലോകത്ത് വിഹരിക്കട്ടെ.
കലോത്സവങ്ങളില്‍ ഒന്നാം സമ്മാനം നേടിയവര്‍ മാത്രമല്ല, പില്‍ക്കാലത്ത് കലാരംഗത്ത് മഹാപ്രതിഭകളായി വളര്‍ന്നിട്ടുള്ളത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചവരും ഒന്നും ലഭിക്കാതിരുന്നവരും വലിയ പ്രതിഭകളായി പില്‍ക്കാലത്ത് ഉയര്‍ന്നുവന്ന ചരിത്രമാണ് ഇവിടെയുള്ളത്. അതായത് ഒരു മത്സരം ഒരാളുടെയും കഴിവിന്റെ ആത്യന്തികമായ ഉരകല്ലല്ല.
കലയുടെ വലിയൊരു പ്രത്യേകത അതിന്റെ ആസ്വാദനം വ്യക്തിനിഷ്ഠമാണ് എന്നതാണ്. ഒരാള്‍ക്ക് മികച്ചത് എന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് മികച്ചതാണെന്ന് തോന്നണമെന്നില്ല. ഒരാള്‍ക്ക് മോശമെന്ന തോന്നുന്നത് മറ്റൊരാള്‍ക്ക് മികച്ചതെന്ന് തോന്നുകയും ചെയ്യാം. ജൂറിയുടെ തീര്‍പ്പിനെ ഈ മനോഭാവത്തോടെ വേണം കാണാന്‍. പ്രകടമായ ഏതെങ്കലും ക്രമക്കേട് എവിടെയെങ്കിലമുണ്ടായാല്‍ അത് അപ്പീല്‍ വഴി പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
മത്സരിക്കുന്നത് കുട്ടികളാണ്, രക്ഷിതാക്കളല്ല. ആ ഓര്‍മ വേണമെന്നതാണ് പൊതുവെ അഭ്യര്‍ത്ഥിക്കാനുള്ളത്. കുഞ്ഞുങ്ങളുടേത് ശുദ്ധമായ മനസാണ്. അതിലേക്ക് കാലുഷ്യത്തിന്റെ കണിക പോലും കടക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.
നല്ല മനുഷ്യരാക്കുക എന്നതാണ് കലയുടെ ധര്‍മം. ആ കലയെ മറിച്ച് എന്തിനെങ്കിലുമായി ഉപയോഗിച്ചുകൂടാ. ഈ കാര്യം ഓര്‍മിപ്പിച്ചുകൊണ്ടും ഇവിടെ വിവധ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം ഭാസുരമായ ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ടും 64ാം കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവം എല്ലാവരുടെയും അനുമതിയോടെ നിറഞ്ഞ സന്തോഷത്തോടെ ഉദ്ഘാടനം ചെയ്തതായി അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
Content Highlight: Full text of the Chief Minister’s speech at the inauguration of the State School Kalolsavam