കോഴിക്കോട്: താമരശേരി മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരം അക്രമാസക്തമായ സംഭവത്തില്‍ ഗൂഢാലോചന നടന്നെന്ന് പൊലീസ് ഹൈക്കോടതിയില്‍.
സമരത്തില്‍ നിരോധിത സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ക്രിമിനല്‍ ഗൂഢാലോചനയാണ് സമരത്തിലുണ്ടായത്. ഇതിന്റെ ഭാഗമായാണ് തീവെപ്പ് അടക്കം നടത്തിയത്. ഈ സംഭവത്തില്‍ നിരോധിത സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.
ഫ്രഷ് കട്ട് സ്ഥാപനത്തിനെതിരെ സമരം നടത്തുന്ന സമരസമിതി ചെയര്‍മാന്‍ ക്രിമിനലാണെന്നും സമരക്കാര്‍ കുട്ടികളെ മറയാക്കിയാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സമരത്തിന് മുമ്പ് മൂന്ന് ആംബുലന്‍സുകള്‍ സ്ഥലത്തെത്തിച്ചത് സമരസമിതി ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ തെളിവാണ്.
കുട്ടികള്‍ സ്‌കൂളിലേക്ക് പോവേണ്ടെന്ന് നിര്‍ദേശം നല്‍കിയത് അവരെ മറയാക്കി സമരം ചെയ്യാന്‍ ഉദ്ദേശിച്ചതിന് തെളിവാണെന്നും പൊലീസ് ആരോപിച്ചു.
സമരം അക്രമസാക്തമാക്കാനായി ഫാക്ടറി ഉടമകളുടെ ആളുകള്‍ സമരത്തില്‍ നുഴഞ്ഞുകയറിയെന്ന ആരോപണങ്ങളെ പൊലീസ് റിപ്പോര്‍ട്ടില്‍ തള്ളിക്കളഞ്ഞു.
അതേസമയം, സമരത്തിനായി പ്രതിഷേധക്കാര്‍ മാരകായുധങ്ങള്‍ ശേഖരിച്ചെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍, കഞ്ഞി വെച്ച് സമരം നടത്തുന്നതിന് വേണ്ടി വിറക് കീറാന്‍ എത്തിച്ച മഴുവാണ് പൊലീസ് മാരകായുധങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സമരക്കാരുടെ വിശദീകരണം.
ആറ് വര്‍ഷമായി സമാധാനപരമായി തങ്ങള്‍ നടത്തിയ സമരം അക്രമാസക്തമായതും തീവെപ്പില്‍ കലാശിച്ചതും ഫാക്ടറി ഉടമകളുടെ ആളുകള്‍ ഇടപെട്ടതുകൊണ്ടാണെന്ന് സമരസമിതി ആരോപിച്ചിരുന്നു.
പൊലീസ് കരുതിക്കൂട്ടി വര്‍ഗീയവത്കരിക്കുകയാണ് വിഷയമെന്നാണ് ഫ്രഷ്‌കട്ട് വിരുദ്ധ ജനകീയ സമരസമിതി ജനറല്‍ കണ്‍വീനറായ സമസ്ത നേതാവ് ഫൈസി കൂടത്തായി പ്രതികരിച്ചത്.
അതേസമയം, താമരശ്ശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ്‌കട്ട് ഫാക്ടറിക്കെതിരെ ഇന്നലെ (ചൊവ്വ) പ്രദേശവാസികള്‍ ജനകീയ മഹാറാലി നടത്തിയിരുന്നു.
വായുവും കുടിവെള്ളവും മലിനമാക്കുന്ന ഫ്രഷ്‌കട്ട് മാലിന്യ ഫാക്ടറി വീണ്ടും തുറന്നതോടെ ദുര്‍ഗന്ധം രൂക്ഷമായെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ റാലി.
തങ്ങളെ വേട്ടയാടുന്ന പൊലീസിന്റെ സമീപനം അവസാനിപ്പിക്കണമെന്നും ശുദ്ധജലവും വായുവും മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.
ഫ്രഷ്‌കട്ട് ഫാക്ടറിക്കെതിരെ നടത്തി വന്നിരുന്ന സമരം ഒക്ടോബര്‍ 21 നാണ് അക്രമാസക്തമായത്. പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റ സംഭവത്തിലും സംഘര്‍ഷ സംഭവത്തിലും ഫാക്ടറിക്ക് തീയിട്ട വിഷയത്തിലും 300 ലേറെ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവരില്‍ പലരും ഇപ്പോഴും ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: Fresh Cut protest was planned; Chairman of the protest committee is a criminal; Police in the High Court