തലശേരി: ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായത് ആസൂത്രിത സംഘര്‍ഷമാണെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നെന്ന് ആരോപിച്ച് ജനകീയ സമരസമിതി.
സമരക്കാര്‍ സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കിയെന്ന ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ നിലപാട് പച്ചക്കള്ളമാണെന്നും സമര സമിതി പറഞ്ഞു. ആറ് വര്‍ഷമായി സമാധാനപരമായാണ് സമരം നടത്തുന്നത്. ഇതിനിടയിലെ പൊലീസിന്റെ നടപടി സമരത്തെ അടിച്ചമര്‍ത്താനുള്ള ആസൂത്രിത ശ്രമമാണെന്നും സമരസമിതി ആരോപിച്ചു.
ഫ്രഷ് കട്ടിന് മുന്നില്‍ നടന്നത് ആസൂത്രിത ആക്രമണമെന്നായിരുന്നു കഴിഞ്ഞദിവസം യതീഷ് ചന്ദ്ര പ്രതികരിച്ചത്. സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കിയാണ് ആക്രമണം നടത്തിയതെന്നും ഇതിന് പിന്നില്‍ ചില തത്പര കക്ഷികളാണെന്നും യതീഷ് ചന്ദ്ര പറഞ്ഞിരുന്നു.
ഫ്രഷ് കട്ടിലെ ജീവനക്കാര്‍ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണയ്ക്കാനെത്തിയ ഫയര്‍ എഞ്ചിനുകളെ തടയുന്ന തരത്തില്‍ മനുഷ്യത്വ രഹിതമായ നടപടിയാണ് ഉണ്ടായത്. പൊലീസ് കര്‍ശന നടപടിയെടുക്കുമെന്നും എസ്.പിക്കും താമരശേരി എസ്.എച്ച്.ഒ ഉള്‍പ്പെടെ 16 പൊലീസുകാര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും ഡി.ഐ.ജി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നേരത്തെ കോഴിക്കോട് താമരശേരിയിലെ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരായ സമരത്തിനെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.ബി രാജേഷ് തള്ളിപ്പറഞ്ഞിരുന്നു.
നിയമപരമായ പ്രതിഷേധമല്ല ചൊവ്വാഴ്ചയുണ്ടായതെന്നും ചില ഛിദ്ര ശക്തികള്‍ സമരത്തില്‍ നുഴഞ്ഞുകയറിയെന്നും മന്ത്രി ആരോപിച്ചിരുന്നു. സമരസമിതിയെ ഹൈജാക്ക് ചെയ്‌തെന്നും ഇവരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധക്കാര്‍ ഫാക്ടറിക്ക് തീയിടുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തിരുന്നു. സമരക്കാര്‍ എസ്.പിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിരുന്നു.
ബ്ലോക്ക് പഞ്ചായത്തംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റുമായ മെഹ്‌റൂഫിനെ ഒന്നാംപ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊലപാതകശ്രമം, കലാപമുണ്ടാക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തി സംഭവത്തില്‍ 351 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഫാക്ടറിക്ക് തീയിട്ടതിന് മുപ്പത് പേരെ പ്രതി ചേര്‍ത്ത് കേസെടുത്തു. കമ്പനിക്ക് അഞ്ചുകോടിയുടെ നഷ്ടമുണ്ടായെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്.
Content Highlight: Fresh Cut Factory Protest: Yatish Chandra lies about using human shield; Janakeeya Samara Samithi says it’s a planned attempt to suppress