| Tuesday, 13th October 2026, 4:08 pm

ഹിറ്റ്ലറെ തോല്‍പിച്ച ചെങ്കൊടിയില്‍ നിന്ന് മോദി-ഷാ സഖ്യത്തെ ഭയപ്പെടുത്തുന്ന ശുഭ്രപതാകയിലേക്ക്

അരുൺ എയ്ഞ്ചല

ഫോട്ടോജേര്‍ണലിസ്റ്റ് ഒരു വേട്ടക്കാരനാണ്, അയാള്‍ പതിയിരുന്നു വേട്ടായാടുന്നത്, ഷൂട്ട് ചെയ്യുന്നത് സമയത്തന്റെ കണികകളെയാണ്. കാലത്തില്‍ നിന്ന് ഒരു ചെറുകണം പിടിച്ചെടുത്ത് അയാള്‍ അതിനെ അനശ്വരമാക്കുന്നു. ആ ചിത്രം കാലങ്ങള്‍ കടന്ന് ദേശങ്ങള്‍ കടന്ന് അറിയാക്കഥകള്‍ നമുക്ക് പറഞ്ഞു തരുന്നു.

ചില ചിത്രങ്ങളുണ്ട്, അവ ഒരു കാലഘട്ടത്തെ, ഒരു വിപ്ലവത്തെ, സെക്കന്റിന്റെ നൂറില്‍ ഒരംശം കൊണ്ട് ചരിത്രത്തില്‍ അടയാളപ്പെടുത്തും. കെവിന്‍ കാര്‍ട്ടറുടെ പ്രശസ്തമായ സുഡാനിലെ കഴുകനും കുട്ടിയും, വിയറ്റ്നാമിലെ പെണ്‍കുട്ടി, രഘു റായി എടുത്ത ഭോപ്പാല്‍ ദുരന്തത്തിലെ കുഞ്ഞിന്റെ ചിത്രം, നിലൂഫര്‍ ദെമിര്‍ പകര്‍ത്തിയ ഐലന്‍ കുര്‍ദിയുടെ ചിത്രം. ഇവയൊക്കെ അങ്ങനെയുള്ള ചിത്രങ്ങളാണ്.

കഴുകനും കുട്ടിയും

ഇക്കൂട്ടത്തില്‍ ചേര്‍ത്ത് വയ്ക്കാവുന്ന ഒരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. ഒരു പെണ്‍കുട്ടി എസ്.എഫ്.ഐ യുടെ ശുഭ്ര പാതകയുമേന്തി പൊലീസിനെ വെട്ടിച്ചു മുന്നോട്ട് കുതിക്കുന്ന ചിത്രം, സത്യത്തില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് സി.ജെ.പി, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ഐസ, പി.എസ്.യു, എ.ഐ.എസ്.ബി എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ ഒക്ടോബര്‍ ന് തുടങ്ങിയ സമരത്തിന്റെ ഐക്കണായി മാറി.

പവിത്ര

ചിത്രത്തിലുള്ളത് ഒരു മലയാളിയാണ്. പാലക്കാട് മങ്കര സ്വദേശിനിയായ പവിത്രയാണ് ചിത്രത്തിലെ യുവതി. ദല്‍ഹി സര്‍വകലാശാലയിലെ ഹന്‍സ്രാജ് കോളേജില്‍ ആന്ത്രപ്പോളജി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് പവിത്ര.

എങ്ങനെയും പൊലീസ് വലയങ്ങള്‍ ഭേദിച്ചു ജന്തര്‍ മന്ദറില്‍ എത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം എന്ന് പവിത്ര പറയുമ്പോള്‍, ഭഗത് സിങ്ങിനൊപ്പം ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷനില്‍ പോരാടിയ ദുര്‍ഗാവതി ദേവി വോറ പവിത്രയിലൂടെ സംസാരിക്കുന്നു എന്ന് തോന്നിപ്പോകുന്നു. പവിത്ര ഒരു പ്രതീകമാണ്, ഈ നാട് നവനാസികള്‍ക്ക് മുന്നില്‍ അടിയറവ് പറയില്ല എന്നുറപ്പിച്ചു പറയുന്ന തലമുറയുടെ പ്രതീകം.

