| Monday, 15th June 2026, 11:08 am

വെറും കാലില്‍ നിന്ന് സ്വര്‍ണബൂട്ടിലേക്ക്

എം.എം.ജാഫർ ഖാൻ

1930ല്‍ ലോകകപ്പ് ഫുട്‌ബോള്‍ ജനിച്ചപ്പോള്‍ മൈതാനത്ത് ഉരുണ്ടുനീങ്ങിയത് ഒരു പന്ത് മാത്രമായിരുന്നില്ല. മനുഷ്യന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും അതിനൊപ്പം ഓടുന്നുണ്ടായിരുന്നു. അന്ന് പല രാജ്യങ്ങളിലെയും കളിക്കാര്‍ക്ക് ബൂട്ട് ഒരു ആഡംബരമായി. ചിലര്‍ വെറുംകാലോടെയാണ് ഇറങ്ങിയത്.

അന്ന് പുല്‍ത്തകിടിയില്‍ പതിഞ്ഞ ആ കാലടിപ്പാടുകള്‍ ഒരു കളിയുടെ ചിത്രമല്ല, ദാരിദ്ര്യത്തിന്റെയും ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും മാനവചരിത്രമായിരുന്നു. ഇന്ന് ലോകകപ്പിന്റെ പച്ചപ്പുല്ലിലൂടെ മിന്നിമറയുന്ന വര്‍ണബൂട്ടുകള്‍ കാണുമ്പോള്‍, ആ വെറുംകാലുകളുടെ പ്രതിധ്വനി ഇപ്പോഴും കേള്‍ക്കാം.

വിചിത്രമെന്നു പറയട്ടെ, ലോകകപ്പിന്റെ ആദ്യ പതിപ്പിന് ഇരുപത്തിമൂന്ന് വയസ് പിന്നിട്ടപ്പോഴാണ് ഫിഫ ബൂട്ട് നിര്‍ബന്ധമാക്കുന്നത്. 1953 ല്‍ കളിക്കാര്‍ ബൂട്ട് ധരിക്കണമെന്ന നിയമം ഔദ്യോഗികമായി. അതുവരെ ഫുട്‌ബോള്‍ ഒരു ശാസ്ത്രമല്ലായിരുന്നു, മനുഷ്യന്റെ സ്വാഭാവികമായ ആവേശവും ശരീരവും തമ്മിലുള്ള ഇണക്കം.

ഫുട്‌ബോള്‍ ബൂട്ടിന്റെ കഥ മനുഷ്യപുരോഗതിയുടെ ചെറുചിത്രം കൂടിയാണ്. രാജാക്കന്മാര്‍ക്കായി നിര്‍മ്മിച്ച കട്ടിയേറിയ തുകല്‍ ബൂട്ടുകളില്‍ നിന്ന് തൊഴിലാളികളുടെ ഭാരമേറിയ വര്‍ക്ക് ബൂട്ടുകളിലേക്കും, അവിടെ നിന്ന് സ്റ്റഡുകളുള്ള ആധുനിക ബൂട്ടുകളിലേക്കും ഫുട്‌ബോള്‍ സഞ്ചരിച്ചു. 1954ല്‍ അഡിഡാസിന്റെ സ്‌ക്രൂ ഇന്‍ സ്റ്റഡുകള്‍ മഴയില്‍ കുതിര്‍ന്ന ലോകകപ്പ് ഫൈനലില്‍ പശ്ചിമ ജര്‍മനിക്ക് കപ്പ് സമ്മാനിച്ചു. ചില വിജയങ്ങള്‍ കാലുകള്‍ കൊണ്ടല്ല, ആശയങ്ങള്‍ കൊണ്ടാണെന്ന് അത് തെളിയിച്ചു.

പിന്നീട് കറുപ്പിന്റെ ഏകാധിപത്യത്തിന് കീഴിലായിരുന്നു ബൂട്ട്. 1970 ലോകകപ്പില്‍ മറ്റൊരു ചിത്രം കണ്ടു. ക്വാര്‍ട്ടര്‍ ഫൈനലിന് മുമ്പ് പെലെ കളി നിര്‍ത്തിവെച്ച് പ്യൂമ ബൂട്ടിന്റെ ലേസ് കെട്ടാന്‍ കുനിഞ്ഞു. ലോകമെമ്പാടുമുള്ള ക്യാമറകള്‍ ആ ബൂട്ടിലേക്ക് സൂം ചെയ്തു. ആ നിമിഷത്തിലായിരുന്നു ഫുട്‌ബോളും വിപണിയും തമ്മിലുള്ള വിവാഹം. ഒരു ലേസ് കെട്ടല്‍ ലോകത്തിലെ ഏറ്റവും വിജയകരമായ പരസ്യങ്ങളിലൊന്നായി മാറി.

