‘ചരിത്രം വേണ്ടത്ര നീതി നല്‍കിയിട്ടില്ലാത്ത കേരളത്തിന്റെ നവോത്ഥാന നായകന്‍’ ഡോ. ടി.കെ. മാധവനെഴുതിയ ജീവചരിത്രത്തെ അധികരിച്ച് എം.കെ. സാനു എഴുതിയ പുസ്തകത്തിന്റെ ആമുഖത്തില്‍ ഡോ. പല്‍പുവിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഡോ. പല്‍പുവിനെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായാണ് ഈ പുസ്തകത്തെ കരുതുന്നത്.
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സ്ഥാപകനായിരുന്ന അദ്ദേഹത്തെ കുറിച്ചുള്ള രേഖകള്‍ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ഓഫീസുകളില്‍ പോലും ലഭ്യമല്ല എന്നാണ് ആ പുസ്തകത്തില്‍ പറയുന്നത്. മദ്രാസ് പ്രസിഡന്‍സിയുടെ രാഷ്ട്രീയ നടപടികളിലും ന്യൂദല്‍ഹിയിലെ ആര്‍കൈവ്‌സിലുമാണ് കുറച്ചെങ്കിലും രേഖകള്‍ അവശേഷിച്ചിട്ടുള്ളത്.
ഡോ. പല്‍പു. Photo: Wikipedia
ഡോ. പല്‍പുവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സാധാരണയായി ആരംഭിക്കുന്നത് ശ്രീനാരായണ പ്രസ്ഥാനങ്ങളോടും ഈഴവ മെമ്മോറിയലിനോടുമുള്ള അദ്ദേഹത്തിന്റെ ബന്ധം എടുത്തുപറഞ്ഞുകൊണ്ടാണ്. എന്നാല്‍ ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെടുന്നതിന് വളരെ മുന്‍പ് തന്നെ പ്രാതിനിധ്യ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ പ്രകടമായിരുന്നു.
1884ല്‍ തന്നെ അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരുന്നു. അക്കാലത്ത്, ചേര്‍ത്തലയിലെ ചില ഈഴവ പ്രമുഖര്‍ അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാരിന് നല്‍കിയ നിവേദനത്തിന്റെ പിന്നിലെ മുഖ്യ ശില്‍പിയും ഡോ. പല്‍പു തന്നെയായിരുന്നു. ഈ നിവേദനം പിന്നോക്ക സമുദായങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ ആദ്യകാല ശ്രമങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.
പിന്നീട്, 1891-ല്‍ നടന്ന ചരിത്രപ്രധാനമായ മലയാളി മെമ്മോറിയലിലും അദ്ദേഹം സജീവ പങ്കാളിയായി. തിരുവിതാംകൂര്‍ സര്‍വീസുകളിലെ ബ്രാഹ്‌മണ ആധിപത്യത്തിനെതിരായി മറ്റ് സമൂഹങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് അന്നത്തെ ദിവാന് സമര്‍പ്പിച്ച നിവേദനമായിരുന്നു മലയാളി മെമ്മോറിയല്‍. ഈ നിവേദനത്തില്‍ ഡോ. പല്‍പു മൂന്നാം പേരുകാരനായി ഒപ്പിട്ടു.
മലയാളി മെമ്മോറിയലിന്റെ കൊല്ലം ജില്ലയിലെ കേന്ദ്ര ബിന്ദുവായ മലയാളി സഭ ഹാൾ. പിന്നീട് മലയാളി സഭ സ്കൂളായി. Photo: Wikipedia
താന്‍ പ്രതിനിധാനം ചെയ്തിരുന്ന സമുദായത്തില്‍ അന്ന് വിദ്യാസമ്പന്നരായവര്‍, പ്രത്യേകിച്ച് ബിരുദധാരികള്‍, ഒന്നോ രണ്ടോ പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ സമുദായത്തിന് അത്ര പ്രാധാന്യമില്ലെങ്കില്‍ പോലും, പ്രാതിനിധ്യത്തിനു വേണ്ടിയുള്ള വലിയ പോരാട്ടത്തില്‍ പങ്കാളിയാവുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം മലയാളി മെമ്മോറിയലില്‍ ഒപ്പിട്ടത്.
മലയാളി മെമ്മോറിയല്‍ എന്ന പേരില്‍ പതിനായിരത്തിലധികം പേര്‍ ഒപ്പിട്ട നിവേദനത്തോട് അന്നത്തെ തിരുവിതാംകൂര്‍ ദിവാന് എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും, ഒരു പിന്നോക്ക സമുദായക്കാരനായ ഡോ. പല്‍പു അതില്‍ ഒപ്പിട്ടുവെന്നതായിരുന്നു അദ്ദേഹത്തെ കൂടുതല്‍ ചൊടിപ്പിച്ചത്.
