| Sunday, 4th May 2025, 2:50 pm

അഞ്ച് വര്‍ഷത്തെ സമരത്തിനൊടുവില്‍ കോഴി അറവ് മാലിന്യ സംസ്‌കരണ ഫാക്ടറി ഫ്രഷ് കട്ട് താത്കാലികമായി അടച്ച് പൂട്ടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഏക കോഴി അറവ് മാലിന്യ സംസ്‌കരണ ഫാക്ടറിയായ ഫ്രഷ് കട്ട് താത്കാലികമായി അടച്ച് പൂട്ടാന്‍ ഉത്തരവ്. കോഴിക്കോട് താമരശേരിയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിക്കെതിരെ അഞ്ച് വര്‍ഷത്തോളമായി പ്രദേശവാസികള്‍ സമരത്തിലായിരുന്നു. 100 ദിവസത്തോളം ഇരുതുള്ളി പുഴ സംരക്ഷണ സമിതിയും പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫാക്ടറി അടച്ച് പൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ഫാക്ടറിയുടെ ലൈസന്‍സ് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പുതുക്കി നല്‍കിയിരുന്നില്ല. ഇനി ഒരു മാസത്തിന് ശേഷം പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ. സമരക്കാരുടെ ആരോപണങ്ങള്‍ പരിശോധിച്ചതിന് ശേഷമാവും ഫാക്ടറി വീണ്ടും തുറന്ന പ്രവര്‍ത്തിക്കുക എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഫാക്ടറി അടച്ച് പൂട്ടിയത് ജില്ലയിലെ മാലിന്യ നീക്കത്തെ ബാധിക്കില്ലെന്നും പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

പ്ലാന്റിനുള്ള ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു. ഫ്രഷ് കട്ടിന്റെ പഞ്ചായത്ത് ലൈസന്‍സ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അവസാനിച്ചിരുന്നു. എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സ് കാലാവധി തീരാന്‍ ഒരു മാസം കൂടി സമയമുള്ളതിനാല്‍ ഏപ്രില്‍ 30 വരെ പ്രവര്‍ത്തനം തുടരുകയായിരുന്നു. ഇതും കഴിഞ്ഞ ദിവസം അവസാനിച്ചു.

നേരത്തെ ജനകീയ സമരത്തിന് പിന്തുണയുമായി എം.കെ. മുനീര്‍ എം.എല്‍.എ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. മാലിന്യ സംസ്‌കരണ പ്ലാന്റ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും സമരമുഖത്തുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മുനീര്‍ പറഞ്ഞിരുന്നു.

അതേസമയം കലക്ടറുടെ നേതൃത്വത്തില്‍ രണ്ട് മാസം മുമ്പ ചേര്‍ന്ന് യോഗത്തില്‍ ഫ്രഷ് കട്ട് സ്വകാര്യ കോഴി മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് ഇനി അഴുകാത്ത, പുതിയ കോഴി മാലിന്യം മാത്രം കൊണ്ടുപോകാന്‍ തീരുമാനമായിരുന്നു.

ഇതിന് പുറമെ പ്ലാന്റിലേക്ക് കൊണ്ടുപോകുന്ന കോഴി മാലിന്യത്തില്‍ 10 മുതല്‍ 15 ടണ്‍ വരെ അയല്‍ ജില്ലയിലേക്ക് ഡി.എല്‍.എഫ്.എംസി (ഡിസ്ട്രിക്റ്റ് ലെവല്‍ ഫെസിലിറ്റേഷന്‍ & മോണിറ്ററിംഗ് കമ്മിറ്റി) അനുമതിയോടെ കൊണ്ടുപോകാനും തീരുമാനമായിരുന്നു.

ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡി.എല്‍.എഫ്.എം.സി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യോഗത്തിന് മുന്‍പ് ജില്ലാ കളക്ടര്‍ കട്ടിപ്പാറ പ്ലാന്റിനെതിരെ സമര രംഗത്തുള്ള സമരസമിതി ഭാരവാഹികളുമായും സംസാരിച്ചിരുന്നു. ഇത് കഴിഞ്ഞ് രണ്ട് മാസം പൂര്‍ത്തിയാവുമ്പോഴാണ് പ്ലാന്റ് അടച്ച് പൂട്ടാന്‍ തീരുമാനമായത്.

Content Highlight: Fresh Cut, a poultry slaughterhouse waste treatment factory, will be temporarily closed after a five-year strike

We use cookies to give you the best possible experience. Learn more