ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. കഴിഞ്ഞ 11 ദിവസത്തിനിടെ ഇത് നാലാം തവണയാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്.
പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ലിറ്ററിന് വര്‍ധിച്ചത്. രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ ഇതോടെ പെട്രോളിന് വില 102.12 രൂപയും ഡീസല്‍ വില 95.20 രൂപയുമായി.
കേരളത്തില്‍ എല്ലായിടത്തും പുതിയ വര്‍ധനവോടെ ഡീസല്‍ വില 100 കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 104.27 രൂപയായി. പെട്രോള്‍ വില 115.26 രൂപയായി വര്‍ധിച്ചു. കൊച്ചിയില്‍ ഡീസല്‍ വില 102.52 രൂപയായി. പെട്രോള്‍ വില 113.61 രൂപയായും ഉയര്‍ന്നു. കോഴിക്കോട് 102.78 രൂപയാവും ഡീസല്‍ വില. പെട്രോള്‍ വില 113.77 രൂപയായും വര്‍ധിച്ചു.
മെയ് 15, 19, 23 തീയതികളിലാണ് ഇതിന് മുമ്പായി ഇന്ധന വില വര്‍ധിപ്പിച്ചത്. ആകെ ഏഴ് രൂപയിലധികമാണ് കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോള്‍ ഡീസല്‍ വിലകളിലുണ്ടായ വര്‍ധനവ്. മെയ് 15നും 23നും സി.എന്‍.ജി വിലയും കൂട്ടിയിരുന്നു. കിലോയ്ക്ക് യഥാക്രമം രണ്ട് രൂപയും ഒരു രൂപയുമായിരുന്നു വര്‍ധിപ്പിച്ചത്.
മെയ് 15ന് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ മൂന്ന് രൂപയിലധികം വര്‍ധനവ് വരുത്തിയിരുന്നു. മെയ് 19ന് പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് മെയ് 23ന് കൂട്ടിയത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിന് പിറകെയാണ് രാജ്യത്ത് ഇപ്പോള്‍ തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. അടുത്തിടെ വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ വില ഒറ്റയടിക്ക് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയായിരുന്നു അന്ന് വര്‍ധിപ്പിച്ചത്.
Content Highlight: Fuel Price hike in May 25: Diesel price above Rs 100