ദിവാന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. അതില്‍ പറഞ്ഞിരുന്നത് ഇപ്രകാരമായിരുന്നു:
‘ഇതില്‍ ഒപ്പിട്ടിരിക്കുന്ന ഒരു സമുദായക്കാര്‍ ഈ നിവേദനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അവര്‍ക്ക് തങ്ങളുടെ കുലത്തൊഴിലായ കയര്‍ നെയ്ത്ത്, ചെത്തുതൊഴില്‍, കാര്‍ഷികവൃത്തി എന്നിവയില്‍ സംതൃപ്തരായി കഴിഞ്ഞാല്‍ പോരെ? അവര്‍ക്ക് നേരിട്ട് പ്രാതിനിധ്യമില്ലാത്ത, അവകാശം ലഭിക്കരുതാത്ത ഒരു കാര്യത്തില്‍ അവര്‍ പങ്കാളികളായിയത് യഥാര്‍ത്ഥത്തില്‍ ആകര്‍ഷിക്കപ്പെട്ടതിനാലാണ്.’
അവകാശമില്ലാത്ത ഒരുകാര്യം ആഗ്രഹിച്ചതിനാല്‍ ‘ആകര്‍ഷിക്കപ്പെട്ടു’ എന്ന വാക്കാണ് ദിവാന്‍ പ്രധാനമായും ഉപയോഗിച്ചത്. ‘ധര്‍മ്മരാജ്യം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു രാജ്യത്തില്‍, പിന്നോക്ക സമുദായക്കാര്‍ക്ക് അവരുടെ കുലത്തൊഴിലുകളിലൊതുങ്ങി സംതൃപ്തരാകാനുള്ള ഉത്തരവ് നല്‍കിക്കൊണ്ട്, ഭരണകാര്യങ്ങളില്‍ പ്രാതിനിധ്യമില്ലെന്നും അവര്‍ക്കതില്‍ അവകാശമില്ലെന്നും ഈ മറുപടിയിലൂടെ സ്ഥാപിക്കുകയായിരുന്നു.
മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, 1896ലാണ് ഡോക്ടര്‍ പല്‍പു ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കുന്നത്. മലയാളി മെമ്മോറിയലില്‍ പതിനായിരത്തില്‍ പരം ആളുകളാണ് ഒപ്പിട്ടതെങ്കില്‍, ഈഴവ മെമ്മോറിയലില്‍ 13,126 പേര്‍ ഒപ്പിട്ടു. മലയാളി മെമ്മോറിയലില്‍ ഒപ്പുവെച്ചതിനേക്കാള്‍ ഏകദേശം 3,000 അധികം ആളുകളെ സംഘടിപ്പിക്കാന്‍ ഡോ. പല്‍പുവിനു സാധിച്ചു.
ഡോ. പല്‍പു. Photo: യോഗനാദം/yoganadam.in
ഇതിലൂടെ തങ്ങള്‍ അവകാശമുള്ള ഒരു സമൂഹമാണെന്നും, മുന്‍പ് നേരിട്ട അവഗണനയുടെ അപമാനബോധം പേറി നീതി നേടിയെടുക്കണമെന്നുമുള്ള ശക്തമായ ചിന്തയാണ് ഈഴവ മെമ്മോറിയലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.
ഡോ. പല്‍പുവിന്റെ വാദമുഖങ്ങള്‍ ജനസംഖ്യാപരമായ കണക്കുകളിലും പ്രാതിനിധ്യത്തിലൂന്നിയ അവകാശവാദങ്ങളിലുമാണ് പ്രധാനമായും ശ്രദ്ധ ചെലുത്തിയത്.
ഈഴവ മെമ്മോറിയലില്‍ ഒപ്പിട്ട 13,126 പേരില്‍ 5,500 പേര്‍ കരം കൊടുക്കുന്നവരായിരുന്നു. 4,000ത്തോളം ആളുകള്‍ കരം കൊടുക്കാത്തവരും, ബാക്കിയുള്ളവരുടെ നികുതി നില വ്യക്തമല്ലാത്തതുമായിരുന്നു. ഈഴവ സമുദായം തിരുവിതാംകൂറിലെ ജനസംഖ്യയുടെ നാലിലൊന്നോളം വരുമെന്നും, അതായത് ഏകദേശം അഞ്ചു ലക്ഷത്തോളം ആളുകള്‍ ഉണ്ടെന്നും നിവേദനത്തില്‍ കൃത്യമായി ചൂണ്ടിക്കാട്ടി.
തങ്ങള്‍ക്ക് വലിയൊരു പാരമ്പര്യമുണ്ടെന്നും, വിദ്യാഭ്യാസത്തിലും സമൂഹം മുന്നോട്ട് പോവുകയാണെന്നും ഡോ. പല്‍പു വാദിച്ചു. 1875-ല്‍ സമുദായത്തില്‍ നൂറില്‍ മൂന്ന് പേര്‍ മാത്രമായിരുന്നു വിദ്യാഭ്യാസം നേടിയതെങ്കില്‍, 1895-96 ആയപ്പോഴേക്കും അത് നൂറില്‍ 12 പേരായി വര്‍ധിച്ചു. അതുകൊണ്ട് തന്നെ, ഉത്കര്‍ഷേച്ഛയുള്ള ഒരു സമൂഹമാണ് തങ്ങളെന്നും, തങ്ങള്‍ക്ക് അര്‍ഹിച്ച പ്രാതിനിധ്യം ലഭിക്കണമെന്നും മെമ്മോറിയലില്‍ ശക്തമായി ആവശ്യപ്പെട്ടു.
