‘ഞങ്ങള്‍ ജയിക്കുമ്പോള്‍ ഞാന്‍ ജര്‍മന്‍കാരനും തോല്‍ക്കുമ്പോള്‍ കുടിയേറ്റക്കാരനുമാകുന്നു,’. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് 2018ല്‍ മെസ്യൂട്ട് ഓസില്‍ പറഞ്ഞ വാക്കുകളാണിവ.
ജര്‍മനിയുടെ ലോകകപ്പ് തോല്‍വിയില്‍ കുറ്റപ്പെടുത്തലും കടുത്ത വംശീയ അധിക്ഷേപങ്ങളും ഉയര്‍ന്നപ്പോഴായിരുന്നു തുര്‍ക്കി വംശജനായ ഓസിലിന്റെ പടിയിറക്കം. ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റിന്റെ പിഴവുകളുടെ ബലിയാടായി ഇനിയും തുടരാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞാണ് ഓസില്‍ തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്.
2018ല്‍ ജര്‍മനി തങ്ങളുടെ കിരീടം നിലനിര്‍ത്താനാവാതെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുകയായിരുന്നു. അന്ന് ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ ചികയുന്നതിന് പകരം ഓസിലിനൊപ്പം മറ്റൊരു തുര്‍ക്കി വംശജനായ ഇല്‍കായ് ഗുണ്ടോഗനെയും കുറ്റപ്പെടുത്തുകയായിരുന്നു ചെയ്തത്. ഇരുവരും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തിയതിനെ ചൊല്ലിയായിരുന്നു വിവാദങ്ങള്‍.
ഇപ്പോള്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായ മൂന്നാം തവണയും ജര്‍മനി പ്രീ ക്വാര്‍ട്ടറില്‍ കടക്കാതെ ലോകകപ്പില്‍ നിന്ന് പുറത്തായിട്ടുണ്ട്. ഈ തോല്‍വിയിലും 2018ന്റെ തനിയാവര്‍ത്തനം തന്നെയാണ് ജര്‍മന്‍ ഫുട്‌ബോളില്‍ നടക്കുന്നതെന്ന ആക്ഷേപങ്ങളാണ് ഉയരുന്നത്.
2018ല്‍ ഓസിലും ഗുണ്ടോഗനും ഇരയായപ്പോള്‍ എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു താരത്തെ ബലിയാടാക്കുകയാണ്. കുര്‍ദിഷ് – യസീദി വംശജനായ സ്‌ട്രൈക്കര്‍ ഡെനിസ് ഉന്‍ഡവിനെയാണ് ഇത്തവണ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷനും പരിശീലകന്‍ ജൂലിയന്‍ നഗെല്‍സ്മാനും ലക്ഷ്യമിടുന്നത്.
പരാഗ്വേക്കെതിരെയുള്ള തോല്‍വിക്ക് പിന്നാലെ ജര്‍മന്‍ മാധ്യമമായ മജന്ത ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് പരിശീലകന്‍ നഗെല്‍സ്മാന്‍ ഉന്‍ഡവിനെ പരസ്യമായി കുറ്റപ്പെടുത്തി രംഗത്തെത്തിയത്. കളിയിലെ ആദ്യ മിനിട്ടില്‍ പോസ്റ്റിന് മുന്നില്‍ ലഭിച്ച ലളിതമായ ഗോള്‍ അവസരം ഉന്‍ഡവ് പാഴാക്കിയതാണ് തോല്‍വിക്ക് കാരണം എന്നതായിരുന്നു പരിശീലകന്റെ കുറ്റപ്പെടുത്തല്‍.
‘മത്സരത്തിന്റെ ആദ്യ മിനിട്ടില്‍ തന്നെ മുന്‍തൂക്കം നേടേണ്ടതായിരുന്നു. പോസ്റ്റിന് മുന്നില്‍ നാലുപേരുണ്ടായിരുന്നു, അവിടെ പന്ത് ഒന്ന് വശത്തേക്ക് പാസ് ചെയ്താല്‍ തന്നെ അനായാസം ഗോളടിക്കാമായിരുന്നു. എന്നാല്‍ ഡെനിസ് ഉന്‍ഡവ് അത് എങ്ങനെയോ ദൂരെയുള്ള പോസ്റ്റിലേക്ക് അടിച്ചുകളഞ്ഞു. പ്രതിരോധനിരയെ തകര്‍ക്കാന്‍ ഇത്തരം വളരെ ലളിതമായ ചില നീക്കങ്ങള്‍ മതിയാകും,’ എന്നായിരുന്നു നഗെല്‍സ്മാന്റെ പ്രതികരണം.
നഗെല്‍സ്മാന്റെ ഈ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. നഗെല്‍സ്മാന്റെ തന്ത്രപരമായ പിഴവുകളും ടീം തെരഞ്ഞെടുപ്പിലെ പാളിച്ചകളും കാരണമാണ് തോല്‍വി വഴങ്ങിയതെന്നത് മറച്ചുവെക്കാനാണ് ഈ ബലിയാടാക്കല്‍ എന്നാണ് ആരാധകര്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍.
ഈ ലോകകപ്പില്‍ ഇക്വഡോറിനെതിരെയുള്ള തോല്‍വിക്ക് പിന്നാലെ ഉന്‍ഡവ് ജര്‍മനിയെക്കാള്‍ എതിരാളികള്‍ക്ക് ജയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് തുറന്നടിച്ചിരുന്നു. ഇത് നഗെല്‍സ്മാനെ ചൊടിപ്പിച്ചിരുന്നു. ഈ പ്രസ്താവന അസംബന്ധമെന്ന് പ്രതികരിച്ച പരിശീലകന്‍ ഇപ്പോള്‍ ലോകകപ്പിലെ പുറത്താകലിന് ഉന്‍ഡവിനെതിരെ വിരല്‍ ചൂണ്ടുകയാണ്.
