| Friday, 6th June 2025, 9:22 pm

ഐ.സി.സിക്ക് പൂര്‍ണപിന്തുണ; ജഡ്ജിമാര്‍ക്കെതിരായ ഉപരോധം യു.എസ് പിന്‍വലിക്കണം; പ്രതികരിച്ച് ലോകനേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസല്‍സ്: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ ജഡ്ജിമാര്‍ക്കെതിരായ യു.എസ് ഉപരോധം അപലപനീയമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഐ.സി.സിക്ക് യൂറോപ്യന്‍ യൂണിയന്റെ പരിപൂര്‍ണമായ പിന്തുണയുണ്ടെന്ന് യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.

‘സമ്മര്‍ദമില്ലാതെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അന്താരാഷ്ട്ര കോടതിയ്ക്ക് ഉണ്ടാകണം. ലോകത്തിലെ ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന സ്ഥാപനമാണ് ഐ.സി.സി. ഇരകള്‍ക്ക് ശബ്ദം നല്‍കുന്നവരാണ് ഐ.സി.സി,’ വോണ്‍ ഡെര്‍ ലെയ്ന്‍ എക്സില്‍ കുറിച്ചു.

ഐ.സി.സിയെ ‘അന്താരാഷ്ട്ര നീതിയുടെ ഒരു മൂലക്കല്ല്’ എന്ന് വിശേഷിപ്പിച്ച ഇ.യു അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന യൂറോപ്യന്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, അന്താരാഷ്ട്ര കോടതിയുടെ സ്വാതന്ത്ര്യവും സമഗ്രതയും സംരക്ഷിക്കപ്പെടണമെന്ന് പ്രതികരിച്ചു.

യു.എസിന്റെ തീരുമാനത്തില്‍ താന്‍ വളരെയധികം അസ്വസ്ഥനാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പ്രതികരിച്ചത്. അന്താരാഷ്ട്ര ജഡ്ജിമാര്‍ക്കെതിരായ ഉപരോധം പിന്‍വലിക്കണം. ഐ.സി.സി ജഡ്ജിമാരെ ഉപരോധിച്ചുകൊണ്ടുള്ള തീരുമാനം ഒരുപാട് കാലങ്ങളായി യു.എസ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് എതിരാണെന്നും വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു.

ഉഗാണ്ടയിലെ സോളോമി ബലുങ്കി ബോസ, പെറുവിലെ ലൂസ് ഡെല്‍ കാര്‍മെന്‍ ഇബാനെസ് കരാന്‍സ, ബെനിനിലെ റെയ്ന്‍ അഡലെയ്ഡ് സോഫി അലാപിനി ഗാന്‍സോ, സ്ലൊവേനിയയിലെ ബെറ്റി ഹോഹ്ലര്‍ എന്നിവര്‍ക്കെതിരെയാണ് യു.എസിന്റെ ഉപരോധം.

ഉപരോധത്തിന് പിന്നാലെ യു.എസിനെതിരെ സ്ലോവേനിയന്‍ വിദേശകാര്യമന്ത്രാലയവും രംഗത്തെത്തി.

ഉപരോധ പട്ടികയില്‍ ഇ.യു അംഗരാജ്യത്തിലെ ഒരു പൗരന്‍ ഉള്‍പ്പെടുന്നതിനാല്‍ യു.എസിനെതിരെ നിയമങ്ങള്‍ സജീവമാക്കാന്‍ യൂറോപ്യന്‍ യൂണിയന് നിര്‍ദേശം നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം എക്സിലൂടെ അറിയിച്ചു. നേരത്തെ ക്യൂബയ്ക്കും ഇറാനുമെതിരെ യൂറോപ്യന്‍ യൂണിയന്‍ ഇത്തരത്തില്‍ നിയമങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.

യു.എസ് നടപടി അനുസരിച്ച് അന്താരാഷ്ട്ര ജഡ്ജിമാരുടെ യു.എസ് സ്വത്തുക്കള്‍ ഇനിമുതല്‍ നിയന്ത്രണവിധേയമായിരിക്കും. ജഡ്ജിമാരുടെ ബാങ്കിങ് സേവനങ്ങള്‍ അടക്കം നിയന്ത്രിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ കാരണങ്ങളാല്‍ ഇതുവരെ ഉപരോധിക്കപ്പെട്ട വ്യക്തികളുടെ പട്ടികയിലാണ് അന്താരാഷ്ട്ര ജഡ്ജിമാരെയും യു.എസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഉപരോധം നേരിടുന്നവരില്‍ രണ്ട് ജഡ്ജിമാര്‍ ഇസ്രഈലിനെതിരായ വംശഹത്യാ കേസില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുംമുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചവരാണ്.

മറ്റ് രണ്ട് ജഡ്ജിമാര്‍ അഫ്ഗാനിസ്ഥാനിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടവരുമാണ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് ഉപരോധം സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.

Content Highlight: Full support for ICC; US should lift sanctions against judges; World leaders respond

We use cookies to give you the best possible experience. Learn more