ഈ അവകാശവാദങ്ങള്‍ക്കൊപ്പം, രാജകുടുംബം നല്‍കിയ ചില നിരാകരണ കത്തുകളും മറുപടികളും തെളിവായി അദ്ദേഹം നിവേദനത്തോടൊപ്പം ചേര്‍ത്തിരുന്നു. പിന്നോക്ക സമുദായങ്ങളില്‍ നിന്ന് ആദ്യമായി ബിരുദം നേടിയ വ്യക്തിയും പല്‍പുവിന്റെ സഹോദരനുമായ പി. വേലായുധനെക്കുറിച്ചുള്ള രേഖകളായിരുന്നു അതിലൊന്ന്.
ഡോ. പല്‍പുവിന് എം.ബി.ബി.എസിന് പ്രവേശനം ലഭിക്കാതിരുന്നതുപോലെ, വേലായുധനും തിരുവിതാംകൂറില്‍ ജോലി ലഭിച്ചിരുന്നില്ല. മൈസൂര്‍ സര്‍ക്കാരിന്റെ കീഴില്‍ രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫീസില്‍ ക്ലര്‍ക്കായി ജോലി ലഭിച്ചെങ്കിലും, വേലായുധന്‍ സ്ഥിരമായി തിരുവിതാംകൂര്‍ സര്‍ക്കാരിന് ജോലി ആവശ്യപ്പെട്ട് കത്തെഴുതുമായിരുന്നു.
എന്നാല്‍, ധര്‍മ്മരാജ്യം എന്ന് വിളിക്കപ്പെടുന്ന തിരുവിതാംകൂര്‍ രാജാവിനും ദിവാന്നും വേലായുധന്‍ എഴുതിയ കത്തുകള്‍ക്കെല്ലാം ലഭിച്ചിരുന്ന മറുപടി ഒന്നായിരുന്നു:
‘ഈ രാജ്യത്തിന്റെ പാരമ്പര്യ സ്വഭാവമനുസരിച്ച് പൂര്‍വാചാരപ്രകാരം നിങ്ങളുടെ സമുദായത്തിന് ഇവിടെ പ്രാതിനിധ്യം നല്‍കാന്‍ പറ്റില്ല. അതുകൊണ്ട് നിരസിക്കപ്പെടുന്നു.’
ഈ നിരസിക്കപ്പെട്ട രേഖകളെല്ലാം ഡോ. പല്‍പു സൂക്ഷിച്ചു വച്ചിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണത്തിന്‍ കീഴിലുള്ള മൈസൂര്‍ രാജ്യത്ത് (മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗം) ഒരു പിന്നോക്കക്കാരന് ജോലി ലഭിക്കുമ്പോള്‍, സ്വന്തം നാടായ തിരുവിതാംകൂറില്‍ ‘പൂര്‍വാചാരപ്രകാരം’ ജോലി നിഷേധിക്കപ്പെടുന്നതിന്റെ തെളിവായി ഈ കത്തുകള്‍ ഈഴവ മെമ്മോറിയലിനൊപ്പം ചേര്‍ത്തു. ഈ രേഖകള്‍, സാമൂഹിക നീതിക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തില്‍ നിര്‍ണായകമായ തെളിവുകളായിരുന്നു.
ഡോ. പല്‍പു. Photo: ഗുരു ദർശനം – ഗുരു പാദംതേടി/Facebook.com
പി. വേലായുധനെ കൂടാതെ, എം. ഗോവിന്ദന്‍ എന്ന വ്യക്തിയുടെ കത്തുകളും ഈഴവ മെമ്മോറിയലിനൊപ്പം തെളിവായി അദ്ദേഹം സമര്‍പ്പിച്ചിരുന്നു. ജുഡീഷ്യല്‍ സര്‍വീസിലെ പ്രാതിനിധ്യമായിരുന്നു എം. ഗോവിന്ദന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഗോവിന്ദന്‍ കത്ത് നല്‍കുമ്പോഴെല്ലാം ലഭിച്ച മറുപടി ഒന്ന് മാത്രമായിരുന്നു: ‘പൂര്‍വാചാരപ്രകാരം ഇവിടെ ഈ സര്‍വീസില്‍ നിങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ മാര്‍ഗമില്ല.’
13,000ത്തിലധികം ആളുകള്‍ ഒപ്പിട്ട ഈ നിവേദനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹമത് സമര്‍പ്പിക്കുന്നത്. ഒപ്പം മൈസൂര്‍ സര്‍ക്കാരിലെ തന്റെ ഉദ്യോഗസ്ഥ പദവി കൂടി അദ്ദേഹം നിവേദനത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഈഴവ മെമ്മോറിയലിനെതിരെ എന്ത് നിയമനടപടി സ്വീകരിക്കാനുണ്ടെങ്കിലും അതിന് താനാണ് ഉത്തരവാദിയെന്നാണ് അദ്ദേഹം പറയാതെ പറഞ്ഞത്.
