| Tuesday, 2nd January 2018, 5:34 pm

'തമിഴ്‌നാട് മുഖ്യമന്ത്രി വോട്ടിന് വേണ്ടി ഓടുമ്പോള്‍ പിണറായി വിജയന്‍ ഓഖി ദുരന്ത നിവാരണ രംഗത്ത്'; കേരള സര്‍ക്കാരിന് പ്രശംസയുമായി ഫ്രന്റ്‌ലൈന്‍ മാസിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കേരള സര്‍ക്കാരിന്റെ ഇടപെടലിനെ പ്രശംസിച്ച് പ്രമുഖ ഇംഗ്ലീഷ് മാഗസിനായ ഫ്രന്റ്‌ലൈന്‍. ഓഖി ദുരന്തത്തെ കുറിച്ച് വേവ്‌സ് ഓഫ് ഗ്രീഫ് ആന്റ് ആങ്കര്‍ എന്ന ലേഖനത്തിലായിരുന്നു സര്‍ക്കാരിനെ പ്രശംസിച്ചത്. ആര്‍.കെ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഓഖി ദുരന്ത സമയത്ത് കേരളത്തിലേയും അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലേയും സര്‍ക്കാരുകള്‍ നടത്തിയ ഇടപെടലുകളെ കുറിച്ചുള്ളതായിരുന്നു റിപ്പോര്‍ട്ട്.

ഓഖി ദുരന്തത്തില്‍ കടലില്‍ കാണാതെ പോയവരുടേയും മരണപ്പെട്ടവരുടേയും എണ്ണം തിട്ടപ്പെടുത്തുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും. അതോടെ ദുരിത ഭാതിതര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ വിതരണവും മുടങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ തങ്ങളെ കേരളത്തിന്റെ ഭാഗമാക്കണമെന്ന് തീരദേശത്തെ തമിഴ്‌നാട് സ്വദേശികള്‍ ആവശ്യപ്പെടുന്നതായി ലേഖനത്തില്‍ പറയുന്നുണ്ട്.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ തീരപ്രദേശത്തുള്ള മത്സ്യബന്ധന തൊഴിലാളികളില്‍ പലരും സംസാരിക്കുന്നത് മലയാളവും തമിഴും കലര്‍ന്ന ഭാഷയാണെന്നും നേരത്തെ തന്നെ അവര്‍ കേരളത്തിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. തീരപ്രദേശത്ത് ശക്തമായ സ്വാധീനമുള്ള കത്തോലിക്ക സഭകളുടെ സാന്നിധ്യവും കേരളത്തിന്റെ ഭാഗമാക്കാന്‍ കന്യാകുമാരിയിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നതിന് പിന്നിലുണ്ട്.

കൂടാതെ കേരള സര്‍ക്കാര്‍ തങ്ങളുടെ സര്‍ക്കാരിനെ അപേക്ഷിച്ച് മത്സ്യ തൊഴിലാളികളെ പരിഗണിക്കുന്നുണ്ടെന്നും അവര്‍ക്ക് അര്‍ഹമായ ബഹുമാനവും അവകാശങ്ങളും നല്‍കുന്നുണ്ടെന്നും തമിഴ്‌നാട്ടുകാര്‍ പറയുന്നതായി ഫ്രന്റ്‌ലൈന്‍ പറയുന്നു. അതേസമയം, കേരളത്തിലെ മാധ്യമങ്ങള്‍ ഓഖി ദുരന്തത്തില്‍ ഇടപെട്ടത് ശരിയായില്ലെന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നുവെന്നും ലേഖനത്തില്‍ പറയുന്നു. എന്നാല്‍ കേരള സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും അടിയന്തര ഇടപെടലുകള്‍ നടത്തിയെന്നും ലേഖനത്തില്‍ പറയുന്നു. അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രി ആര്‍.കെ നഗര്‍ ഇലക്ഷന് വേണ്ടി ക്യാമ്പയിന്‍ നടത്തുന്ന തിരക്കിലായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

നേരത്തെ ഓഖി ദുരന്തത്തില്‍ മരണമടഞ്ഞ തിരുവനന്തപുരം ജില്ലയിലെ 25 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 20 ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള രണ്ടു ലക്ഷം രൂപയും വിഴിഞ്ഞത്തു നടന്ന ചടങ്ങില്‍ വിതരണം ചെയ്തിരുന്നു.

തിരിച്ചെത്താത്തവരുടെ കുടുംബങ്ങള്‍ക്കും നടപടികള്‍ പൂര്‍ത്തിയാക്കി ഇതേ തുക നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കാണാതായവരെ സംബന്ധിച്ച പരിശോധന പുരോഗമിക്കുന്നതിനൊപ്പം അവരുടെ കുടുംബങ്ങള്‍ക്ക് സംരക്ഷണത്തിനായി ഒരു നിശ്ചിത തുക നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതനുസരിച്ച് കുടുംബങ്ങളിലെ ഒരാള്‍ക്ക് അര്‍ഹത അനുസരിച്ച് തൊഴില്‍ നല്‍കുകയും ചെയ്യും. വീടുകള്‍ തകര്‍ന്നതും നഷ്ടപ്പെട്ടതുമായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സുരക്ഷിത ഭവനം ഒരുക്കും. എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more