മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് എഴുപതുകളിൽ അലിഗഡ് സർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു. അവിടെ ചെറിയ ആളൊന്നുമല്ല, വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരുന്നു.
ആദ്യം ചരൺ സിംഗിന്റെ ഭാരതീയ ക്രാന്തി ദൾ ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചു തോറ്റു. ജനതാ പാർട്ടി ടിക്കറ്റിൽ 26 ആം വയസിൽ നിയമസഭയിൽ. മുപ്പതാം വയസിൽ കാൺപൂരിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിൽ, ഇന്ദിര ഗാന്ധിയുടെ ക്യാബിനറ്റിൽ മന്ത്രി, എ.ഐ.സി.സി ജോയിന്റ് സെക്രട്ടറി. 84 ൽ വീണ്ടും യു.പി യിൽ നിന്ന് തന്നെ ലോക്സഭയിൽ.
രാജീവ് ഗാന്ധി അവതരിപ്പിച്ച മുസ്ലിം പേർസണൽ ലോ ബില്ലിനെ എതിർത്തു ഖാൻ രാജി വെച്ചു. ഷാ ബാനു കേസിലെ സുപ്രീം കോടതി വിധി മറികടക്കാന്‍ രാജീവ് ഗാന്ധി നിയമം കൊണ്ട് വന്നത് കൊണ്ടാണ് ഖാൻ രാജി വെച്ചതെന്നു കരുതിയവർ അദ്ദേഹമൊരു പുരോഗമനകാരിയാണെന്നു ചുമ്മാതങ്ങു വിചാരിച്ചു.
കോൺഗ്രസിൽ നിന്ന് ഔട്ട് അടിക്കപ്പെട്ട ഖാൻ വി.പി സിംഗിന്റെ കൂടെ കൂടി എം.പി ആയി. വി.പി സിംഗ് സർക്കാർ വീണപ്പോൾ ബി.എസ്പി.യിൽ ചേർന്ന് ജനറൽ സെക്രട്ടറി ആയി. ഗുജറാത്ത് കലാപത്തിന് ശേഷം
‘വർഗീയതയ്ക്കെതിരെയും ബി.എസ്.പി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ തീരുമാനിക്കുന്നതിനെതിരെയും പോരാടാൻ ഞാൻ പ്രതിജ്ഞാബദ്ധനായതിനാൽ, ഭിന്നിപ്പിക്കൽ ശക്തികൾക്കെതിരായ പോരാട്ടത്തിനായി എന്നെത്തന്നെ പൂർണമായും സമർപ്പിക്കുന്നതിനായി വേർപിരിയുകയല്ലാതെ ഒരു ധാർമ്മിക മാർഗവും ഞാൻ കാണുന്നില്ല.’
2002 ൽ ഇങ്ങനെയൊരു രാജിക്കത്ത് പാർട്ടി പ്രസിഡന്റ് കാൻഷിറാമിന് എഴുതിക്കൊടുത്തിട്ടു പോന്ന മനുഷ്യനാണിത്. രണ്ടു വർഷം കഴിഞ്ഞു 2004 ൽ ഖാൻ സാബ് ബി.ജെ.പിയിൽ ചേർന്നു.
വർഗീയതയ്ക്കെതിരെയുള്ള നിലപാട് സ്റ്റാൻൻഡും ധാർമികതയും ഉണ്ടായിരുന്നല്ലോ, ദാറ്റ് വാനിഷ്ഡ് ഇൻ ടു തിൻ എയർ. ബി.ജെ.പി ടിക്കറ്റിൽ യു.പി യിൽ നിന്ന് ലോക്സഭയിലേക്ക് എത്താൻ ശ്രമിച്ചു. പക്ഷെ തോറ്റു. പിന്നെ യു.പി യിൽ അഴിമതിക്കാർക്കൊപ്പം ബി.ജെ.പി നിൽക്കുന്നുവെന്നു പറഞ്ഞു പാർട്ടിയിൽ നിന്ന് അകന്നു.
