കോഴിക്കോട്: താമരശ്ശേരിയിലെ അറവുമാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ്‌കട്ട് ഫാക്ടറിക്കെതിരെ ഇന്നലെ (ചൊവ്വ) പ്രദേശവാസികൾ ജനകീയ മഹാറാലി നടത്തി. ഇന്നലെ വൈകുന്നേരമാണ് സമരം നടന്നത്.
വായുവും കുടിവെള്ളവും മലിനമാക്കുന്ന ഫ്രഷ്കട്ട് മാലിന്യ ഫാക്ടറി വീണ്ടും തുറന്നതോടെ ദുർഗന്ധം രൂക്ഷമായെന്ന് നാട്ടുകാർ പറഞ്ഞു.
തങ്ങളെ വേട്ടയാടുന്ന പൊലീസിന്റെ സമീപനം അവസാനിപ്പിക്കണമെന്നും ശുദ്ധജലവും വായുവും മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും നാട്ടുകാർ പറഞ്ഞു.
അക്രമാസക്തമായ സമരത്തിനുപിന്നാലെ പൂട്ടിയ ഫാക്ടറി 18 ദിവസത്തിന് ശേഷമാണ് തുറന്നു പ്രവർത്തിച്ചത്.
സ്ത്രീകളും കുട്ടികളുമടക്കം നാല് പഞ്ചായത്തുകളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് മഹാറാലിയിൽ പങ്കെടുത്തത്.
കമ്പനി അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ജനങ്ങൾ. ഫാക്ടറിക്കെതിരായ സമരം ശക്തമാക്കുമെന്ന് സമരസമിതി നേരത്തെ അറിയിച്ചിരുന്നു.
മാലിന്യ പ്രശ്നം ഉണ്ടാകില്ലെന്ന ഉറപ്പ് വിശ്വസിക്കാനാകില്ലെന്നും പഴയപോലെ ഫാക്ടറിയെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും സമരസമിതി പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം 21 ന് ഫ്രഷ്‌കട്ട് ഫാക്ടറിക്കെതിരെ നടത്തിയ സമരം അക്രമാസക്തമായിരുന്നു. സമരത്തിൽ 300 ലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇപ്പോഴും പലരും ഒളിവിലാണെന്നാണ് റിപ്പോർട്ട്.
ഫാക്‌ടറി വീണ്ടും ആരംഭിക്കാൻ തുടങ്ങിയാൽ പ്രദേശത്ത് പ്രശ്‌ങ്ങൾ ഉണ്ടാകുമെന്ന് ആദ്യഘട്ടം തന്നെ നാട്ടുകാർ അറിയിച്ചിരുന്നു. എന്നാൽ ഇത് വകവെയ്ക്കാതെ ഫാക്ടറി പ്രവർത്തിച്ചിരുന്നു.
കോഴിക്കോട് ജില്ലയിലെ ഏക അറവ് മാലിന്യ സംസ്‌കരണ ഫാക്‌ടറി എന്ന നിലയിലാണ് 2019 ൽ ഫ്രഷ് കട്ട് എന്ന സ്ഥാപനം കട്ടിപ്പാറയിൽ ആരംഭിക്കുന്നത്. ജില്ലയിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ച് ഫാക്‌ടറിയിൽ വെച്ച് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്.
Content Highlight: Freshcut waste factory reopens, causing stench; thousands take to the streets