| Thursday, 24th April 2025, 4:16 pm

ഫലസ്തീന്‍ അനുകൂലിയായ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ഷാഹിന്‍ ഹസാമിയെ ഭീകര നിയമപ്രകാരം അറസ്റ്റ് ചെയ്ത് ഫ്രഞ്ച് സുരക്ഷാ സേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ഷാഹിന്‍ ഹസാമിയെ ഫ്രഞ്ച് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഫലസ്തീന്‍ അനുകൂല ശബ്ദങ്ങള്‍ക്കെതിരായ നടപടികളുടെ ഭാഗമായാണ് ഹസാമിനെ അറസ്റ്റ് ചെയ്തത്.

ഫ്രഞ്ച് നിയമപ്രകാരം ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കുറ്റമായ അപ്പോളജി ഡു ടെററിസം എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ഫ്രഞ്ച് മാസികയായ ലെ പോയിന്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഏപ്രില്‍ 22 ചൊവ്വാഴ്ച പാരിസിലെ തന്റെ വീട്ടില്‍ വെച്ചാണ് ഹസാമിയെ അറസ്റ്റ് ചെയ്തത്. ഭാര്യയുടെയും രണ്ട് മക്കളുടെയും മുന്നില്‍ വെച്ചാണ് ഹസാമിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

ഹസാമിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും അടുത്തിടെ ലെബനന്‍ സന്ദര്‍ശത്തിനിടെ എടുത്ത ഫോട്ടോകളും ഫലസ്തീന്‍, ലെബനന്‍ പ്രധിരോധ ഗ്രൂപ്പുകള്‍ക്കുള്ള അദ്ദേഹത്തിന്റെ പിന്തുണ കാണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് ആദ്യം മുതല്‍ സമാനമായ കുറ്റങ്ങള്‍ ചുമത്തി ലിയോണില്‍ തടവില്‍ കഴിയുന്ന ഇറാനിയന്‍ അക്കാദമീഷ്യന്‍ ആയ മഹ്ദിഹ് എസ്ഫാന്‍ഡിയാരിയോടും ഹസാമി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല എസ്ഫാന്‍ഡിയാരിയുടെ ജയില്‍ മോചനത്തിനായി ഹസാമി സജീവമായ പ്രചാരണവും നടത്തിയിരുന്നു.

എസ്ഫാന്‍ഡിയാരിയുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ പ്രകാരം അദ്ദേഹം ഹമാസിനെ പിന്തുണക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ലെ പോയിന്റിന്റെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഗാസ മുനമ്പില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ എതിര്‍ക്കുന്ന പണ്ഡിതന്മാരെയും വിദ്യാര്‍ത്ഥികളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ട് യു.എസിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും നടക്കുന്ന നടപടികള്‍ക്കിടയിലാണ് അറസ്റ്റുകള്‍.

ഇതേതുടര്‍ന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം അറസ്റ്റുകളെ വിമര്‍ശിക്കുകയും വിശദീകരണങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഫ്രാന്‍സിലെ ഇറാനിയന്‍ പൗരന്മാരുടെ അവകാശങ്ങളെ ലംഘിക്കുന്ന ഇത്തരം തടങ്കലുകള്‍ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് ഏപ്രില്‍ ആദ്യ വാരത്തില്‍ പറഞ്ഞിരുന്നു.

റിപോര്‍ട്ടുകള്‍ പ്രകാരം 2023 ഒക്ടോബര്‍ 7 മുതല്‍ ഇസ്രാഈലി വംശഹത്യയില്‍ കുറഞ്ഞത് 51,300 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കൂടാതെ 117,090 ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

content highlights: French security forces arrest pro-Palestinian freelance photographer Shahid Hazami under terrorism laws

We use cookies to give you the best possible experience. Learn more