ന്യൂദല്‍ഹി: പ്രമുഖ കുപ്പിവെള്ള നിര്‍മാണ കമ്പനിയായ ബിസ്‌ലേരി ഇന്റര്‍നാഷണലിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി നല്‍കി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ.
കമ്പനിയുടെ കുപ്പിവെള്ള സാമ്പിള്‍ പരിശോധനയില്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കമ്പനി പരിസരത്ത് നിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിളില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ബ്രോമേറ്റ് അടങ്ങിയിട്ടുണ്ടെന്ന് ആദ്യ പരിശോധനയില്‍ കണ്ടെത്തി.
തുടര്‍ന്ന് 2006-ലെ ഭക്ഷ്യസുരക്ഷാ, നിലവാര നിയമപ്രകാരം കുടിക്കാന്‍ സുരക്ഷിതമല്ലാത്തതാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ ബിസ് ലേരി അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് സാമ്പിള്‍ റഫറല്‍ ലബോറട്ടറിയില്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചു. രണ്ടാം പരിശോധനയിലും സാമ്പിള്‍ സുരക്ഷിതമല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ സാമ്പിളില്‍ കണ്ടെത്തിയതായാണ് വിവരം.
തുടര്‍ച്ചയായ ലാബ് പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍, ഭക്ഷ്യസുരക്ഷാ നിയമത്തിലെ ‘സുരക്ഷിതമല്ലാത്ത ഭക്ഷണം’ സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ചതായി വ്യക്തമായതോടെയാണ് കമ്പനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് എഫ്.എസ്.എസ്.എ.ഐ അംഗീകാരം നല്‍കിയത്.
രാജ്യത്തുടനീളം 140-ലധികം പ്ലാന്റുകളും വിപുലമായ വിതരണ ശൃംഖലയുമുള്ള ബിസ്‌ലേരി 10 ഘട്ടങ്ങളുള്ള ശുദ്ധീകരണ പ്രക്രിയയിലൂടെയും 90 ഗുണനിലവാര പരിശോധനകളിലൂടെയുമാണ് വെള്ളം വിപണിയിലെത്തിക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. നിലവാരം കുറഞ്ഞതും സുരക്ഷിതമല്ലാത്തതുമായ ഭക്ഷ്യോത്പ്പന്നങ്ങള്‍ക്കും പാനീയങ്ങള്‍ക്കുമെതിരെ എഫ്.എസ്.എസ്.എ.ഐ കര്‍ശന നടപടികള്‍ തുടരുന്നതിനിടയാണ് ഈ പുതിയ നീക്കം.
Content Highlight: FSSAI states Bisleri bottled water is unsafe; grants permission for prosecution proceedings.