എന്നാല്‍, ആദ്യ നിവേദനത്തിന് യാതൊരു മറുപടിയും ദിവാന്‍ നല്‍കിയില്ല. തുടര്‍ന്ന് റിമൈന്‍ഡര്‍ അയച്ചെങ്കിലും അതിനും മറുപടി ലഭിച്ചില്ല.
ധര്‍മ്മരാജ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരുവിതാംകൂര്‍ രാജവംശമോ ദിവാനോ ഈ കത്തുകള്‍ക്ക് മറുപടി നല്‍കാന്‍ പോലും തയ്യാറല്ലായിരുന്നു. പിന്നീട്, ചിലരുടെയൊക്കെ ശുപാര്‍ശയുടെ പിന്‍ബലത്തില്‍ ഡോ. പല്‍പുവിന് ദിവാനുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചു.
ഈ കൂടിക്കാഴ്ചയില്‍, ദിവാന്‍ ഡോക്ടര്‍ പല്‍പുവിന്റെ വാദങ്ങളെല്ലാം അംഗീകരിക്കുന്ന മട്ടില്‍ വളരെ മനോഹരമായ ഭാഷയില്‍ സംസാരിച്ചു. നിങ്ങളുടെ സമുദായത്തിന് ഉത്കര്‍ഷേച്ഛയുണ്ടെന്നും, നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം ശരിയാണെന്നും അദ്ദേഹം സമ്മതിച്ചു.
എങ്കിലും, ജോലി നല്‍കുന്നതിനോ വിദ്യാഭ്യാസം അനുവദിക്കുന്നതിനോ ഉള്ള ദിവാന്റെ എതിര്‍പ്പിനുള്ള കാരണം വിചിത്രമായിരുന്നു. ഈഴവരെ പഠിപ്പിക്കാന്‍ വിട്ടാല്‍ മറ്റ് സമുദായക്കാര്‍ ആ സ്‌കൂളുകളില്‍ കയറില്ലെന്നും, ജോലി നല്‍കിയാല്‍ ഇവിടുത്തെ ഭൂരിപക്ഷം വരുന്ന ജനത അതിനെതിരാണെന്നും അദ്ദേഹം വാദിച്ചു.
അതുകൊണ്ട്, ‘പൂര്‍വാചാരപ്രകാരവും ജനാഭിലാഷ പ്രകാരവും’ നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം മനോഹരമായി മറുപടി നല്‍കി. അതോടൊപ്പം, ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ദിവാന്‍ ഉറപ്പുനല്‍കി. എന്നാല്‍ തുടര്‍ന്നും പല്‍പു തന്റെ പോരാട്ടം തുടരുകയായിരുന്നു.
ബാരിസ്റ്റര്‍ ജി.പി. പിള്ളയുമായി ഡോക്ടര്‍ പല്‍പുവിന് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ജി.പി. പിള്ളയെ ലണ്ടനിലേക്ക് അയച്ചതും അതിനുള്ള സാമ്പത്തിക സഹായവും മറ്റ് സാഹചര്യങ്ങളും ഒരുക്കിയതും അദ്ദേഹം തന്നെയായിരുന്നു.
ബാരിസ്റ്റര്‍ ജി.പി. പിള്ള. Photo: Wikidata
ഈ ഉദ്യമത്തിനായി അദ്ദേഹം സ്വാമി വിവേകാനന്ദനെ കാണുകയും ചെയ്തു. സ്വാമി വിവേകാനന്ദന്‍, അക്കാലത്ത് ലണ്ടനിലുണ്ടായിരുന്ന തന്റെ ശിഷ്യയായ സിസ്റ്റര്‍ നിവേദിതയ്ക്ക് ജി.പി. പിള്ളയെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു കത്ത് നല്‍കി.
മലയാളി മെമ്മോറിയലിന്റെ ശില്പിയും മികച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവുമാണ് ഇദ്ദേഹമെന്നും, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഒരു വിഷയം ഉന്നയിക്കുന്നതിനായി അദ്ദേഹത്തെ സഹായിക്കണമെന്നും സ്വാമി വിവേകാനന്ദന്‍ കത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
സിസ്റ്റര്‍ നിവേദിത. Photo: Wikipedia
സിസ്റ്റര്‍ നിവേദിത ഈ കത്ത് വായിച്ച ശേഷം, ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായിരുന്ന ഹെര്‍ബര്‍ട്ട് റോബര്‍ട്ട്സിന് ജി.പി. പിള്ളയെ പരിചയപ്പെടുത്തി. ഈ ഇടപെടലുകളുടെ ഫലമായി, ജി.പി. പിള്ള തിരുവിതാംകൂറിലെ തീയന്മാരുടെ (ഈഴവ സമുദായം) വിഷയങ്ങള്‍ ഹെര്‍ബര്‍ട്ട് റോബര്‍ട്ട്സിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
തുടര്‍ന്ന്, ഹെര്‍ബര്‍ട്ട് റോബര്‍ട്ട്സ് ഈ വിഷയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിക്കുകയുണ്ടായി. തിരുവിതാംകൂറില്‍ അഞ്ചു ലക്ഷത്തോളം വരുന്ന ജനസമൂഹമാണ് തീയന്മാരെന്നും, ബ്രിട്ടീഷ് ഭരണം നിലനില്‍ക്കുന്ന ഒരിടത്ത് പോലും എം.ബി.ബി.എസ് ബിരുദം നേടിയ ആള്‍ക്ക് തൊഴിലില്ലെന്നും, മറ്റു ബിരുദധാരികള്‍ക്ക് ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശനം നല്‍കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിച്ച ഈ ചോദ്യം പിന്നീട് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വൈസ്രോയി ലോര്‍ഡ് കഴ്സണ്‍ കേരളത്തില്‍ വരുമ്പോഴും തിരുവിതാംകൂര്‍ ഭരണകൂടത്തിന്റെ മുന്നില്‍ വീണ്ടും ചോദ്യമായി എത്തി. സ്വയം ‘ധര്‍മ്മരാജ്യം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരിടത്ത്, ജാതിയുടെ പേരില്‍ ബിരുദധാരികള്‍ക്ക് പോലും ജോലി നിഷേധിക്കപ്പെടുന്നു എന്നത് തിരുവിതാംകൂര്‍ ഭരണത്തിന് വലിയ അപമാനമായി മാറി.
