| Saturday, 7th June 2025, 9:13 pm

റെയില്‍വേ മാനേജ്‌മെന്റിലെ കുഴപ്പങ്ങള്‍ ഇടക്കിടെയുള്ള ഉദ്ഘാടനങ്ങള്‍ക്ക് നികത്താനാവില്ല; കേന്ദ്രത്തിനെതിരെ ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റെയില്‍വേ മാനേജ്‌മെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. ഇന്ത്യന്‍ റെയില്‍വേയുടെ മാനേജ്‌മെന്റില്‍ കുഴപ്പങ്ങളുണ്ടെന്നും ഇത് ഇടക്കിടെയുള്ള ഉദ്ഘാടനങ്ങള്‍ കൊണ്ട് നികത്താനാകില്ലെന്നും ജയറാം രമേശ് പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ ആര്‍ച്ച് പാലമായ ചെനാബ് ഉദ്ഘാടനം ചെയ്തത്. ഐഫല്‍ ടവറിനേക്കാള്‍ ഉയരം കൂടിയ പാലമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്.

കൂടാതെ ജമ്മുവിലെ കത്രയെയും കശ്മീരിലെ ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പരോക്ഷ വിമര്‍ശനവമായി ജയറാം രമേശ് രംഗത്തെത്തിയത്.

‘മോദി സര്‍ക്കാരിന്റെ മാതൃക: ആദ്യം പ്രഖ്യാപിക്കുക, രണ്ടാമത്തേത് ചിന്തിക്കുക (വേഗത്തില്‍). ഇന്ത്യന്‍ റെയില്‍വേയുടെ മാനേജ്മെന്റില്‍ കുഴപ്പങ്ങളുണ്ട്. അത് ഇടക്കിടെയുള്ളതും ആഡംബര പൂര്‍ണവുമായ ഉദ്ഘാടനങ്ങള്‍ക്ക് നികത്താനാവില്ല,’ എന്നായിരുന്നു ജയറാം രമേശിന്റെ പോസ്റ്റ്. സാന്യ ധിംഗ്ര എന്ന യുവതിയുടെ പോസ്റ്റ് എക്‌സ് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.

‘റെയില്‍വേ സര്‍വീസ് ലയനം സ്‌പെഷ്യലൈസ്ഡ് ഓഫീസര്‍മാരുടെ ഗുരുതരമായ ക്ഷാമത്തിന് കാരണമായി. ഇത് റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളെയും സുരക്ഷയെയും ബാധിച്ചു. ആദ്യമായി കേന്ദ്ര സര്‍ക്കാര്‍ അത് സമ്മതിക്കുകയും ചെയ്തു,’ സാന്യ ധിംഗ്രയുടെ പോസ്റ്റ്.

രാജ്യത്ത് തുടര്‍ച്ചയായി റെയില്‍വേ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് വീണ്ടും കേന്ദ്രത്തിനെതിരെ വിമര്‍ശനമുന്നയിക്കുന്നത്.

റെയില്‍വേ അപകടങ്ങളിൽ പരിഹാരം കാണുന്നതിലും കൃത്യമായ മറുപടി നല്‍കുന്നതിലും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയത്.

Content Highlight: Frequent inaugurations cannot fix the problems in railway management: Jairam Ramesh against the Centre

We use cookies to give you the best possible experience. Learn more