| Monday, 14th September 2026, 10:39 am

മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്: ദമ്പതികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു; നാഗാ വിമതർക്ക് പങ്കെന്ന് കുക്കി സംഘടനകൾ

ശ്രീലക്ഷ്മി പി.പി

ഇംഫാൽ: സംഘർഷഭരിതമായ മണിപ്പൂരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അജ്ഞാതർ നടത്തിയ രണ്ടിടങ്ങളിലെ വെടിവെപ്പിൽ കുക്കി ഗോത്രവിഭാഗത്തിൽപ്പെട്ട നാല് പേർ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നിൽ എൻ.എസ്.സി.എൻ (ഐ.എം) , ഇസഡ്.യു.എഫ് (കെ) എന്നീ നാഗാ വിമത സംഘടനകളാണെന്ന് കുക്കി സംഘടനകൾ ആരോപിച്ചു.

തമൻഗ്ലോങ് ജില്ലയിലെ ടോളൻ ഗ്രാമത്തിലാണ് ആദ്യ ആക്രമണം അരങ്ങേറിയത്. ഇവിടെ താമസിച്ചിരുന്ന സെയ്നെ സിങ്സിറ്റ്, ഭാര്യ ലിംഗ്സങ്‌ഗായി എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ലിംഗ്സങ്‌ഗായി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും സെയ്നെ സിങ്സിറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

ഇവരുടെ ആറുവയസ്സുള്ള മകനും വെടിയേറ്റിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട പുറത്തെടുക്കാനായി അടിയന്തര ശസ്ത്രക്രിയ നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി കുക്കി സിവിൽ സംഘടനകൾ വ്യക്തമാക്കി.

രണ്ടാമത്തെ സംഭവം, അരി കയറ്റി സഞ്ചരിച്ച ഒരു സംഘത്തിന് നേരെയുണ്ടായ ആക്രമണമായിരുന്നു. അജ്ഞാതരായ തോക്കുധാരികൾ പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ ജൂലി ഗാങ്‌തെ, താങ്‌റോൾ ഗാങ്‌തെ എന്നിവർ സംഭവസ്ഥലത്തുതന്നെ വെടിയേറ്റു മരിച്ചു.

ഇവരോടൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീയെ കാണാതായിട്ടുണ്ടെന്നും ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നുമാണ്‌ റിപ്പോർട്ടുകൾ.
സാധാരണക്കാർക്കെതിരെ നടന്ന ഈ ക്രൂരമായ കൊലപാതകങ്ങളിൽ മുഖ്യമന്ത്രി വൈ. കെമ്ചന്ദ് സിങ് ശക്തമായ അപലപനവും അനുശോചനവും രേഖപ്പെടുത്തി.

‘നിരപരാധികളായ സാധാരണക്കാർക്ക് നേരെ അരങ്ങേറുന്ന ഇത്തരം ഭീരുത്വം നിറഞ്ഞ അക്രമങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ല. നമ്മുടെ സമൂഹത്തിൽ ഇത്തരം പൈശാചിക പ്രവൃത്തികൾക്ക് യാതൊരു സ്ഥാനവുമില്ല,’ അദ്ദേഹം പറഞ്ഞു.

സമീപകാലത്തും ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായി തുടർന്നിരുന്നു. ഈ വർഷം മേയ് 13-ന് കാങ്‌പോക്പി ജില്ലയിലെ ഒരു ഗ്രാമത്തിൽനിന്ന് നാഗാ വിഭാഗത്തിൽപ്പെട്ട ആറുപേരെ തട്ടിക്കൊണ്ടുപോവുകയും, ജൂൺ 10-ന് കുക്കി ജനവാസമേഖലയ്ക്ക് സമീപത്തുനിന്ന് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.

ഇതിന് മുന്നോടിയായി ഫെബ്രുവരിയിൽ നാഗാ വിഭാഗവുമായുണ്ടായ ഏറ്റുമുട്ടലിൽ കുക്കി വിഭാഗത്തിലെ 14 പേർ കൊല്ലപ്പെടുകയും നിരവധി വീടുകൾ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തതായി കുക്കി സംഘടനകൾ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണങ്ങളും കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Content Highlight:Fresh gunfire in Manipur: Four, including a couple, killed; Kuki organisations allege Naga insurgents’ involvement.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more