സ്ഥിതിഗതികള്‍ ഗുരുതരമായപ്പോള്‍, തിരുവിതാംകൂര്‍ ദിവാനായിരുന്ന ശങ്കര സുബ്ബയ്യര്‍ മൈസൂരിലെ ദിവാനായിരുന്ന ശേഷാദ്രി അയ്യരെ നേരില്‍ കണ്ട്, ഈ പല്‍പു വലിയ ഉപദ്രവമായി മാറിയിരിക്കുന്നു എന്നും, അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഇത്തരം പ്രതിബന്ധങ്ങളെയും കഠിനാധ്വാനത്തെയും അതിജീവിച്ചാണ് ഡോക്ടര്‍ പല്‍പു തന്റെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോയത്.
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലും ഡോക്ടര്‍ പല്‍പുവിന്റെ കഠിനാധ്വാനം വ്യക്തമായി കാണാം. സ്വാമി വിവേകാനന്ദനുമായുള്ള കൂടിക്കാഴ്ചയില്‍, നിസ്വാര്‍ത്ഥനും സാത്വികനുമായ ഒരു ആത്മീയ ആചാര്യന്റെ പിന്‍ബലമുണ്ടെങ്കില്‍ ഒരു സാമൂഹ്യ പ്രസ്ഥാനം കെട്ടിപ്പടുക്കാനും സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാനും സാധിക്കുമെന്ന് അദ്ദേഹം ഉപദേശിച്ചു. ഇതാണ് ശ്രീനാരായണ ഗുരുദേവനെ കാണാന്‍ ഡോ. പല്‍പുവിനെ പ്രേരിപ്പിച്ചത്.
1888ലെ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം ഗുരു അവിടെ താമസിക്കുകയും അരുവിപ്പുറം യോഗം രൂപീകരിക്കുകയും ചെയ്ത സമയത്താണ് ഡോക്ടര്‍ പല്‍പു എം. ഗോവിന്ദനൊപ്പം അവിടം സന്ദര്‍ശിക്കുന്നത്.
കാര്യങ്ങള്‍ ഗുരുവിനെ ധരിപ്പിച്ചപ്പോള്‍ അദ്ദേഹം കുമാരനാശാനെ വിളിപ്പിച്ചു. കുമാരനാശാന്‍ തന്റെ ഉന്നത വിദ്യാഭ്യാസം നേടിയത് മൈസൂരിലെ ഡോക്ടര്‍ പല്‍പുവിന്റെ വീട്ടില്‍ താമസിച്ചായിരുന്നു എന്ന ചരിത്രവസ്തുതയും ഇതിനോട് ചേര്‍ത്തുവായിക്കണം.
ശ്രീനാരായണ ഗുവും കുമാരനാശാനും. Photo: SN-Online/Facebook.com
ശ്രീനാരായണ ഗുരു, കുമാരനാശാന്‍, ഡോ. പല്‍പു, എം. ഗോവിന്ദന്‍ എന്നീ നാല് പേര്‍ ചേര്‍ന്നാണ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആദ്യ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. പിന്നീട്, 1903-ല്‍ കമലാലയം ബംഗ്ലാവില്‍ വെച്ച് അരുവിപ്പുറം യോഗത്തിലെ ഭാരവാഹികളും ഈ നാല് പേരും ചേര്‍ന്ന് ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം (എസ്.എന്‍.ഡി.പി.) ഔദ്യോഗികമായി രൂപീകരിച്ചു.
