| Sunday, 10th August 2025, 3:03 pm

സുഹൃത്തുക്കൾ ഒരു പരിഗണനയും തരില്ല; പ്രയത്നിക്കുന്നത് നല്ല നടനാകാൻ വേണ്ടി: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2012ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന നടനാണ് ടൊവിനോ തോമസ്. ഗപ്പി എന്ന ചിത്രത്തിലൂടെ നായകവേഷം തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ ഇന്ന് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയ ടൊവിനോ മികച്ച സിനിമകളുടെ ഭാഗമാകാനാണ് എപ്പോഴും ശ്രമിക്കുന്നത്.

ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാൻ ടൊവിനോയ്ക്ക് സാധിച്ചു. ടൊവിനോ തോമസിൻ്റേതായി തിയേറ്ററിൽ ഇറങ്ങിയ അവസാന സിനിമയാണ് നരിവേട്ട. ഇപ്പോൾ വീട്ടുകാരെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചും സംസാരിക്കുകയാണ് ടൊവിനോ തോമസ്.

‘എന്നെ സംബന്ധിച്ചിടത്തോളം എന്നെ ഗ്രൗണ്ടഡ് ആയി നിര്‍ത്തുന്നത് എന്റെ വീട്ടുകാര്‍ തന്നെയാണ്. എന്നെക്കാളും ആള്‍ക്കാരുമായി ഇടപെടുന്നത് വീട്ടുകാരാണ്. സക്സസ് ഒക്കെ വരുന്നതിന് മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ ഒരു ബെറ്റര്‍ മനുഷ്യനാണ് ഞാന്‍ എന്ന് എനിക്ക് തോന്നാറുണ്ട്. കാരണം നമുക്ക് ജീവിതത്തിനെപ്പറ്റിയൊക്കെ കുറച്ച് ഇൻഫർമേഷൻ മാത്രമല്ലേ ഉണ്ടായിരുന്നുള്ളു. ഞാന്‍ സിനിമയില്‍ വരുന്നത് 2012ലാണ്. അപ്പോള്‍ എനിക്ക് 23 വയസ് ആണ് പ്രായം,’ ടൊവിനോ പറയുന്നു.

ആ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ കുറച്ച കൂടി നല്ല മനുഷ്യനാണ് താനിപ്പോഴെന്നും സക്‌സസ് ഒരിക്കലും എന്റെ തലയില്‍ കയറാനായിട്ട് തന്റെ ചുറ്റും നില്‍ക്കുന്നവര്‍ സമ്മതിച്ചിട്ടില്ലെന്നും ടൊവിനോ കൂട്ടിച്ചേർത്തു. അതിന് കാരണം തൻ്റെ വീട്ടുകാർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

‘വീട്ടില്‍ പോയിട്ട് എനിക്ക് ‘അമ്മേ സൂപ്പര്‍ സ്റ്റാറിനൊരു ചായ’ എന്നെനിക്ക് പറയാന്‍ പറ്റില്ലല്ലോ. വീട്ടില്‍ പോയിക്കഴിഞ്ഞാല്‍ പണ്ടത്തെ പോലെ തന്നെയാണല്ലോ. ഒരു മാറ്റവും ഇല്ല. എന്റെ ചുറ്റും ഉള്ള ആള്‍ക്കാരെ ഒക്കെ ഞാന്‍ ചെറുപ്പം മുതല്‍ കാണുന്ന ആളുകളാണ്. അപ്പോള്‍ എനിക്ക് വേറെ ആളായിട്ട് അവരോട് പെരുമാറാന്‍ പറ്റില്ല.

കൂട്ടുകാരാണെങ്കില്‍ ഒരു പരിഗണനയും എനിക്ക് തരില്ല. സെലിബ്രിറ്റി എന്നുപറയുന്നത് അറിയാത്തവരുടെ ഇടയിലാണ്. അറിയാവുന്നവരുടെ ഇടയില്‍ സെലിബ്രിറ്റി ഇല്ല,’ ടൊവിനോ കൂട്ടിച്ചേർത്തു.

ഒരു സിനിമ കണ്ടിറങ്ങിയിട്ട് ആ സിനിമയില്‍ കാണാന്‍ സുന്ദരനായിരുന്നു എന്നുപറയുന്നതിനേക്കാള്‍, ചിത്രത്തിലെ പെര്‍ഫോമന്‍സ് നന്നായിരുന്നുവെന്ന് കേൾക്കാനാണ് തനിക്കിഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

നല്ല വ്യക്തിയാണെന്ന് പറയാന്‍ വേണ്ടി താന്‍ പ്രയത്‌നിക്കുന്നില്ലെനന്നും നല്ല നടനാണെന്ന് പറയാന്‍ വേണ്ടിയിട്ടാണ് താന്‍ പ്രയത്‌നിക്കുന്നതെന്നും ടൊവിനോ കൂട്ടിച്ചേർത്തു. രഞ്ജിനി ഹരിദാസിനോട് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

Conntent Highlight: Friends don’t give any consideration; I strive to become a good actor says Tovino Thomas

We use cookies to give you the best possible experience. Learn more