| Wednesday, 3rd June 2026, 8:31 pm

ഇസ്രഈലിന്റെ 'സ്ഥിരമായ യുദ്ധം' സ്വന്തം സുരക്ഷയ്ക്ക് ഭീഷണി; ഇറാനെയും ലെബനനെയും അവഗണിച്ച് പശ്ചിമേഷ്യയിൽ പരിഹാരമില്ലെന്ന് ഫ്രാൻസ്

ആദര്‍ശ് എം.കെ.

പാരീസ്: ലെബനൻ ഭൂപ്രദേശങ്ങളിൽ ഇസ്രഈൽ നടത്തുന്ന “അനധികൃത അധിനിവേശം” അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു. ഫ്രഞ്ച് നാഷണൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇസ്രഈലിനെതിരെ കടുത്ത നിലപാട് വ്യക്തമാക്കിയത്.

ഇസ്രഈലിന്റെ നിലവിലെ സൈനിക തന്ത്രങ്ങൾ പശ്ചിമേഷ്യയുടെ സ്ഥിരതയെ പൂർണമായും അപകടത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ലെബനനിലെ നിലവിലെ സാഹചര്യങ്ങൾ അതീവ സങ്കീർണമാണെന്ന് ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, നിലവിലുള്ള വെടിനിർത്തൽ അങ്ങേയറ്റം ദുർബലമാണെന്നും ചൂണ്ടിക്കാട്ടി.

‘ലെബനനിലിപ്പോൾ ഉള്ളത് ഒരു യഥാർത്ഥ വെടിനിർത്തലല്ല, മറിച്ച് ‘വെടിമരുന്നിലൂടെയുള്ള വെടിനിർത്തൽ’ മാത്രമാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇസ്രഈൽ ഈ യുദ്ധം അടിയന്തരമായി അവസാനിപ്പിച്ചേ മതിയാവൂ,’ സെബാസ്റ്റ്യൻ ലെകോർനു വ്യക്തമാക്കി.

ഹിസ്ബുല്ലയ്ക്ക് ഇറാനുമായുള്ള ശക്തമായ ബന്ധം ചൂണ്ടിക്കാണിച്ച ഫ്രഞ്ച് പ്രധാനമന്ത്രി, ലെബനൻ വിഷയം മാറ്റിവെച്ചുകൊണ്ട് പശ്ചിമേഷ്യൻ പ്രതിസന്ധിയിലോ ഇറാനുമായുള്ള തർക്കങ്ങളിലോ ഒരു സമഗ്ര പരിഹാരം കണ്ടെത്താനാകില്ലെന്ന് വ്യക്തമാക്കി. ലെബനന്റെ തന്ത്രപ്രധാനമായ പങ്കിനെ അവഗണിക്കുന്നത് വലിയ തെറ്റായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എസ്-ഇറാൻ ചർച്ചകളെ ലെബനനിലെ സംഭവവികാസങ്ങൾ നേരിട്ട് ബാധിക്കുമെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകളിൽ, ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മുന്നണികളിലെയും പോരാട്ടങ്ങൾ അവസാനിപ്പിക്കുക എന്നത് പ്രധാന വ്യവസ്ഥയാണെന്നും ലെകോർനു വ്യക്തമാക്കി.

ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യുദ്ധനയങ്ങളെയും ഫ്രഞ്ച് പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. നെതന്യാഹു മുന്നോട്ടുകൊണ്ടുപോകുന്ന “സ്ഥിരമായ യുദ്ധം” എന്ന നയം ഇസ്രഈലിന്റെ തന്നെ ദീർഘകാല സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഈ നയങ്ങൾ ഇസ്രഈലിന്റെ സ്വന്തം താത്പര്യങ്ങളെത്തന്നെയാണ് ഇല്ലാതാക്കുന്നതെന്നും ഫ്രഞ്ച് പ്രധാനമന്ത്രി പറഞ്ഞു.

ലെബനനിൽ അധിനിവേശം വ്യാപിപ്പിക്കാനും തലസ്ഥാനമായ ബെയ്റൂട്ടിൽ ശക്തമായ ആക്രമണം നടത്താനും നെതന്യാഹു നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് ഇസ്രഈൽ ഇതിൽ നിന്നും പിന്തിരിഞ്ഞതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

ഇസ്രഈലിന്റെ നിലവിലെ യുദ്ധതന്ത്രത്തെ പ്രതിരോധിക്കുന്നതിനായി അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ശക്തികളുടെയും മറ്റ് പ്രാദേശിക പങ്കാളികളുടെയും പിന്തുണ തേടാനാണ് ഫ്രാൻസിന്റെ തീരുമാനം.

അന്താരാഷ്ട്ര വ്യാപാര സുരക്ഷ ഉറപ്പാക്കുന്നതിനായി ഹോർമുസ് കടലിടുക്കിലെ തടസമില്ലാത്ത സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുക, യുദ്ധമേഖലയിലുള്ള ഫ്രഞ്ച് പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ചരിത്രപരമായ ബന്ധമുള്ള ലെബനന് പരമാവധി നയതന്ത്ര-സാമ്പത്തിക പിന്തുണ നൽകുക എന്നിവയാണ് നിലവിൽ ഫ്രാൻസ് മുൻ​ഗണന നൽകുന്ന വിഷയങ്ങൾ.

മേഖലയിൽ കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിൽക്കണമെന്ന ആഹ്വാനവും ഫ്രഞ്ച് പ്രധാനമന്ത്രി നടത്തി.

Content Highlight: French PM says Israel must end ‘illegal occupation’ of Lebanese territory

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more