| Monday, 21st September 2026, 7:36 pm

മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്: 15 വയസുള്ള കുട്ടി കൊല്ലപ്പെട്ടു

അഞ്ജു ചന്ദ്രന്‍

ഇംഫാല്‍: മണിപ്പൂരിലെ തമെങ്‌ലോങ് ജില്ലയിലെ തമേയ് മേഖലയില്‍ അജ്ഞാതരായ ആയുധധാരികള്‍ നടത്തിയ വെടിവെപ്പില്‍ 15 കാരന്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ടാകൗ ഗ്രാമത്തില്‍ നിന്നുള്ള കുട്ടി അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി തമേയ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

പ്രദേശത്ത് നിന്ന് ഏകദേശം 20 റൗണ്ട് വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഗ്രാമവാസികളാണ് റോഡരികില്‍ വെടിയേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന്റെ കാരണം സംബന്ധിച്ചും പൊലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല. ഏതെങ്കിലും സംഘടനയോ സായുധ സംഘമോ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

മണിപ്പൂരില്‍ നാഗാ-കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് പുതിയ സംഭവം. ഫെബ്രുവരി മുതല്‍ ഇരു വിഭാഗങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷങ്ങളില്‍ 35ലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

സെപ്റ്റംബറില്‍ മാത്രം കുക്കി വിഭാഗത്തില്‍പ്പെട്ട ഏഴ് പേര്‍ അജ്ഞാതരായ ആയുധധാരികളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസവും തമെങ്ലോങ് ജില്ലയില്‍ അജ്ഞാത ആയുധധാരികളുടെ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Content Highlights: Fresh firing in Manipur: 15-year-old boy killed.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more