1994ല്‍ അഡിഡാസ് പ്രെഡേറ്റര്‍ എത്തി. റബ്ബര്‍ ഫിനുകളുള്ള ആ ബൂട്ടുകള്‍ പന്തിനെ കൂടുതല്‍ അനുസരണയുള്ളവനാക്കി. കളിക്കാരന്‍ പന്തിനെ തൊടുമ്പോള്‍ അത് ഒരു സ്പര്‍ശമല്ല, ഒരു സ്വകാര്യം പറച്ചിലാണെന്ന് അവ ലോകത്തെ പഠിപ്പിച്ചു.

1998 ല്‍ ബ്രസീലുകാരന്‍ റൊണാള്‍ഡോയ്ക്കായി നൈക്ക് മെര്‍ക്യൂറിയല്‍ അവതരിപ്പിച്ചപ്പോള്‍ തുകലിന്റെ യുഗം അവസാനിക്കാന്‍ തുടങ്ങി. സിന്തറ്റിക് മെറ്റീരിയലുകള്‍ ബൂട്ടുകളുടെ ഭാരം കുറച്ചു. കാലുകള്‍ക്ക് ചിറകുകള്‍ മുളച്ചു. വേഗം പുതിയ ദൈവമായി.

2000 കളില്‍ ലേസുകള്‍ പോലും അപ്രത്യക്ഷമായി. നെയ്‌തെടുത്ത തുണിപോലെ തോന്നിക്കുന്ന സോക്ക് ബൂട്ടുകള്‍ കളിക്കാരന്റെ കാലിന്റെ തന്നെ ഒരു തുടര്‍ച്ചയായി. ബൂട്ട് ഒരു ഉപകരണമല്ല, ശരീരത്തിന്റെ ഭാഗമായിത്തീര്‍ന്നു. അങ്ങനെ വെറുംകാലുകളില്‍ ആരംഭിച്ച ലോകകപ്പിന്റെ യാത്ര ഇന്ന് സാങ്കേതികവിദ്യയുടെ അത്യുന്നത ശിഖരത്തിലെത്തിയിരിക്കുന്നു.

2026 ലോകകപ്പിലേക്ക് നോക്കുമ്പോള്‍ ആ കഥയ്ക്ക് ഒരു കവിതയുടെ സൗന്ദര്യമുണ്ട്. മെസിയുടെ ”എല്‍ അള്‍ട്ടിമോ ടാംഗോ” ബൂട്ടുകള്‍ അര്‍ജന്റീനയുടെ ആകാശനിറങ്ങള്‍ ധരിച്ച് തിളങ്ങുന്നു. ഒരു ഇതിഹാസത്തിന്റെ അവസാന നൃത്തത്തിനുള്ള ഒരുക്കം പോലെ.

മറുവശത്ത്, ആറാം ലോകകപ്പിനൊരുങ്ങുന്ന റൊണാള്‍ഡോയുടെ കാലുകളില്‍ പൂര്‍ണമായും സ്വര്‍ണനിറം പൂശിയ ബൂട്ടുകളാവും കാണുക.നേടിയ വിജയങ്ങള്‍ക്കും ഇനിയും എഴുതാനുള്ള അധ്യായങ്ങള്‍ക്കും സമര്‍പ്പിക്കുന്ന ആദരവ്. ഇവിടെ ചരിത്രം ഒരു മനോഹരമായ വൃത്തം പൂര്‍ത്തിയാക്കുകയാണ്. 1930 ല്‍ ചിലര്‍ ലോകകപ്പിന്റെ മൈതാനത്ത് വെറുംകാലോടെ ഓടി. 2026 ല്‍ ചിലര്‍ സ്വര്‍ണം പൂശിയ ബൂട്ടുകളുമായി ഓടുന്നു.

പക്ഷേ മാറാത്ത ഒരു സത്യമുണ്ട്. അന്ന് ആ വെറുംകാലുകളും ഇന്നത്തെ സ്വര്‍ണബൂട്ടുകളും പിന്തുടരുന്നത് ഒരേ ലക്ഷ്യത്തെയാണ്, ലോകകപ്പ് എന്ന ലക്ഷ്യത്തെ. ബൂട്ടുകളുടെ ചരിത്രം സാങ്കേതികവിദ്യയുടെ ചരിത്രമായിരിക്കാം. എന്നാല്‍ ഫുട്‌ബോളിന്റെ ചരിത്രം എക്കാലവും മനുഷ്യ സ്വപ്നങ്ങളുടെതാണ്.

Content Highlight: From bare feet to golden boots; Transition of boots in FIFA World Cups

എം.എം.ജാഫർ ഖാൻ

We use cookies to give you the best possible experience. Learn more