| Saturday, 28th December 2024, 5:07 pm

ചായക്കടക്കാരനിൽ നിന്ന് റിസോർട്ട് മുതലാളിയായ കുട്ടേട്ടൻ

ജിൻസി വി ഡേവിഡ്

ഏകദേശം 15 , 20 വർഷത്തെ കഷ്ടപ്പാടും കഠിനാദ്ധ്വാനവുമാണ് കുട്ടേട്ടനെ ഇന്ന് കാണുന്ന റിസോർട്ട് മുതലാളിയായ കുട്ടേട്ടനിലേക്ക് എത്തിച്ചത്. അതിന് വഴി കാട്ടിയതാവട്ടെ കേരള സർക്കാരിന്റെ റെസ്പോൺസിബിൾ ടൂറിസവും. അന്ന് റിസോർട്ടുകളിൽ ചായ വിറ്റിരുന്ന കുട്ടേട്ടൻ ഇന്ന് 11 റൂമുകളുള്ള മനോഹരമായ ഹണി റോക്ക് റിസോർട്ടിന്റെ ഉടമയാണ്.

‘ചായക്കടക്കാരനായ കുട്ടൻ ഒരു റിസോർട്ട് മുതലാളിയായതിൽ ആർ.ടി മിഷൻ വഹിച്ച പങ്ക് വളരെ വലുതാണ്. അവരാണ് എനിക്ക് എല്ലാ പ്രോത്സാഹനവും തന്നത്. പണ്ട് ഇവിടെ മൂന്നോ നാലോ റിസോർട്ടുകളായിരുന്നു ഉണ്ടായിരുന്നത്. അവിടെ ചായ കൊണ്ടുപോയി കൊടുക്കുമായിരുന്നു ഞാൻ. അവിടെ വന്ന ആളുകളാണ് എന്നോട് ചായക്കടയിൽ മാത്രം ഒതുങ്ങരുതെന്ന് പറഞ്ഞത്,’ കുട്ടേട്ടൻ പറഞ്ഞു.

പണ്ട് കാന്തല്ലൂരിലേക്ക് യാത്രാ മാർഗങ്ങൾ തീരെ കുറവായിരുന്നു പോരാത്തതിന് കടകളും കുറവ്. അന്ന് തന്റെ ചായക്കടയായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്ന് കുട്ടേട്ടൻ ഓർക്കുന്നു. വെറും എട്ട് ജീപ്പുകൾ മാത്രമായിരുന്നു കാന്തല്ലൂർ ഉണ്ടായിരുന്നത്. അത് ഇപ്പോൾ 116 ജീപ്പുകളായി. കഴിഞ്ഞ 20 വർഷം കൊണ്ട് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. കാന്തല്ലൂരിന് ഉണ്ടായ അതെ മാറ്റങ്ങൾ കുട്ടേട്ടനും ഉണ്ടായിട്ടുണ്ട്.

കുട്ടേട്ടനോട് സംസാരിച്ചിരുന്നാൽ സമയം പോകുന്നത് അറിയില്ല. കുടിയേറ്റത്തിന്റെ കഥകൾ, കാന്തല്ലൂരിലെ പട്ടിണിക്കാലം, ഗോത്രവർഗ്ഗ സംകാരത്തിന്റെ ശേഷിപ്പുകൾ, കാർഷിക വൃത്തിയുടെ നാടൻ ടെക്‌നിക്കുകൾ, കുട്ടേട്ടന്റെ അമ്മയുടെ പാട്ട് തുടങ്ങി കുട്ടേട്ടന് പറയാനുണ്ടായിരുന്ന കാന്തല്ലൂരിലെ കഥകൾ അനന്തമായിരുന്നു. കഥ കേട്ടിറങ്ങുന്ന ഓരോരുത്തരും കാന്തല്ലൂരിനെയും കുട്ടേട്ടനെയും നെഞ്ചിലേറ്റും.