പുരോഗമന ദേശീയ മുസ്ലിം മുഖം ബി.ജെ.പി ക്ക് ആവശ്യമാണെന്ന് അറിയാവുന്ന ആളായിരുന്നു ഖാൻ. ഖാന് ബി.ജെ.പിയെക്കാളും, ബി.ജെ.പിക്ക് ഖാനിനെ ആവശ്യമായിരുന്നു. വർഗീയപാർട്ടികൾക്ക് എപ്പോളും എതിർചേരിയിൽ നിന്ന് ഒറ്റുകാരെ ആവശ്യമാണ്. ബി.ജെ.പി ക്ക് ഇതിലും നല്ല ഒരാളെ കിട്ടാനുമില്ലായിരുന്നു.
2019 ഓഗസ്റ്റ് ആറിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കപ്പെട്ടു. 2019 സെപ്റ്റംബർ ഒന്നിന് കേരളത്തിന്റെ ഗവർണർ സ്ഥാനമേറ്റെടുത്ത ഖാൻ, വിഘടനവാദവും ഭീകരവാദവും പ്രോത്സാഹിപ്പിക്കാൻ പാകിസ്ഥാൻ ആർട്ടിക്കിൾ 370 ഉപയോഗിച്ചു.
പാകിസ്ഥാൻ സൃഷ്ടിച്ച അസാധാരണ സാഹചര്യം അസാധാരണമായ ഒരു നടപടിയ്ക്ക് കാരണമായി എന്നാണ് ആ നടപടിയെക്കുറിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രെസിനോട് പ്രതികരിച്ചത്.
പിന്നീട് ആന്റി സി.എ.എ പ്രൊട്ടസ്ററ് നടക്കുമ്പോളും, ഫാംസ് ആക്റ്റിനെതിരെ പ്രൊട്ടസ്ററ് നടക്കുമ്പോളും ഗവർണറിലുപരി സംഘപരിവാറിന്റെ ഒരു കുഴലൂത്തുകാരനെ നമ്മൾ കണ്ടു.
2025 ജനുവരി 2 — കേരളം
കേരളത്തിന്റെ 23-ാമത് ഗവർണറായി രാജേന്ദ്ര അർലേക്കർ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിലെത്തിയശേഷം സർവകലാശാലാ ഭരണവും സംസ്ഥാന സർക്കാരുമായുള്ള ബന്ധവും സംബന്ധിച്ച തർക്കങ്ങളും ഭാരതാംബ വിവാദവും അദ്ദേഹത്തിന്റെ കാലയളവിലെ പ്രധാന രാഷ്ട്രീയ വിഷയങ്ങളായിരുന്നു. അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
രാജേന്ദ്ര അർലേക്കർ കേരള ഗവർണറായി ചുമതലയേറ്റശേഷം 2025 മെയിൽ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പരിപാടിയിൽ ആർ.എസ്.എസ്. ആശയപ്രചാരകനായ എസ്.ഗുരുമൂർത്തിയെ രാജ്ഭവനിൽ പ്രസംഗിക്കാൻ ക്ഷണിച്ചത് വിവാദമായിരുന്നു. എൽ.ഡി.എഫും യു.ഡി.എഫും ഒരേ പോലെ ഇതിനെയെതിർത്തു.
2025 ജൂണിൽ രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതമാതാ ചിത്രം പ്രദർശിപ്പിച്ചതിനെച്ചൊല്ലി തർക്കമുണ്ടായി. മന്ത്രി പി. പ്രസാദ് ഒരു ചടങ്ങിൽനിന്ന് വിട്ടുനിന്നു. തുടർന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സമാനമായ ചിത്രത്തിന്റെ സാന്നിധ്യത്തിൽ പ്രതിഷേധിച്ച് മറ്റൊരു ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയി. ശിവൻകുട്ടി രാജ്ഭവനെ ആർ.എസ്.എസ്. കേന്ദ്രമാക്കി മാറ്റരുതെന്ന വിമർശനമുന്നയിച്ചിരുന്നു.
