| Wednesday, 9th July 2025, 8:21 am

ദല്‍ഹിയില്‍ പഴയ വാഹനങ്ങള്‍ക്കുള്ള ഇന്ധനവിലക്ക് നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; എതിര്‍പ്പറിയിച്ച് ലെഫ്. ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ എണ്ണ നിരോധനം നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ആദ്യം ജൂലൈ ഒന്ന് മുതല്‍ നിരോധനം ഏര്‍പ്പെടുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജനരോഷം കണക്കിലെടുത്ത് കാലാവധി നീട്ടുകയായിരുന്നു.

ഇന്ധന വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം നടപ്പിലാക്കുന്നതില്‍ സാവകാശം ആവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രിയായ മഞ്ജീന്ദര്‍ സിങ് സിര്‍സ കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റിന് കത്തയച്ചതിനെത്തുടര്‍ന്നാണ് നിരോധനം നടപ്പിലാക്കുന്നത് നാല് മാസം കൂടി വൈകിപ്പിച്ചത്.

നവംബര്‍ ഒന്ന് മുതല്‍ ദല്‍ഹി-എന്‍.സി.ആറിലെ ആറ് നഗരങ്ങളിലും ഒരേസമയം ഇന്ധന നിരോധനം നടപ്പിലാക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

അതേസമയം ഈ തീരുമാനത്തില്‍ വിമര്‍ശനം ഉന്നയിച്ച് ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് കത്തയച്ചിരുന്നു. സര്‍ക്കാര്‍ നിരോധനം നിര്‍ത്തിവെക്കണമെന്നും ദല്‍ഹിയിലെ ജനങ്ങള്‍ അത്തരമൊരു നിരോധനത്തിന് തയ്യാറല്ലെന്നുമാണ് ലെഫ്. ഗവര്‍ണര്‍ കത്ത് വഴി ആവശ്യപ്പെട്ടത്.

പൊതുജനങ്ങളിലെ മധ്യവര്‍ഗം തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും ഉപയോഗിക്കുന്നത് വാഹനം വാങ്ങുന്നതിനാണെന്നും അത് പൊളിക്കുന്നത് അവരോട് ചെയ്യുന്ന അനീതിയായിരിക്കുമെന്നും ലെഫ്. ഗവര്‍ണര്‍ പറഞ്ഞു.

15 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും 10 വര്‍ഷത്തില്‍ കൂടുതലുള്ള ഡീസല്‍ വാഹനങ്ങള്‍ക്കുമാണ് ദല്‍ഹി സര്‍ക്കാര്‍ ഇന്ധന വിലക്ക് ഏര്‍പ്പെടുത്തിയത്. ജൂലായ് ഒന്ന് മുതല്‍ തീരുമാനം പ്രാവര്‍ത്തികമാക്കാനായിരുന്നു ആദ്യം ദല്‍ഹിയിലെ ബി.ജെ. പി സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്.

വാഹനങ്ങളുടെ പഴക്കം കണ്ടെത്തുന്നതിനായി പമ്പുകളില്‍ ഓട്ടോമേറ്റഡ് ക്യാമറ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനോ പിഴ ചുമത്താനും ട്രാഫിക് പൊലീസിന് അധികാരമുണ്ട്.

Content Highlight: Fuel ban for overage vehicles in Delhi to come into effect from November 1

We use cookies to give you the best possible experience. Learn more