Kuttettan

ഞാനൊരു ചായക്കടക്കാരൻ മാത്രമാണ് കൂടെ കൃഷിയും ചെയ്യും. ഇപ്പൊ ഈ ഒരു നിലയിലെത്തിയതിന് പിന്നിൽ ഞാൻ മാത്രമല്ല. എന്റെ വീട്ടിൽ കൃഷി കാണാൻ വന്ന ആർ.ടി മിഷൻകാരാണ് എന്നോട് ഇങ്ങനെ നിന്നാൽ പോരെന്ന് പറഞ്ഞത്. അവർ തന്ന പ്രചോദനവും സഹായവുമാണ് എന്നെ ഞാനാക്കിയത്,’ കുട്ടേട്ടന് കൃതജ്ഞതയോടെ പറഞ്ഞു.

പതിയെ താൻ എല്ലാം പേടിച്ചെന്ന കുട്ടേട്ടന് പറയുന്നു. ബുക്കിങ്, റൂം സർവീസ്, പാക്കേജിങ് , ഉത്തരവാദിത്വ ടൂറിസം അങ്ങനെ എല്ലാം പഠിച്ചു കുട്ടേട്ടന്. തന്റെ ഉള്ളിലൊരു ബിസിനസുകാരൻ ഉണ്ടെന്ന് കുട്ടേട്ടന് തന്നെ മനസിലാക്കി. പതിയെ ആർ.ടി മിഷന്റെ സഹായത്തോടെ കൃഷിയെ എങ്ങനെ ടൂറിസത്തിന്റെ ഭാഗമാക്കാം എന്ന കുട്ടേട്ടന് മനസിലാക്കി.

ചായകുടിച്ചാലോ സാറേ എന്ന് പറഞ്ഞ് തുടങ്ങിയിരുന്ന കുട്ടേട്ടൻ ഇപ്പോൾ റൂം സർവീസ് ഉണ്ടെന്ന് പറയുന്ന നിലയിലേക്ക് പതിയെ ചുവട് വെച്ച് കയറി. ഒരു സാധാരണ ചായക്കടക്കാരനായ മനുഷ്യൻ, കൃഷിയെ അധിക വരുമാനത്തിനായുള്ള ഉപാധിയായി കണ്ടിരുന്ന ഒരു മനുഷ്യന്റെ വിജയകഥ മാത്രമല്ല ഇത്, ഒപ്പം സമൂഹത്തിന്റെ താഴെക്കിടയിലുള്ള വ്യക്തികൾക്ക് സ്വന്തമായി ഒരു അടയാളം ഉണ്ടാക്കിയടുക്കാനുള്ള അവസരം നൽകുന്ന ഉത്തരവാദിത്വ ടൂറിസത്തിന്റെ വിജയം കൂടിയാണ്. ഒപ്പം ടൂറിസത്തെ പുഷ്ടിപ്പെടുത്തുക കൂടിയാണ് ഇവിടെ ചെയ്യുന്നത്.

തദ്ദേശീയരായ ജനവിഭാഗത്തിനും ടൂറിസത്തിന്റെ ഭാഗഭാക്കാവാനും ഒപ്പം അതിന്റെ ഗുണഭോക്താക്കളാകാനും സാധിക്കുക എന്ന ലക്ഷ്യത്തിന്റെ ഉദാഹരണങ്ങളാണ് കുട്ടേട്ടനെപോലുള്ളവർ. 20 വർഷങ്ങൾക്ക് മുൻപ് ചായക്കടയായിരുന്ന അതെ സ്ഥലത്ത് കുട്ടേട്ടൻ ഇപ്പോഴുമുണ്ട്, റിസോർട്ട് മുതലാളിയായി. കാന്തല്ലൂരിലെ വസന്തകാലമാണിത് ഒപ്പം ടൂറിസത്തിന്റെയും ഒരുപാട് കുട്ടേട്ടൻമാരുടെയും. കുട്ടേട്ടൻമാർ ഇനിയും ഉണ്ടാകട്ടെ ഒപ്പം ഉത്തരവാദിത്വ ടൂറിസവും തളിരിടട്ടെ.

Content Highlight: From Tea Seller to Resort Owner: The Journey of Kuttettan

ജിൻസി വി ഡേവിഡ്

ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more