ഇന്ന് ഭാരതമാതാ എന്ന ആശയം ഹിന്ദുത്വ ഉപയോഗിക്കുന്നത്, ഇന്ത്യ ഹിന്ദുക്കളുടെ പുണ്യഭൂമി എന്ന രീതിയിലാണ്. ഹിറ്റ്ലറുടെ ആര്യന് മേല്‍കോയ്മ സിദ്ധാന്തവുമായി ഡി.എന്‍.എ പങ്കിടുന്ന ഒന്നാണീ പവിത്രഭൂമി ആശയം. മുസ്ലീങ്ങളും മറ്റ് ന്യൂനപക്ഷങ്ങളും തങ്ങള്‍ക്ക് കീഴ്പ്പെട്ട് കഴിയുന്ന ഹിന്ദുരാജ്യമായിരുന്നു സംഘപരിവാർ വിഭാവനം ചെയ്തത്.
ഇതില്‍ വരുന്ന ഒരു പ്രശ്നം, ഏകദൈവ വിശ്വാസത്തില്‍ അതിഷ്ഠിതമായ ന്യൂണപക്ഷങ്ങള്ക്കും മതേതര വാദികള്‍ക്കും ഹിന്ദു ദൈവങ്ങളുടെ വാര്‍പ്പ് മാതൃകയില്‍ സംഘപരിവാര്‍ നിര്‍മ്മിച്ച ഭഗ്വധ്വജമേന്തിയ ഹിന്ദുത്വ സ്ത്രീ ബിംബത്തെ അംഗീകരിക്കാനാവാതെയാകുന്നു. എന്നാല്‍ ഇതടിച്ചേല്പ്പിക്കാന് സംഘപരിവാര്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതൊരിക്കലും ഭരണഘടനാധിഷ്ഠിതമായ ഒരു സങ്കല്‍പ്പമല്ല. മറിച്ചു കാവിക്കൊടി കൈയ്യിലേന്തിയ സ്ത്രീരൂപം ഹിന്ദുരാഷ്ട്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കാവിക്കൊടി പിടിച്ചു നില്ക്കുന്ന ചിത്രം വയ്ക്കുകയും, അതിനെ വണങ്ങിയില്ലെങ്കില്‍ രാജ്യദ്രോഹി ആയിത്തീരുകയും ചെയ്യും എന്നൊരു സിറ്റുവേഷന് കൃത്രിമമായി സംഘപരിവാര്‍ സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ ഇതൊരു ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ചുവടാണ് എന്നുള്ളതാണ് നമ്മള് മനസ്സിലാക്കേണ്ടത്.
അത് മനസ്സിലാക്കുന്നത് കൊണ്ടാണ് കമ്മ്യൂണിസ്റ്റ്കാരനായ കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് രാജ് ഭവനിലെ സംഘപരിവാര്‍ നിര്‍മിത ചിത്രത്തിന്മുന്നില് തിരി തെളിക്കാനും പുഷ്പാര്‍ച്ചന നടത്താനുമാകില്ല എന്ന് പറയുകയും പരിപാടി ബഹിഷ്കരിക്കുകയും ചെയ്തത്.
സ്വന്തം സംഘടനയെ നിരോധിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിനെയും, കമ്മ്യൂണിസ്റ്റ് ആയിരുന്ന ഭഗത് സിംഗിനെയും വരെ കൈയ്യടക്കാന്‍ ശ്രമിക്കുന്ന പ്രത്യയ ശാസ്ത്രമാണ് ഹിന്ദിത്വയുടേത്. ആരാന്റെ കൊച്ചിന്റെ അപ്പനാകാന്‍ പോകുന്ന സ്വഭാവം. പലയിടത്തും അവര്‍ അതില്‍ വിജയിച്ചിട്ടുമുണ്ട്.
കേരളത്തിലെ സർവകലാശാലകളിലെ ഇടക്കാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഇല്ലാത്ത അധികാരം ഉണ്ടെന്ന് സ്ഥാപിക്കാനാണ് അർലേക്കർ ശ്രമിച്ചത്. ഇവിടെ ശ്രദ്ധിക്കേണ്ടത്, ചില നിയമനങ്ങൾ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് നടത്തിയതെങ്കിലും അർലേക്കർ പിന്നീട് ആ നിയമനങ്ങളെ സംരക്ഷിച്ച് കോടതിയിൽ അപ്പീൽ നൽകിയതും തുടർനടപടികൾ സ്വീകരിച്ചതുമാണ്.
