| Friday, 15th May 2026, 3:50 pm

ഇന്ധനവില വർധനവ്; ഇനി രക്ഷ സൈക്കിൾ മാത്രമെന്ന് അഖിലേഷ് യാദവ്

മുഹമ്മദ് നബീല്‍

ലഖ്‌നൗ: രാജ്യത്തുടനീളം ഇന്ധനവില വർധിപ്പിച്ചതിന് പിന്നാലെ ഇനി തന്റെ പാർട്ടിയുടെ ചിഹ്നമായ സൈക്കിൾ മാത്രമാണ് രക്ഷയെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.

താൻ സൈക്കിൾ ഓടിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അഖിലേഷ് എക്സിലാണ് പ്രതികരിച്ചത്. മുന്നോട്ട് പോകണമെങ്കിൽ സൈക്കിൾ മാത്രമാണ് ഏക വഴി എന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.

പശ്ചിമേഷ്യൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഹോർമുസ് കടലിടുക്ക് അടച്ചതും അതുമൂലമുണ്ടായ ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസങ്ങളുമാണ് ഈ ഇന്ധന വില വർധനവ് കാരണമെന്നാണ് കേന്ദ്രത്തിന്റെ വാദം.

ഹൈദരാബാദിൽ നടന്ന ഒരു റാലിയിൽ ഇന്ധനം ലാഭിക്കുന്നതിന് വർക്ക് ഫ്രം ഹോമിനെയും പൊതുഗതാഗതത്തെയും തെരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ ഈ ആഹ്വാനത്തോട് ഐക്യപ്പെട്ട ഉത്തർപ്രദേശ് സർക്കാർ നിരവധി ഇന്ധന സംരക്ഷണ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മന്ത്രിമാരും ഉദ്യോഗസ്ഥരും ദൈനംദിന യാത്രകൾക്കായി സൈക്കിളുകളിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കും പൊതുഗതാഗതത്തിലേക്കും മാറി.

സംസ്ഥാന ധനമന്ത്രി സുരേഷ് കുമാർ ഖന്ന തന്റെ ഔദ്യോഗിക വസതിയിൽ നിന്ന് ഓഫീസിലേക്ക് സൈക്കിളിലാണ് യാത്ര ചെയ്തത്, മന്ത്രി ദിനേഷ് പ്രതാപ് സിങ് പൊതുഗതാഗത സംവിധാനം ഉപയോഗിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ഔദ്യോഗിക അകമ്പടി വാഹനങ്ങളുടെ എണ്ണം 50 ശതമാനമായി കുറയ്ക്കുകയും യോഗങ്ങൾ ഓൺലൈൻ വഴിയാക്കുകയും ആഴ്ചയിൽ രണ്ടുദിവസം വർക്ക് ഫ്രം ഹോം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക് ലഭിച്ചിരുന്ന ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ട്രംപിന്റെ നിർബന്ധത്തിന് വഴങ്ങി നിർത്തിയതാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കിയത് എന്നാണ് വിലയിരുത്തലുകൾ.

Content  Highlight: Fuel price hike; Akhilesh Yadav says bicycle is the only solution

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more