തോല്‍വിയില്‍ ടീമിന് മൊത്തം ഉത്തരവാദിത്തം ഉണ്ടെന്നിരിക്കെ ഈ ലോകകപ്പില്‍ ജര്‍മനിയുടെ വിജയങ്ങളില്‍ നിര്‍ണായകമായ ഉന്‍ഡവിനെയാണ് നഗെല്‍സ്മാന്‍ കുറ്റപ്പെടുത്തുന്നത് എന്നതാണ് വിരോധാഭാസം. ഐവറി കോസ്റ്റിനെതിരെയുള്ള മത്സരത്തില്‍ പകരക്കാരനായി എത്തി ഉന്‍ഡവ് ആദ്യം സമനിലയും വിജയഗോളും ജര്‍മനിക്ക് സമ്മാനിച്ചിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളിലെ ഉന്‍ഡവിന്റെ അഞ്ച് ഗോള്‍ പങ്കാളിത്തങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ജര്‍മനി നോക്കൗട്ടില്‍ പോലും കടക്കില്ലായിരുന്നു എന്നതാണ് വസ്തുത. ഇതെല്ലാം മറന്നാണ് ഇപ്പോള്‍ നാഗല്‍സ്മാന്‍ താരത്തെ പഴി ചാരുന്നത്.
ഇതിനൊപ്പം ഉന്‍ഡവിനെയും താരത്തിന്റെ സീനിയര്‍ ടീമിലിലേക്കുള്ള യാത്രയും ചര്‍ച്ച ചെയ്യേണ്ടതാണ്. പിതാവ് തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ഉര്‍ഫ പ്രവിശ്യയില്‍ നിന്നും മാതാവ് സിറിയയിലെ ഹസാക്കയില്‍ നിന്നുമുള്ളവരാണെങ്കിലും ഉന്‍ഡവ് ജനിച്ചതും വളര്‍ന്നതും ജര്‍മനിയിലാണ്. താരത്തിന്റെ കുടുംബം 1980 സൈനിക അട്ടിമറിയെത്തുടര്‍ന്ന് ജര്‍മനിയിലേക്ക് കുടിയേറുകയായിരുന്നു.
നേരത്തെ തന്നെ തന്റെ വംശീയ പശ്ചാത്തലത്തെക്കുറിച്ച് ഉന്‍ഡവ് പേര്‍ഷ്യമായി സംസാരിച്ചിട്ടുണ്ട്. 2024ല്‍ പത്രസമ്മേളനത്തിനിടെ തന്നെ തുര്‍ക്കി വംശജനാണെന്ന് വിശേഷിപ്പിച്ച ഒരു പത്രപ്രവര്‍ത്തകനെ താനൊരു കുര്‍ദിഷ് വംശജനാണെന്ന് താരം തിരുത്തിയിരുന്നു.
ഉന്‍ഡവിന്റെ ഫുട്‌ബോള്‍ യാത്ര ജര്‍മന്‍ ഫുട്ബാള്‍ അക്കാദമിയിലൂടെ ആയിരുന്നില്ല. കഠിനാധ്വാനത്തിലൂടെയും ഫാക്ടറിയിലെ മെഷീന്‍ ഓപ്പറേറ്റര്‍ ജോലി ചെയ്തും ജര്‍മനിയിലെ മൂന്ന്, നാല് ഡിവിഷന്‍ ലീഗുകളിലും പന്തുതട്ടിയാണ് ഉന്‍ഡവ് ഉയര്‍ന്നുവന്നത്. അവിടെ ഗോളടിച്ചുകൂട്ടിയ താരം പിന്നീട് ബെല്‍ജിയന്‍ ലീഗിലെത്തുകയും അവിടെ നിന്ന് ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് ആല്‍ബിയോണ്‍ താരത്തെ കണ്ടെത്തുകയുമായിരുന്നു.
പിന്നാലെയാണ് ഉന്‍ഡവ് ജര്‍മന്‍ ടീമിലെത്തുന്നത്. താരത്തിനെ പോലുള്ള പ്രതിഭകളെ കണ്ടെത്തുന്നതില്‍ ജര്‍മനിയുടെ അക്കാദമി സിസ്റ്റത്തിന്റെ പരാജയത്തിന്റെ തെളിവായാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
2014ല്‍ അക്കാദമി സംവിധാനങ്ങള്‍ അടിമുടി പരിഷ്‌കരിച്ചിരുന്നുവെങ്കിലും ആ സംവിധാനം ഇപ്പോള്‍ പൂര്‍ണമായും നിശ്ചലമായിരിക്കുകയാണ്. കമ്പ്യൂട്ടര്‍ ഡാറ്റകളെ അമിതമായി ആശ്രയിക്കുന്ന ‘ലാപ്‌ടോപ്പ് ട്രെയിനര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന നാഗല്‍സ്മാന്റെ തന്ത്രങ്ങളും തീരുമാനങ്ങളും ജര്‍മന്‍ ഫുട്‌ബോളിന് വലിയ തിരിച്ചടിയാവുകയാണ്. ഒപ്പം യഥാര്‍ത്ഥ കാരണങ്ങള്‍ പരിഹരിക്കുനന്തിന് പകരം കുടിയേറ്റ പശ്ചാത്തലമുള്ള കളിക്കാരെ തോല്‍വികളില്‍ ബലിയാടാകുന്നത് ജര്‍മന്‍ ഫുട്‌ബോളിനെ കൂടുതല്‍ ശോഷിപ്പിക്കുകയേയുള്ളുവെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍.
Content Highlight: From Mesut Özil to Deniz Undav: Germany turns to racism amidst FIFA World Cup defeats