| Monday, 9th February 2026, 2:40 pm

പിക്കപ്പ് അപ്പ് ലൈനില്‍ നിന്ന് പീക്ക് പെര്‍ഫോമന്‍സിലേക്ക്; 'ആശാനി'ല്‍ കയ്യടി നേടുന്ന ജോമോന്‍

ഐറിന്‍ മരിയ ആന്റണി

കുഞ്ഞുനാള്‍ മുതല്‍ സിനിമ സ്വപ്‌നം കണ്ട് നടന്ന ഒരു പയ്യന്‍, പിന്നീട് ചെറിയ യൂട്യൂബ് വീഡിയോകളിലൂടെയും ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയും അദ്ദേഹം നമ്മെ ചിരിപ്പിച്ചു. സിനിമ തന്നെയാണ് തന്റെ ലക്ഷ്യമെന്ന് ഉറപ്പിച്ച അയാള്‍ പതിയെ വെള്ളിത്തിരയിലേക്ക് ചേക്കേറി. ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം എന്ന സിനിമയിലെ ഡി.ജെ ബാബുവായി തിളങ്ങിയ ജോമോന്‍ ജ്യോതിര്‍ ഇപ്പോള്‍ മിക്ക സിനിമകളിലും സ്ഥിര സാന്നിധ്യമാണ്.

രോമാഞ്ചത്തിന് ശേഷം ഫാലിമി, വാഴ, ഗുരുവായൂര്‍ അമ്പലനടയില്‍, വ്യസനസമേതം ബന്ധുമിത്രാദികള്‍, ഇന്നസെന്റ് എന്നീ സിനിമകളില്‍ കോമഡി റോളുകളില്‍ തിളങ്ങിയ ജോമോന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാന്‍ കഴിഞ്ഞിരുന്നു. സ്‌ക്രീന്‍ സ്‌പേയ്‌സ് കുറവാണെങ്കിലും തന്റെ എക്‌സ്പ്രഷന്‍ കൊണ്ടും ഡയലോഗ് ഡെലിവറികൊണ്ടും അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിച്ചു.

ഗുരുവായൂര്‍ അമ്പലനടയിലെ അഞ്ജലിയെ സ്‌നേഹിച്ച ഡോക്ടര്‍ ജോര്‍ജിനെ ആരും മറന്നിട്ടുണ്ടാകില്ല. പിക്കപ്പ് ലൈന്‍ പറയുന്ന സ്‌നേഹിച്ച പെണ്ണിന് വേണ്ടി പക്ഷി നോട്ടക്കാരന് വരെയായ ജോര്‍ജ് കുറഞ്ഞ സ്‌ക്രീന് ടൈമിലും പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ട്. ‘അതല്ലേ അതിന്റെയൊരു ബ്യൂട്ടി’ എന്ന് പറയുന്ന വാഴയിലെ ഭക്ഷണപ്രിയനായ ഉഴപ്പന്‍ മൂസയും പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രമാണ്. പിന്നീട് വന്ന വ്യസനസമേതം ബന്ധുമിത്രാദികളാകട്ടെ ഇന്നസെന്റ് ആകെട്ടെ തമാശകളില്‍ തന്റേതായ ഒരു ശൈലി കൊണ്ടുവരാന്‍ ജോമന് കഴിഞ്ഞിരുന്നു.

Photo: ജോമോന്‍ ജ്യോതിര്‍/വാഴ സിനിമയിലെ രംഗത്തില്‍ നിന്ന്

എല്ലാ സിനിമകളിലും ഹാസ്യകഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ജോമോന്റെ നായകനിലേക്കുള്ള ഒരു ചുവടുമാറ്റമായിരുന്നു ആശാന്‍. ആശാന്‍ സിനിമ കണ്ട ആരും ചിത്രത്തിലെ അനന്തനെ മറന്നിട്ടുണ്ടാകില്ല. പെര്‍ഫോമന്‍സില്‍ ഇന്ദ്രന്‍സിനൊപ്പം കട്ടക്ക് പിടിച്ച് നിന്ന ജോമോന്‍ ആശാന്‍ എന്ന ഒറ്റ സിനിമയിലൂടെ കോമഡി മാത്രല്ല തനിക്ക് വഴങ്ങുകയെന്ന് തെളിയിച്ചിരിക്കുകയാണ്.

Photo: ജോമോന്‍ ജ്യോതിര്‍/ ആശാന്‍ സിനിമയിലെ രംഗത്തില്‍ നിന്ന്

ആള്‍ക്കൂട്ട കോമഡിയില്‍ കുടുങ്ങിപ്പോയേക്കാവുന്ന ജോമോന്‍ അനന്തനെന്ന കഥാപാത്രത്തിലൂടെ വലിയൊരു ചുവടുമാറ്റമാണ് ആശാനില്‍ നടത്തിയത്. സിനിമ സ്വപ്‌നം കണ്ട് നടക്കുന്ന ഒരു യുവാവിന്റെ കൗതുകവും ജിജ്ഞാസയും സന്തോഷവും സങ്കടവുമെല്ലാം ആ മുഖത്ത് തെളിഞ്ഞ് കാണാമായിരുന്നു.

സിനിമ ചെയ്യണമെന്ന തന്റെ ആഗ്രഹം സഫലമാക്കാനായി ഒരു പടത്തിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സിനിമ എന്ന ഇന്‍ഡസ്ട്രി എന്താണെന്ന് അനന്തന്‍ അടുത്തറിയുകയാണ്. പുറമെ കണ്ട ഭംഗിക്കപ്പുറം കഠിനാധ്വനമുള്ള ജോലിയാണ് സിനിമയെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളൊക്കെ ജോമോന്‍ ഗംഭീരമായി തന്നെ സ്‌ക്രീനില്‍ അവതരിപ്പിച്ചിട്ടുണ്ട്.

‘ചിലത് നന്നാവും മിക്കതും പിഴക്കും എന്നാലും സിനിമ സംവിധായകന്റെ കയ്യിലെ കുഞ്ഞാണ്’ എന്ന് ഇന്ദ്രന്‍സിന്റെ കഥപാത്രമായ ആശാന്‍ പറയുമ്പോള്‍ അനന്തനുണ്ടാകുന്ന മാറ്റവും തിരിച്ചറിവുമെല്ലാം ഭംഗിയായി അദ്ദേഹം സ്‌ക്രീനില്‍ കാഴ്ച്ചവെച്ചിട്ടുണ്ട്.

ചിരിപ്പിക്കുന്നതിലുള്ള കയ്യടക്കം വൈകാരിക രംഗങ്ങളിലും നടന്‍ നിലനിര്‍ത്തിയിട്ടുണ്ട്. കോമഡി വേഷങ്ങളില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതകളെ നിഷ്പ്രഭം കാറ്റില്‍ പറത്തുമ്പോള്‍ ക്യാരക്ടര്‍ റോളുകളും ഇനി ജോമോനെ തേടിവരുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

Content Highlight: From comic roles to peak performance. Actor Jomon Jyotir with a great performance in the movie Aashan

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more