| Saturday, 27th September 2025, 8:24 pm

ആറ് സ്‌ക്രീനിൽ നിന്നും 400ലേക്ക്; ഏറ്റവും കൂടുതൽ ഷെയർ വന്ന സിനിമ അതാണ്: ലിസ്റ്റിൻ സ്റ്റീഫൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച നിർമാതാവാണ് ലിസ്റ്റിൻ സ്റ്റീഫൻ. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നിർമാണ രംഗത്തേക്ക് കടന്നുവന്നത്. ഇപ്പോൾ കാന്താരയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘ഞാനിപ്പോഴും ഓർക്കുന്നു, കാന്താര ആറ് സ്‌ക്രീനിലാണ് അന്ന് പ്രദർശനം തുടങ്ങിയത്. പിന്നെ അതൊരു 400 സ്‌ക്രീനുകളിലേക്ക് പോകുകയായിരുന്നു. ഞാൻ തിയേറ്റർ ബിസിനസ് നടത്തിയിട്ട് തന്നെ എനിക്ക് ഏറ്റവും കൂടുതൽ ഷെയർ വന്ന സിനിമ ഏതാണെന്ന് ചോദിച്ചാൽ അതിനുത്തരം കാന്താരയാണ്.

അതിനെ ഇപ്പോഴും ഒരു സിനിമയും ബ്രേക്ക് ചെയ്തിട്ടില്ല എന്നുള്ളതാണ് സത്യം. പിന്നെ ഇത്രയും വലിയൊരു സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നത് മലയാളികളും ഉണ്ടെന്നുള്ളതാണ്,’ ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു.

തന്റെ ഏറ്റവും ചെറിയ സിനിമയായ ചാപ്പാ കുരിശിൽ തുടങ്ങിയ ബംഗ്ലാൻ ആണ് കാന്താരയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഒരാളെന്നും അതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

ഒരുപാട് മലയാളികൾ ഇപ്പോൾ മറ്റ് വലിയ സിനിമകളുടെ പുറകിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാന്താര എന്നുപറയുന്ന സിനിമ എത്ര സ്‌ക്രീൻ വേണമെങ്കിലും ചെയ്യാൻ പറ്റുമെന്നും എല്ലാ തിയേറ്ററുകാരും ചോദിച്ചുകൊണ്ടിരിക്കുന്ന പടമായി കാന്താര മാറിയെന്നും ലിസ്റ്റിൻ പറഞ്ഞു. അതിനെ ഇവിടെ വരെയെത്തിച്ച പൃഥ്വിരാജിന് നന്ദി പറയുകയാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടിച്ചേർത്തു.

കാന്താര

ഇന്ത്യൻ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര ചാപ്റ്റർ 1. കെ.ജി.എഫിനെ തകർത്ത് കർണാടകയിൽ ഇൻഡസ്ട്രി ഹിറ്റായി മാറിയ കാന്താരയുടെ പ്രീക്വലാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യഭാഗത്തിന്റെ കഥ ആരംഭിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പാണ് ചാപ്റ്റർ വണ്ണിന്റെ കഥ നടക്കുന്നത്. ചിത്രം ഒക്ടോബർ രണ്ടിനാണ് റിലീസ് ചെയ്യുന്നത്.

ആദ്യ ഭാഗം സംവിധാനം ചെയ്ത് പ്രധാനവേഷം കൈകാര്യം ചെയ്ത റിഷബ് ഷെട്ടിയാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്.

റിഷബ് ഷെട്ടിക്ക് പുറമെ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബോളിവുഡ് താരം ഗുൽഷൻ ദേവയ്യയാണ് ചിത്രത്തിൽ വില്ലനായി വേഷമിടുന്നത്. രുക്മിണി വസന്താണ് ചിത്രത്തിലെ നായിക. മലയാളികളുടെ സ്വന്തം ജയറാമും കാന്താര ചാപ്റ്റർ വണ്ണിന്റെ ഭാഗമാകുന്നുണ്ട്.

Content Highlight: From six screens to 400; That’s the movie that got the most shares says Listin Stephen

We use cookies to give you the best possible experience. Learn more