| Sunday, 6th November 2011, 3:20 pm

ഗര്‍ഭകാലത്ത് മൂത്രശങ്ക അധികമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗര്‍ഭിണികള്‍ക്ക് എപ്പോഴും മൂത്രമൊഴിക്കുവാന്‍ തോന്നുന്നത് സാധാരണയാണ്. ഗര്‍ഭകാലത്ത് ഹോര്‍മോണുകളിലുണ്ടാവുന്ന ചില മാറ്റങ്ങള്‍ കാരണം നിങ്ങളുടെ വൃക്കകളിലൂടെയുള്ള രക്തപ്രവാഹം കൂടും. ഇത് മൂത്രസഞ്ചി എളുപ്പം നിറയാന്‍ കാരണമാകും. വയറ്റിലെ കുഞ്ഞിന്റെ ചലനങ്ങളും മൂത്രമൊഴിക്കുവാനുള്ള തോന്നലുണ്ടാക്കും.

ഇതിനു പുറമേ ഗര്‍ഭകാലത്ത് നിങ്ങളുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് ഇരട്ടിയാകും. ഇതിന്റെ ഫലമായി നിങ്ങളുടെ വൃക്കകളില്‍ അധികം ദ്രാവകം ഉല്പാദിപ്പിക്കപ്പെടും. ഇതെല്ലാം മൂത്രസഞ്ചിയില്‍ നിറയുകയും ചെയ്തു.

രാത്രിയാണ് കൂടുതലും മൂത്രമൊഴിക്കുവാനുള്ള തോന്നലുണ്ടാകുക. കിടക്കുമ്പോള്‍ ദേഹത്തിന്റെ മറ്റു ഭാഗങ്ങളിലെ വെള്ളം മൂത്രസഞ്ചിയിലേക്കെത്തുന്നത് കാരണമാണിത്.

വയര്‍ വലുതായി വരുന്നതിനനുസരിച്ച് മൂത്രസഞ്ചിക്ക് കൂടുതല്‍ മര്‍ദമുണ്ടാകുകയും ഇടയ്ക്കിടെ മൂത്രമൊഴിക്കുവാന്‍ തോന്നുകയും ചെയ്യും. ഇത് മൂത്രസഞ്ചിയില്‍ മൂത്രം ഉളളതു കൊണ്ടാകണമെന്നില്ല. ഗര്‍ഭകാലത്ത് കിഡ്‌നി കൂടുതല്‍ പ്രവര്‍ത്തിക്കുന്നതും എപ്പോഴും മൂത്രശങ്ക തോന്നാനുള്ള മറ്റൊരു കാരണമാണ്.

ചായ, കാപ്പി എന്നിവ കഴിവതും കുറയ്ക്കുന്നത് മൂത്രശങ്ക കുറയ്്ക്കും. മൂത്രമൊഴിക്കുമ്പോള്‍ കുനിഞ്ഞിരുന്നാല്‍ മൂത്രസഞ്ചിയിലെ മുഴുവന്‍ വെള്ളവും പുറത്തുപോകും. ഇത് തുടരെത്തുടരെയുള്ള മൂത്രശങ്ക കുറയ്ക്കും. എന്നാല്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നും എന്ന കാരണംകൊണ്ട് വെള്ളംകുടിക്കാതിരിക്കരുത്. വെള്ളം നിങ്ങളുടെ ശരീരത്തിന് അത്യാവശ്യം തന്നെയാണ്.

മൂത്രമൊഴിയ്ക്കുമ്പോള്‍ നീറ്റലോ വേദനയോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിയ്ക്കരുത്. കാരണം ഗര്‍ഭിണികളില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. ഇത് വേണ്ട സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ കിഡ്‌നി പ്രശ്‌നങ്ങള്‍ക്കും മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകും.

malayalam news

We use cookies to give you the best possible experience. Learn more