ശ്രീനാരായണ ഗുരുവിനൊപ്പം കുമാരനാശാനും ഡോ. പല്‍പുവും. ഒരു ചിത്രീകരണം. Photo: ഗുരു ദർശനം – ഗുരു പാദംതേടി/Facebook.com
പഠിച്ച് ഡോക്ടറായി സാമ്പത്തിക സുരക്ഷിതത്വത്തില്‍ ഒതുങ്ങിനില്‍ക്കാതെ, താന്‍ പ്രതിനിധാനം ചെയ്ത സമൂഹത്തിനുവേണ്ടിയുള്ള പോരാട്ടം അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി എന്നത് ഡോക്ടര്‍ പല്‍പുവിന്റെ മഹത്തായ കാഴ്ചപ്പാട് വ്യക്തമാക്കുന്നു.
ഈഴവ സമുദായത്തിനുവേണ്ടി മാത്രമല്ല, പൊതുപ്രവര്‍ത്തനരംഗത്തും അദ്ദേഹം സജീവമായിരുന്നു. മൈസൂരില്‍ ജോലി ചെയ്യുമ്പോള്‍, കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട അവിടുത്തെ വലിഗര്‍ സമുദായത്തിനുവേണ്ടി വലിഗര്‍ ഫെഡറേഷന്‍ രൂപീകരിച്ചതും, അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി ‘വലിഗര്‍ പത്രിക’ എന്ന പത്രം തുടങ്ങിയതും ഡോ. പല്‍പു ആയിരുന്നു.
മൈസൂരില്‍ പ്ലേഗ് മഹാമാരി പടര്‍ന്നുപിടിച്ചപ്പോള്‍, ഡോക്ടര്‍മാര്‍ വില്‍പത്രം എഴുതി വെച്ച് ജോലി ചെയ്തിരുന്ന കാലത്ത്, ഇംഗ്ലണ്ടില്‍ ഉപരിപഠനത്തിന് അവസരം ലഭിച്ചെങ്കിലും അത് ഉപേക്ഷിച്ച് പ്ലേഗ് ദൗത്യത്തില്‍ അദ്ദേഹം പങ്കുചേര്‍ന്നു.
താന്‍ കടന്നുവന്ന ജീവിതാനുഭവങ്ങളോട് പടപൊരുതണമെന്ന് ആഗ്രഹിച്ച ഒരു നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ഡോക്ടര്‍ പല്‍പുവിന്റെ പുത്രന്‍ തന്റെ ജീവ ചരിത്രത്തില്‍ ‘എന്റെ പിതാവ് ഒരു യോദ്ധാവാണ്’ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
പോരാട്ടത്തിനായി എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച ഒരു വ്യക്തിയായിരുന്നുപല്‍പു. അയ്യങ്കാളി സാധുജന പരിപാലന യോഗം രൂപീകരിച്ചപ്പോള്‍, അദ്ദേഹം അയ്യങ്കാളിയെ നേരില്‍ ചെന്ന് കാണുകയും, ‘ഈ ചെറുപ്പക്കാരന്‍ ഊര്‍ജ്ജസ്വലനാണ്’ എന്ന് അഭിപ്രായപ്പെട്ട് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
അയ്യങ്കാളി. Photo: Pinarayi Vijayan/X.com
വക്കം മൗലവിയുമായി നടത്തിയ സംഭാഷണങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പല ദര്‍ശനങ്ങളും രൂപപ്പെട്ടത്. കൃത്യമായ സര്‍വമത സമഭാവനയോടുകൂടി സ്വന്തം സമൂഹത്തെ ഉയര്‍ത്തുന്നതിനൊപ്പം, മറ്റു സമൂഹങ്ങളുമായി ബന്ധപ്പെട്ട് അവശ ജനവിഭാഗങ്ങളെ ഉയര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്.
ഇത് തന്റെ അദ്ദേഹം ധര്‍മമായി വിലയിരുത്തി. കേരള നവോത്ഥാനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഡോ. പല്‍പുവിനെ കേരളത്തിന്റെ നവോത്ഥാന നായകനായി വിശേഷിപ്പിക്കുന്നതില്‍ സംശയമില്ല.
ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തിന് മറക്കാനാവാത്ത വ്യക്തിത്വവും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുമായിരുന്നു ഡോക്ടര്‍ ടി.എം. നായര്‍. പാലക്കാട്ടുകാരനായ ടി.എം. നായര്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ പഠിച്ച ഇ.എന്‍.ടി. സ്പെഷ്യലിസ്റ്റായിരുന്നു.
ഡോ. ടി.എം. നായരുടെ സ്മരണാര്‍ത്ഥം പുറത്തിറക്കിയ സ്റ്റാംപ്. Photo: Wikipedia
1908ലെ ലേബര്‍ കമ്മീഷന്‍ അംഗമായിരുന്ന അദ്ദേഹം ലേബര്‍ കോഡ് രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ദാദാഭായ് നവറോജിയുടെ ലണ്ടനിലെ സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന അദ്ദേഹം പഠനകാലത്ത് തന്നെ സാമൂഹ്യ പരിഷ്‌കരണങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പല സെഷനുകളിലും അദ്ദേഹം ഒരു കോണ്‍ഗ്രസ് സെഷന്റെ അധ്യക്ഷന്‍ കൂടിയായിരുന്നു.