ചിത്രത്തിന് പിന്നിലുള്ളതും ഒരു മലയാളി തന്നെയാണ്. സുഹൃത്തും സഹപ്രവര്‍ത്തകനുമായ ജോസുകുട്ടി പനയ്ക്കല്‍. സി.പി.ഐ.എം ആസ്ഥാനമായ എ.കെ.ജി ഭവനില്‍ നിന്ന് വിദ്യാര്‍ഥികള്‍ ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്തുന്നുവെന്ന വിവരം അറിഞ്ഞവിടെയെത്തിയതായിരുന്നു താനെന്ന് മനോരമയുടെ ഫോട്ടോ എഡിറ്റര്‍ ജോസകുട്ടി പനയ്ക്കല്‍ പറയുന്നു. ഈ വിവരമറിഞ്ഞു പൊലീസും എത്തിയിരുന്നു.

എ.എ റഹീം എം.പിയുടെയും ഐഷെ ഘോഷിന്റെയും നേതൃത്വത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പെട്ടന്ന് പുറത്തേക്ക് ഇരച്ചെത്തിയത്. ഇവരെ മുഴുവനും നേരിടാന്‍ മാത്രം പൊലീസ് അവിടെയുണ്ടായിരുന്നില്ല.

അവസാന വിദ്യാര്‍ത്ഥിയും എവിടെ വരെ എത്തുമെന്ന് അറിയാന്‍ താന്‍ ഉറപ്പിച്ചിരുന്നു. ആകാശവാണി ഭവന് സമീപം, പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഓഫീസിന് മുമ്പിലാണ് ഇത് സംഭവിക്കുന്നത്. അവസാനം ബാക്കിയായ ഏകദേശം 25 പേരടങ്ങുന്ന സംഘത്തില്‍ അവരില്‍ നിന്നൊക്കെ ഏറ്റവും മുന്നിലായി ശുഭ്ര പതാകയുമായി ഓടുന്ന വിദ്യാര്‍ത്ഥി കണ്ണിലുടക്കി. ബാക്ക് ഗ്രൗണ്ടില്‍, ടാറ്റാ ദല്‍ഹി പൊലീസ് എന്നെഴുതിയ പൊലീസ് വാഹനവും ചേര്‍ത്ത് ചിത്രമെടുത്തു. ജോസകുട്ടി പനയ്ക്കല്‍ പറയുന്നു.

സോവിയറ്റ് വാര്‍ ഫോട്ടോജേര്‍ണലിസ്റ്റായിരുന്ന യെവ്ഗനി ഖാല്‍ദയ് പകര്‍ത്തിയ, റെഡ് ആര്‍മി, ബെര്‍ലിനിലെ റൈഷ്സ്റ്റാഗ് കെട്ടിടത്തിനു മുകളില്‍ സോവിയറ്റ് പതാക ഉയര്‍ത്തുന്ന ഒരു ചിത്രമുണ്ട്. ലോകത്തെ മുഴുവനും നാശത്തിലേക്ക് നയിക്കുമായിരുന്ന നാസിസം എന്ന പ്രത്യയശാസ്ത്രത്തെയും അതിന്റെ പ്രയോക്താവായിരുന്ന ഹിറ്റ്ലറേയും തോല്‍പിച്ചു, നാസി ജര്‍മനിയുടെ പാര്‍ലമെന്റ് മന്ദിരമായ റൈഷ്സ്റ്റാഗിന് മുകളില്‍ ചെങ്കൊടി ഉയര്‍ത്തുന്നതാണ് ചിത്രം.