2025 ജൂലൈ 14 ന് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് കേരള ഡിജിറ്റൽ സർവകലാശാലയിലെയും എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെയും ഇടക്കാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഗവർണറുടെ അപ്പീൽ തള്ളുകയും നിയമപ്രകാരമുള്ള നടപടിക്രമം പാലിച്ച് നിയമനം നടത്തണമെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഇനി ഓം പ്രകാശ് മാഥൂറിന്റെ കാര്യം നോക്കാം. 1972 ൽ ആർ.എസ്.എസ് പ്രചാരകനായി രാഷ്ട്രീയരംഗത്തേക്കുള്ള മാഥൂറിന്റെ ആദ്യകാല പ്രവേശനം രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെയായിരുന്നു. ആർ.എസ്.എസ്. പ്രചാരകനായി രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച അദ്ദേഹം, 1988-ൽ ബി.ജെ.പിയിൽ ചേരുകയും, ദേശീയ സംഘടനാ നേതൃത്വത്തിലൂടെ ഉയർന്നുവന്ന് 2024-ൽ സിക്കിമിന്റെ ഗവർണറായി നിയമിതനാവുകയും ചെയ്തു.
2002 ഗുജറാത്ത് വംശഹത്യയുടെ കാലത്ത് ഗുജറാത്ത് സംസ്ഥാനത്തിന്റെ ചുമതല വഹിച്ചിരുന്നത് ഓം പ്രകാശ് മാഥൂറായിരുന്നു. 2008-ൽ മാഥൂർ രാജസ്ഥാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്നപ്പോളാണ് ബി.ജെ.പി ഭരിച്ചിരുന്ന രാജസ്ഥാൻ സർക്കാർ മതപരിവർത്തനം നിയന്ത്രിക്കുന്ന ബിൽ നിയമസഭയിൽ പാസാക്കിയത്.
11 മാർച്ച് 2016 ൽ ‘രാഹുൽ ഗാന്ധി ജെ.എൻ.യുവിൽ ദേശവിരുദ്ധ ഘടകങ്ങളെ പിന്തുണയ്ക്കാൻ പോയി. അദ്ദേഹത്തിനെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തണം.’ എന്ന് മാഥൂർ പറഞ്ഞിരുന്നു.
2016 മേയ് 16-ന് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ, ഉത്തർപ്രദേശിലെ അഖിലേഷ് യാദവ് സർക്കാർ മുസ്ലിംകൾക്ക് സംവരണം ഉറപ്പാക്കാൻ പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ മാഥൂർ വിമർശിച്ചിരുന്നു.
2024 ജനുവരിയിൽ അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചർച്ചയിൽ, രാമന്റെ ജന്മസ്ഥലത്ത് പള്ളി നിർമിക്കുന്നത് ശരിയാണോ എന്ന ചോദ്യം മാഥൂർ ഉന്നയിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
പാർട്ടിഭേദമന്യേ മതത്തിന്റെ പേരിൽ ആളുകൾ വെട്ടിയും കൊന്നും തീരരുതെന്നു കരുതുന്ന, നാരായണഗുരുവും, അയ്യങ്കാളിയും ഉഴുതുമറിച്ചിട്ട നവോഥാനത്തിന്റെ മണ്ണാണിത്. ആ മതനിരപേക്ഷ മനസ്സുള്ളതുകൊണ്ടാണ് ഈ മേല്പറഞ്ഞ ‘സാബ്‘ മാരുടെ പാർട്ടി ഇവിടെ മൂലയ്ക്ക് ഇരിക്കുന്നത്.