1916-ലാണ് അദ്ദേഹം ദക്ഷിണേന്ത്യയിലെ ബ്രാഹ്‌മണാധിപത്യത്തിനെതിരായുള്ള നോണ്‍-ബ്രാഹ്‌മണിക്കല്‍ പ്രസ്ഥാനത്തിന്റെ ആദ്യരൂപമായിരുന്ന സൗത്ത് ഇന്ത്യന്‍ ലിബറല്‍ ഓര്‍ഗനൈസേഷന് രൂപം നല്‍കിയത്.
ഡോക്ടര്‍ പല്‍പുവിന്റെ തീവ്രമായ സാമൂഹിക കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്ന ഒരു ലേഖനത്തില്‍, അദ്ദേഹം പരശുരാമനെ വിശേഷിപ്പിച്ചത് ‘നോട്ടോറിയസ് മര്‍ഡറര്‍’ അഥവാ കുപ്രസിദ്ധ കൊലയാളി എന്നാണ്.
പരശുരാമന്‍ 21 തവണ ക്ഷത്രിയ നിഗ്രഹം നടത്തി എന്ന പൊതുവായ ഐതിഹ്യത്തെ അദ്ദേഹം നിഷേധിച്ചു. പരശുരാമന്‍ 21 തവണ ബുദ്ധരാജാക്കന്മാരെ നശിപ്പിക്കുകയാണ് ചെയ്തതെന്നാണ് ഡോക്ടര്‍ പല്‍പു വാദിച്ചത്. കേരളീയ സമൂഹം പഴയകാലഘട്ടത്തില്‍ ബൗദ്ധധര്‍മം നിലനിന്നിരുന്ന പ്രദേശമായിരുന്നുവെന്നും, അവിടെ സമത്വവും നീതിയും ഉണ്ടായിരുന്നുവെന്നും, ആ ബൗദ്ധസമൂഹത്തെയാണ് പരശുരാമന്‍ ഇല്ലാതാക്കി ധര്‍മ്മത്തെ പിഴുതെറിഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമാനമായ കാഴ്ചപ്പാടുകള്‍ ഡോക്ടര്‍ ടി.എം. നായര്‍ക്കും ഉണ്ടായിരുന്നു. ഇരുവരും ബ്രാഹ്‌മണ ആധിപത്യത്തിന് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചു. ഈ നോണ്‍-ബ്രാഹ്‌മണിക്കല്‍ സംഘടനയാണ് പിന്നീട് ജസ്റ്റിസ് പാര്‍ട്ടിയായി മാറിയത്.
ഡോക്ടര്‍ ടി.എം. നായര്‍ രൂപം നല്‍കിയ സൗത്ത് ഇന്ത്യന്‍ ലിബറല്‍ ഓര്‍ഗനൈസേഷന്‍ പിന്നീട് ജസ്റ്റിസ് പാര്‍ട്ടിയായി മാറിയതിന്റെ അടിസ്ഥാനം അദ്ദേഹത്തിന്റെ ‘നോണ്‍-ബ്രാഹ്‌മണിക്കല്‍ മാനിഫെസ്റ്റോ’ അഥവാ അബ്രാഹ്‌മണ വിളംബര പത്രികയായിരുന്നു. ഈ വിളംബര പത്രികയില്‍ ഇന്നത്തെ ജാതി സെന്‍സസ് ചര്‍ച്ചകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ പരാമര്‍ശങ്ങളുണ്ടായിരുന്നു.
അതായത്, ഓരോ സമൂഹങ്ങള്‍ക്കും അവരുടെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഭരണാധികാരത്തില്‍ നല്‍കേണ്ടതുണ്ടെന്നും, അതിനായി സംവരണം അനിവാര്യമാണെന്നും ടി.എം. നായര്‍ വാദിച്ചു. സമൂഹത്തിന്റെ രാഷ്ട്രീയ പുരോഗതിക്ക് മതപരമായ കാര്യങ്ങളെ മാറ്റിനിര്‍ത്തണമെന്നും അദ്ദേഹം ഈ മാനിഫെസ്റ്റോയിലൂടെ ആവശ്യപ്പെട്ടു.
ഈ ആശയങ്ങളിലധിഷ്ഠിതമായാണ് ജസ്റ്റിസ് പാര്‍ട്ടി നിലവില്‍ വന്നതെങ്കിലും, ഡോക്ടര്‍ ടി.എം. നായര്‍ക്ക് അതിന്റെ രാഷ്ട്രീയ വിജയം കാണാന്‍ സാധിച്ചില്ല. 1917-ല്‍ പാര്‍ട്ടി രൂപീകൃതമായെങ്കിലും, 1919ല്‍ ന്യൂമോണിയ ബാധിച്ച് അദ്ദേഹം ലണ്ടനില്‍ വെച്ച് മരണമടഞ്ഞു.
എന്നാല്‍, 1920ല്‍ തമിഴ്‌നാട്ടില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജസ്റ്റിസ് പാര്‍ട്ടി അധികാരത്തിലെത്തി. പിന്നീട്, ഈ പാര്‍ട്ടിയിലേക്കാണ് ഇ.വി. രാമസ്വാമി നായ്ക്കര്‍ എന്ന പെരിയോര്‍ എത്തുന്നത്. കോണ്‍ഗ്രസില്‍ ബ്രാഹ്‌മണാധിപത്യം നിലനില്‍ക്കുന്നു എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസുകാരനായിരുന്ന പെരിയോര്‍ ജസ്റ്റിസ് പാര്‍ട്ടിയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.
