ന്യൂദല്‍ഹി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ സര്‍ക്കാറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ബി.ജെ.പി നേതാവും ടെലിവിഷന്‍ താരവുമായ ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് നിന്ന് മാറ്റാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണിത്.
ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളും ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ റസൂല്‍ പൂക്കുട്ടി സിനിമാ സംവിധായകന്‍ ഗിരീഷ് കാസറവളളി തുടങ്ങിയവരാണ് പങ്കെടുത്തിരുന്നത്.
സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയപരമായ ഇടപെടലുകള്‍ ഉണ്ടാവില്ലെന്നതടക്കമുള്ള ഉറപ്പുകളാണ് ചര്‍ച്ചയില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സമര പ്രതിനിധികള്‍ക്ക് നല്‍കിയത്. വിദ്യാര്‍ത്ഥികളുടെ ആശങ്കകളെ കുറിച്ച് പഠിക്കാന്‍ താത്കാലിക സമിതിയെ നിയോഗിക്കുന്നത് പരിഗണിക്കുമെന്നും ജെയ്റ്റലി അറിയിച്ചു.
ചര്‍ച്ചക്കിടെ നിരവധി ഉറപ്പുകള്‍ സര്‍ക്കാര്‍ നല്‍കിയെങ്കിലും വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ പ്രശ്‌നത്തിന് ഇനിയും പരിഹാരം കണ്ടെത്താനായില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത റസൂല്‍ പൂക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിന്റെ ഭാവി പരിപാടികള്‍ വിദ്യാര്‍ത്ഥികളുമായി ആലോചിച്ച് മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ 9നാണ് ഗജേന്ദ്ര ചൗഹാനെ എഫ്.ടി.ഐ.ഐ ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം സമരം കാരണം നിര്‍ത്തിവച്ചിരിക്കുകയാണ്.