| Sunday, 2nd November 2025, 9:59 am

ഫ്രഷ് കട്ട് സംഘർഷത്തിൽ ഗൂഢാലോചന; യതീഷ് ചന്ദ്രയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഫ്രഷ് കട്ട് സംഘർഷത്തിൽ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു കണ്ണന്തറ. ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.

ഫ്രഷ് കട്ട് സംഘർഷത്തിൽ ഗൂഢാലോചന ആരോപിച്ച് പോലീസ് നേരത്തെ രംഗത്തെത്തിയിരുന്നു. സമാധാനമായി നടന്ന സമരം പെട്ടെന്ന് അക്രമാസക്തമായതിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് പൊലീസ് പറഞ്ഞിരുന്നു.

എന്നാൽ ഡി.ഐ.ജി യതീഷ് ചന്ദ്ര ഉൾപ്പടെയുള്ള പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇപ്പോൾ മുഖ്യമന്ത്രിക്ക് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പരാതി നൽകിയിരിക്കുന്നത്.

കുട്ടികളും വൃദ്ധരും സ്ത്രീകളുമടക്കം സമാധാനപരമായി നടത്തിയ സമരമായിരുന്നെന്നും അക്രമാസക്തമായ ഒരു സമരത്തിലേക്ക് പോയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് സമരസമിതിക്ക് അറിയാമെന്നും എന്നിട്ടും ബോധപൂർവം സമരം അക്രമാസക്തമാക്കി എന്ന് ആക്ഷേപിക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫ്രഷ് കട്ട് സംഘർഷത്തിൽ 361 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മൂന്ന് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലാപം സൃഷ്ടിക്കൽ, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അറവുമാലിന്യ സംസ്‌കരണ പ്ലാൻിൽ നിന്നുള്ള ദുർഗന്ധം, ഇരുതുള്ളി പുഴയിലേക്ക് മാലിന്യം തള്ളുന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ജനകീയ സമിതി സംഭവസ്ഥലത്ത് പ്രതിഷേധിച്ചിരുന്നത്.

കോഴിക്കോട് ജില്ലയിലെ ഏക അറവ് മാലിന്യ സംസ്കരണ ഫാക്‌ടറി എന്ന നിലയിലാണ് 2019 ൽ ഫ്രഷ് കട്ട് എന്ന സ്ഥാപനം കട്ടിപ്പാറയിൽ ആരംഭിക്കുന്നത്. ജില്ലയിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ച് ഫാക്ട‌റിയിൽ വെച്ച് സംസ്‌കരിക്കുകയാണ് ചെയ്തിരുന്നത്.

ഒരു തരത്തിലുമുള്ള ദുർഗന്ധമോ പ്രശ്‌നങ്ങളോ ഉണ്ടാകില്ലെന്ന ഉറപ്പുനൽകിയതിന് ശേഷമാണ് ഫാക്ടറി പ്രവർത്തിക്കാൻ തുടങ്ങിയത്. എന്നാൽ ആരംഭഘട്ടം തന്നെ വലിയ രീതിയിലുള്ള ദുർഗന്ധം വമിക്കുകയും സമീപത്തെ തോടുകളിലും പുഴയിലുമെല്ലാം മാലിന്യം നിറയുന്ന സ്ഥിതിയാണുണ്ടായത്.

Content Highlight: Fresh Cut conflict; Complaint to Chief Minister demanding investigation into Yatish Chandra’s role

We use cookies to give you the best possible experience. Learn more