ഈ ചിത്രവുമയാണ് ജോസുകുട്ടി പനയ്ക്കലിന്റെ ചിത്രത്തെ ചേര്‍ത്ത് വയ്ക്കാനാവുക. ആദ്യത്തെ ചിത്രം നാസികളുടെ പരാജയശേഷം ആയിരുന്നെങ്കില്‍, രണ്ടാമത്തേത് നവനാസികളുടെ പരാജയത്തിന്റെ തുടക്കമാണ് അടയാളപ്പെടുത്തുന്നത്. നമ്മള്‍ വേല beginning of the end എന്നൊക്കെപ്പറയില്ലേ, അത് പോലെ.

കേന്ദ്ര അര്‍ധസൈനിക സേന CRPF, SSB, RAF, ITBP, CISF തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നായി 23,000 പേരെയും ദല്‍ഹി പൊലീസില്‍ നിന്നും ഏകദേശം 5,000 പൊലീസ് ഉദ്യോഗസ്ഥരെയും (വേണ്ടി വന്നാല്‍ ഇത് 15,000 ആയി ഉയര്‍ത്താന്‍ പദ്ധതിയുണ്ട്) വിന്യസിച്ചാണ് അപ്രഖ്യാപിത അടിയന്തിരാവസ്ഥയുമായി വിശ്വഗുരു ചമയുന്ന മോദി-ഷാ സഖ്യം ഭയപ്പെട്ട് കൊണ്ട് സ്വന്തം ജനങ്ങളെ നേരിടുന്നത്.

സ്വന്തം ജനങ്ങളെ നേരിടാന്‍, അതിര്‍ത്തിയിലെ ശത്രുവിനെ നേരിടുന്ന അര്‍ദ്ധസൈനികരെ ഏല്‍പിക്കുമ്പോള്‍ തന്നെ രാഷ്ട്രീയമായി സംഘപരിവാര്‍ തോറ്റു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഇന്ത്യ സഖ്യവും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പോരാട്ടത്തില്‍ പങ്ക് ചേര്‍ന്ന് തെരുവിലുണ്ട്. സംഘപരിവാര്‍ എന്ന രാജ്യത്തിന്റെ പൊതു ശത്രുവിനെതിരെയുള്ള സമരത്തില്‍ കോണ്‍ഗ്രസും ഇടതും ഒന്നിക്കുന്നു എന്നത് ശുഭപ്രതീക്ഷയാണ്.

ഇനി അറിയേണ്ടത് വീഴ്ചയ്‌ക്കെടുക്കുന്ന സമയം എത്രയെന്നു മാത്രമാണ്. അപ്പോഴും മറക്കാതിരിക്കുക, പോരാട്ടം തെരുവിലെത്തിച്ചത് ഇന്നാട്ടിലെ യുവതയാണ്. അതിനെ തീയായി പടര്‍ത്തിയത് സി.ജെ.പിയും ഇടതെന്ന തീയില്‍ കുരുത്ത കനലുകളുമാണ്. പേരുകള്‍ അഭിജിത് ദീപ്‌കെയെന്നും, ഐഷെ ഘോഷന്നും, നേഹ ബോറയെന്നും, പവിത്രയെന്നും, ആദര്‍ശ് സജിയെന്നും കുറച്ചു കൂടി മുതിര്‍ന്നാല്‍ ദീപാങ്കര്‍ ഭട്ടാചാര്യയെന്നും, വിജു കൃഷ്ണനെന്നും എം.എ ബേബിയെന്നും പ്രായമൊരല്‍പ്പം ഏറിയാല്‍ പിണറായി വിജയനെന്നും ആകാം. അപ്പോഴും അനീതിക്കെതിരെ അവര്‍ പറയുന്നൊരു കാര്യമുണ്ട്, We are in the march എന്ന്. പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല എന്നതാണ് പരിഭാഷയെന്ന് തോന്നുന്നു.

Content Highlight: From the Red Flag that defeated Hitler to the White Flag that strikes fear into the Modi-Shah alliance.

അരുൺ എയ്ഞ്ചല

ഫോട്ടോ ജേര്‍ണലിസ്റ്റ്

Latest Stories

We use cookies to give you the best possible experience. Learn more