പുനെ: ‘ദി കേരള സ്റ്റോറി’ക്ക് ദേശീയ അവാർഡ് നൽകിയ തീരുമാനത്തെ അപലപിച്ച് പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ)യിലെ വിദ്യാർഥി സംഘടന.
ചിത്രത്തിന് ലഭിച്ച അംഗീകാരം നിരാശാജനകവും അപകടകരവുമാണെന്ന് ചൂണ്ടിക്കാട്ടിയ സംഘടന, ‘ദി കേരള സ്റ്റോറി’ ഒരു സിനിമയല്ല, മറിച്ച് അതൊരു ആയുധമാണെന്നും പറഞ്ഞു.
വിദ്വേഷ അജണ്ടകളോടെ ഒരു സിനിമ നിര്‍മ്മിച്ചാല്‍ അതിന് തക്കതായ പ്രതിഫലം നല്‍കുമെന്ന് ദി കേരള സ്റ്റോറിക്ക് പുരസ്‌കാരം നല്‍കിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണ്.
മുസ്‌ലിം സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താനും വിദ്യാഭ്യാസത്തിനും സാമുദായിക ഐക്യത്തിനുമായി ചരിത്രപരമായി നിലകൊണ്ട ഒരു സംസ്ഥാനത്തെ മുഴുവന്‍ പൈശാചികവല്‍ക്കരിക്കാനും ലക്ഷ്യമിട്ടുള്ള ഒരു വ്യാജ നിര്‍മിതി മാത്രമാണ് കേരള സ്‌റ്റോറി.
ഈ സിനിമ ഒരിക്കലും നിഷ്പക്ഷമല്ല ഒരു ജനതയില്‍ മുഴുവന്‍ സ്വാധീനം ചെലുത്താന്‍ കെല്‍പ്പുള്ള ഒരു ശക്തമായ ടൂളാണ്. ചിത്രത്തിന് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം നിരാശാജനകമല്ല, മറിച്ച് അത് അപകടകരമാണ്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു സിനിമയെ ദേശീയ അവാര്‍ഡിലൂടെ സര്‍ക്കാര്‍ അംഗീകരിക്കുമ്പോള്‍ അത് കേവലം കലയെ അംഗീകരിക്കുകയല്ല അക്രമത്തെ നിയമവിധേയമാക്കുകയാണ്.
ഭാവിയില്‍ നടക്കാവുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കും രാഷ്ട്രീയ അപരവല്‍ക്കരണത്തിനും തിരക്കഥയൊരുക്കുകയാണ്,’ പ്രസ്താവനയില്‍ പറയുന്നു.
ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന വര്‍ഗീയതയുടെ ടൂളായി സിനിമയെ മാറ്റുകയാണെന്നും എഫ്.ടി.ഐ.ഐ പ്രസ്താവനയില്‍ പറഞ്ഞു.
‘ഇസ്‌ലാമോഫോബിയ എന്നത് അവാര്‍ഡിന് അര്‍ഹമായേക്കാവുന്ന തരത്തിലുള്ള ഒന്നാണെന്ന് അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്.
നുണകള്‍ക്കും ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനും പ്രതിഫലം നല്‍കുകയും അതിലൂടെ സിനിമയെന്ന വ്യവസായത്തെ തന്നെ മാറ്റിമറിക്കാനുമുള്ള ഈ നീക്കത്തോട് നിശബ്ദത പുലര്‍ത്താന്‍ ഞങ്ങള്‍ തയ്യാറല്ല.
ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്ന സിനിമകള്‍ക്ക് പുരസ്‌കാരം നല്‍കിയാല്‍ അതൊരിക്കലും സത്യമാകില്ലെന്ന് ഭരണകൂടം ഇനിയെങ്കിലും മനസിലാക്കണം. ഇതൊരു പുരസ്‌കാരമല്ല അക്രമമാണ്,’ എഫ്.ടി.ഐ.ഐ പ്രസ്താവനയില്‍ പറഞ്ഞു.
കേരള സ്റ്റോറിക്ക് ലഭിച്ച ദേശിയ അവാർഡിനെ വിമർശിച്ച് നിരവധിപ്പേർ രംഗത്ത് വന്നിരുന്നു. പുരസ്‌കാര പ്രഖ്യാപനം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ളവര്‍ അവാര്‍ഡിനെതിരെ രംഗത്ത് വന്നു.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനുമാണ് നുണകളാല്‍ പടുത്ത ഒരു സിനിമയ്ക്ക് പുരസ്‌കാരം നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാര്‍ഡ് ജൂറി അവഹേളിച്ചിരിക്കുന്നതെന്നും വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ അവര്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Content Highlight: FTII students condemns national awards for the film Kerala Story