ഇ.വി. രാമസ്വാമി നായ്ക്കര്‍. Photo: Indian National Congress/Facebook.com
വൈക്കം സത്യാഗ്രഹ ചരിത്രം പരിശോധിക്കുമ്പോള്‍ പെരിയോറിന്റെ സ്ഥാനം അനുപമമാണ്. വൈക്കം സത്യാഗ്രഹത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കാലം (അഞ്ചു മാസക്കാലം) ജയിലില്‍ കിടന്ന ഏക നേതാവ് പെരിയോര്‍ ആയിരുന്നു. എന്നാല്‍, മഹാത്മാ ഗാന്ധിയുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായി.
വൈക്കം സത്യാഗ്രഹത്തെ ഒരു ഹൈന്ദവ നവോത്ഥാന പ്രസ്ഥാനമായി കാണുന്ന ഗാന്ധിജിയുടെ നിലപാടുകളോട് പെരിയോര്‍ വിയോജിച്ചു. ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിനെപ്പോലെയുള്ള അഹിന്ദുക്കള്‍ ഒരു ഹൈന്ദവ സത്യാഗ്രഹവുമായി സഹകരിക്കുന്നത് ശരിയല്ല എന്ന ഗാന്ധിജിയുടെ നിലപാട് പെരിയോര്‍ അംഗീകരിച്ചില്ല.
അതുകൊണ്ട് തന്നെ അദ്ദേഹം ഗാന്ധിജിയുമായി കലഹിച്ചിരുന്നു. കോണ്‍ഗ്രസ് മദ്യവിരുദ്ധ പ്രസ്ഥാനം പ്രഖ്യാപിച്ചപ്പോള്‍, തന്റെ വീട്ടുവളപ്പിലുണ്ടായിരുന്ന ഏകദേശം അഞ്ഞൂറോളം ചെത്തുന്ന തെങ്ങുകള്‍ പെരിയോര്‍ വെട്ടിക്കളഞ്ഞതായി പറയപ്പെടുന്നു. എന്നാല്‍, പിന്നീട് അദ്ദേഹം തീവ്ര കോണ്‍ഗ്രസ് വിരോധിയായി മാറുകയും ബ്രാഹ്‌മണാധിപത്യത്തിനും ഗാന്ധിക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയുടെ ദ്രാവിഡ രാഷ്ട്രീയത്തിന് ടി.എം. നായരില്‍ നിന്നാണ് ആഴമേറിയ അടിത്തറ ലഭിച്ചത്.
പല്‍പുവിനെ കുറിച്ചും ടി.എന്‍. നായരെയും കുറിച്ച് ചിന്തിക്കുമ്പോള്‍, അവര്‍ അന്ന് മുന്നോട്ട് വെച്ച ആശയങ്ങള്‍ ഇന്നും പ്രസക്തമായി നിലനില്‍ക്കുന്നു എന്ന് മനസ്സിലാക്കാം. പ്രാതിനിധ്യ രാഷ്ട്രീയത്തെക്കുറിച്ച് ഇന്നും ചര്‍ച്ച ചെയ്യുമ്പോള്‍ ജാതി സെന്‍സസ് നമ്മുടെ രാജ്യത്ത് വലിയ വിഷയമാണ്. ജാതി സെന്‍സസ് എന്നാല്‍ ഇന്ത്യയുടെ സാമൂഹ്യ ശരീരത്തിന്റെ ഒരു എക്സ്-റേ മാത്രമാണ്.
പിന്നോക്ക വിഭാഗങ്ങള്‍ക്കും ദളിതര്‍ക്കും മാധ്യമ മേഖലയിലും സര്‍ക്കാര്‍ സര്‍വീസുകളിലുമുള്ള പ്രാതിനിധ്യം, അവരുടെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതി എന്നിവയെക്കുറിച്ചുള്ള കൃത്യമായ ചിത്രം നല്‍കാന്‍ ഇത് സഹായിക്കും. എന്നാല്‍, ജാതി സെന്‍സസിനെക്കുറിച്ച് പറയുമ്പോള്‍ പോലും ശക്തമായ എതിര്‍പ്പാണ് സമൂഹത്തില്‍ നേരിടേണ്ടി വരുന്നത്.
ന്യൂനപക്ഷങ്ങളുടെ നിയമസഭാ പ്രാതിനിധ്യം ഇപ്പോഴും വളരെ കുറവാണ്. നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡോക്ടര്‍ പല്‍പുവും ഡോക്ടര്‍ ടി.എം. നായരും ഉയര്‍ത്തിയ സാമൂഹിക വിഷയങ്ങള്‍ ഇന്നും ഇന്ത്യന്‍ സമൂഹത്തില്‍ ഒരു പ്രശ്നമായി നിലനില്‍ക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
Content Highlight: Full text of M. Liju’s speech about Dr. Palpu