1930 കളിൽ വളരെയധികം ശക്തി പ്രാപിച്ച സോഷ്യലിസ്റ്റ് ഇടതുപക്ഷ ഗ്രൂപ്പുകളും, തൊഴിലാളി പ്രസ്ഥാനങ്ങളും ചേർന്ന് രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പാർട്ടിയോട് കൂടിയാണ് സംഘപരിവാറിന്റെ യുദ്ധപ്രഖ്യാപനം. ഇതൊരു ദ്രാവിഡ ദേശത്തിന്റെ ഭാഗമാണ് സർ, എന്നും ആര്യൻ അധിനിവേശം ചെറുത്തു നിന്നയിടം.
അതുകൊണ്ട് തന്നെ പൊളിറ്റിക്കൽ ഹിന്ദുത്വയുടെ രാഷ്ട്രീയ രാമനെയും നാട് ചെറുത്തു തോൽപ്പിക്കും. ഇന്ന് ആരിഫ് മുഹമ്മദ് ഖാനും, അർലേക്കറും കരുതുന്നു യുദ്ധം പിണറായി വിജയനോടാണെന്ന്, നിങ്ങൾക്ക് തെറ്റി, പോലീസ് തലയടിച്ചു തകർത്തപ്പോൾ, ആ രക്തത്തിൽ വിരൽ മുക്കി ലോക്കപ്പിൽ അരിവാൾ ചുറ്റിക വരച്ച ഒഞ്ചിയത്തെ സഖാവ് മണ്ടോടി കണ്ണന്റെ, സഖാവെന്ന വാക്കിൽ കേരളം തിരിച്ചറിയുന്ന പി.കൃഷ്ണപിള്ളയുടെ, ഈ.എം എസിന്റെ, എ.കെ.ജി യുടെ, നായനാരുടെ, ജയ് രാവൺ മുദ്രാവാക്യമുയർത്തിയ ടി.കെ മാധവന്റെ, മിസ്റ്റർ മാർത്താണ്ടൻ എന്ന് രാജകുടുംബംഗത്തെ വിളിക്കാൻ ധൈര്യം കാണിച്ച വി.എസിന്റെ നാടാണ് സാബ് ഇത്.
ഒരിക്കൽ ആ മുഖം ഇ.എം.എസും എ.കെ.ജിയും ഒക്കെയായിരുന്നു, പിന്നീട് കാലം പോകെപ്പോകെ അത് നായനാരും, വി.എസ് അച്യുതാനന്ദനും ഒക്കെയായി. ഇപ്പോൾ അത് നിങ്ങൾ കോരന്റെ മകൻ എന്ന് പരിഹസിക്കുന്ന പിണറായി വിജയനാണ്. അയാൾ സ്ഥാനം നോക്കി പാർട്ടികൾ തോറും ചാടി നടന്ന ഒരു മനുഷ്യനുമല്ല. പക്ഷെ അവരുടെ കരുത്ത്, അയാളുടെ കരുത്ത്, പ്രസ്ഥാനമാണ്.
ഇന്ന് ജീവനക്കാർ എന്ത് കഴിക്കണം എന്ന് വരെ മാഥൂറിന്റെ തിട്ടൂരം ഇറങ്ങിയിരിക്കുന്നു. എന്ത് ഭക്ഷണം കഴിക്കണമെന്ന് സംഘപരിവാർ തീരുമാനിക്കുന്ന ദുരവസ്ഥ! ഔദ്യോഗിക സ്ഥാപനത്തിലെ ഭക്ഷണനയമല്ലേ?
പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ അടുക്കളയിൽ എന്ത് ഭക്ഷണം തയ്യാറാക്കണം എന്നത് ഭരണപരമായ തീരുമാനമാണ്.
ഓം പ്രകാശ് മാഥൂറിന് വേണ്ടെങ്കിൽ ആ ‘ആരാധ്യൻ’ കഴിക്കാതിരുന്നാൽ പോരെ?
കമ്മലിട്ടവൻ പോയിട്ട് ‘ആരാധ്യനായ’ കടുക്കനിട്ടവൻ വന്നിരിക്കുന്നു.
Content Highlight:From Arif Mohammad Khan to Om Prakash Mathur—who infuses ‘Sanghism’ into food.