കേരളത്തിന്റെ സ്വന്തം ഫ്രാഞ്ചൈസി ക്രിക്കറ്റായ കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരം ഇന്ന്. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.
മത്സരത്തില്‍ കെ.സി.എ സെക്രട്ടറി ഇലവന്‍ കെ.സി.സഎ പ്രസിഡന്റ് ഇലവനെ നേരിടും. സെക്രട്ടറി ഇലവനെ സഞ്ജു സാംസണ്‍ നയിക്കുമ്പോള്‍ സച്ചിന്‍ ബേബിയാണ് പ്രസിഡന്റ് ഇലവന്റെ നായകന്‍.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ നവീകരിച്ച ഫ്‌ളഡ് ലൈറ്റുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. രാത്രി 7.30ന് മത്സരം മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ മോശം കാലാവസ്ഥ മത്സരത്തിന് തിരിച്ചടിയാകുമോ എന്നാണ് ആരാധകരുടെ പേടി.
കെ.സി.എ സെക്രട്ടറി ഇലവന്‍ vs കെ.സി.എ പ്രസിഡന്റ് ഇലവന്‍ ഫ്രണ്ട്‌ലി മത്സരത്തില്‍ കാണികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഇന്നര്‍ ഗേറ്റ് 5, 15 എന്നീ ഗേറ്റുകള്‍ വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാനാകുമെന്ന് കെ.സി.എ അറിയിച്ചു.
കെ.സി.എല്‍ രണ്ടാം സീസണിന് മുന്നോടിയായി പഴയ മെറ്റല്‍ ഹാലെയ്ഡ് ഫ്ളഡ് ലൈറ്റുകള്‍ മാറ്റിയാണ് ആധുനിക സാങ്കേതികവിദ്യയോട് കൂടിയുള്ള പുതിയ എല്‍.ഇ.ഡി ഫ്ളഡ് ലൈറ്റുകള്‍ സ്ഥാപിച്ചത്. ഡി.എം.എക്.സ് കണ്‍ട്രോള്‍ സിസ്റ്റമാണ് പ്രധാന സവിശേഷത.
ഇതുഉപയോഗിച്ച് ലൈറ്റുകളുടെ പ്രകാശതീവ്രത പൂജ്യം ശതമാനം മുതല്‍ 100 ശതമാനം വരെ കൃത്യമായി നിയന്ത്രിക്കാനാകും. കൂടാതെ ഫേഡുകള്‍, സ്‌ട്രോബുകള്‍ പോലുള്ള ലൈറ്റിങ് സ്പെഷ്യല്‍ ഇഫക്ടുകളും ഇതില്‍ സാധ്യമാണ്.
സംഗീതത്തിനനുസരിച്ച് ലൈറ്റുകള്‍ ചലിപ്പിക്കുന്ന ഡൈനാമിക്, ഓഡിയോ-റിയാക്ടീവ് ലൈറ്റിങ് ക്രമീകരണങ്ങള്‍ക്കും ഈ സംവിധാനം സഹായിക്കും. ഇത്തരം സംവിധാനങ്ങളുള്ള രാജ്യത്തെ ചുരുക്കം സ്റ്റേഡിയങ്ങളിലൊന്നാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്.
കെ.സി.എ സെക്രട്ടറി ഇലവന്‍
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, കൃഷ്ണപ്രസാദ്, ഷോണ്‍ റോജര്‍, അജ്നാസ് എം, സിജോമോന്‍ ജോസഫ്, ബേസില്‍ തമ്പി, ബേസില്‍ എന്‍.പി, അഖില്‍ സ്‌കറിയ, ഫാനൂസ് എഫ്, മുഹമ്മദ് ഇനാന്‍, ഷറഫുദീന്‍ എന്‍. എം, അഖിന്‍ സത്താര്‍.
കെ.സി.എ പ്രസിഡന്റ് ഇലവന്‍
സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ എസ്. കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, അഭിഷേക് ജെ. നായര്‍, അബ്ദുള്‍ ബാസിത്, ബിജു നാരായണന്‍, ഈഡന്‍ ആപ്പിള്‍ ടോം, നിധീഷ് എം.ഡി, അഭിജിത്ത് പ്രവീണ്‍, ആസിഫ് കെ.എം, എസ്. മിഥുന്‍, വിനോദ് കുമാര്‍ സി.വി, സച്ചിന്‍ സുരേഷ്.
Content highlight: Friendly match before Kerala Cricket League