| Thursday, 9th October 2025, 6:09 pm

ബാലകോട്ട് തിറാമിസു മുതല്‍ റാവല്‍പിണ്ടി ചിക്കന്‍ ടിക്ക വരെ; ചര്‍ച്ചയായി ഇന്ത്യന്‍ വ്യോമസേനയുടെ മെനുകാര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 93ാമത് ഇന്ത്യന്‍ വ്യോമസേനാ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ വിളമ്പിയത് പാക് നഗരങ്ങളുടെ പേരിലുള്ള വിഭവങ്ങള്‍. ഓപ്പറേഷന്‍ സിന്ദൂരില്‍ കൈവരിച്ച വിജയത്തെയും 2019ലെ ബാലകോട്ട് ആക്രമണത്തെയുമാണ് വ്യോമസേന മെനുകാര്‍ഡാക്കി മാറ്റിയത്.

റാവല്‍പിണ്ടി ചിക്കന്‍ ടിക്ക മസാല, റഫീക്കി റാഹ മട്ടണ്‍, ബഹവല്‍പൂര്‍ നാന്‍, ബാലകോട്ട് തിറാമിസു, മുസാഫര്‍പൂര്‍ കുല്‍ഫി ഫലൂദ, ഭോലാരി പനീര്‍ മേത്തി മലായ്, ജാക്കോബാബാദ് മെവാ പുലാവ്, സര്‍ഗോദ ദാല്‍ മക്കാനി എന്നിവയാണ് വ്യോമസേനയുടെ മെനുകാര്‍ഡിലുള്ള ഭക്ഷണങ്ങള്‍.

’93 Years of IAF: Infallible, Inpervious and Precise’ എന്ന തലക്കെട്ടിലാണ് മെനുകാര്‍ഡ്. തിങ്കളാഴ്ചയാണ് വ്യോമസേനാ ദിനത്തോടനുബന്ധിച്ച പരിപാടികള്‍ ആരംഭിച്ചത്. നിലവില്‍ പാകിസ്ഥാനെ പരിഹസിച്ചുകൊണ്ടുള്ള ഇന്ത്യന്‍ സേനയുടെ മെനുകാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്.

ഇതിനുപുറമെ തിങ്കളാഴ്ച ആഗ്രയിലെ വ്യോമമേഖലയില്‍ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ സി-130 ജെ, ആന്റണോവ് എ.എന്‍ -32 എന്നീ രണ്ട് വിമാനങ്ങള്‍ വട്ടമിട്ട് പറന്നിരുന്നു. റഫീഖി, ഷെഹ്ബാസ് എന്നീ പേരുകളിലാണ് ഈ വിമാനങ്ങള്‍ ആഗ്രയുടെ ബേസില്‍ പറന്നത്.

സംഭവം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ പരിഹസിച്ചതാണെന്നാണ് വിലയിരുത്തല്‍. കൂടാതെ ഓപ്പറേഷന്‍ സിന്ദൂരിനിടെ പാകിസ്ഥാനിലെ റഫീഖി വ്യോമതാവളത്തില്‍ നടത്തിയ ആക്രമണത്തെയും ഇന്ത്യന്‍ വ്യോമസേന ഓര്‍ത്തെടുക്കുകയായിരുന്നു.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. പിന്നീട് ലഷ്‌കര്‍ ഇ-ത്വയ്ബയുടെ പോഷകസംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

തുടര്‍ന്ന് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യൻ സേനകൾ സംയുക്തമായി തിരിച്ചടിച്ചിരുന്നു. ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ മുരിദ്‌കെ, ബഹാവല്‍പൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്.

40 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരക്രമണത്തിനെതിരെ 2019 ഫെബ്രുവരി 26ന് നടന്ന ബാലകോട്ട് വ്യോമാക്രമണത്തിലൂടെയാണ് ഇന്ത്യ തിരിച്ചടിച്ചത്.

Content Highlight: From Balakot Tiramisu to Rawalpindi Chicken Tikka; Indian Air Force’s menu card under discussion

We use cookies to give you the best possible experience. Learn more