| Thursday, 9th July 2026, 9:03 pm

അവന്‍ ഒരു സാധാരണ മനുഷ്യനല്ല: സൂപ്പര്‍താരത്തെക്കുറിച്ച് തിയറി ഹെന്റി

സുദേവ് എ

ലോകകപ്പില്‍ മിന്നും പ്രകടനം നടത്തി മുന്നേറുന്ന അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയെ പ്രശംസിച്ച് ഫ്രഞ്ച് ഇതിഹാസം തിയറി ഹെന്റി. പ്രീക്വാര്‍ട്ടറിലെ മെസിയുടെ മികച്ച പ്രകടനങ്ങളെക്കുറിച്ചാണ് ഹെന്റി സംസാരിച്ചത്.

മെസി ഒരു സാധാരണ മനുഷ്യനല്ലെന്നാണ് ഹെന്റി പറഞ്ഞത്. മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് ശേഷമുള്ള മെസിയുടെ പ്രകടനങ്ങളെക്കുറിച്ചും ഹെന്റി സംസാരിച്ചു. ഫോക്‌സ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫ്രാന്‍സ് ഇതിഹാസം.

‘മത്സരശേഷം മെസി കരഞ്ഞത് നോക്കൂ. അദ്ദേഹത്തിന് ആ ടീമിനും വിജയം എത്ര മാത്രം വിലപ്പെട്ടതാണെന്ന് മനസിലാക്കാം. ആദ്യമൊക്കെ മെസി ഒരു മനുഷ്യനാണെന്ന് നമ്മളെ ഓര്‍മിപ്പിച്ചു. കാരണം അദ്ദേഹം ലോകകപ്പില്‍ ഇതുവരെ എടുത്ത എട്ട് പെനാല്‍റ്റികളില്‍ നാല് പെനാല്‍റ്റികള്‍ നഷ്ടപ്പെടുത്തി. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ അദ്ദേഹം ഒരു സാധാരണ മനുഷ്യനല്ലെന്ന് നമ്മളെ ഓര്‍മിപ്പിച്ചു,; തിയറി ഹെന്റി പറഞ്ഞു.

പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് അര്‍ജന്റീന അടുത്ത റൗണ്ടിലേക്ക് കടന്നത്. അറ്റ്ലാന്‍ഡ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പുറകില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീനയുടെ തിരിച്ചുവരവ്. മത്സരത്തില്‍ ഒരു ഗോളും അസിസ്റ്റും നേടിയാണ് മെസി തിളങ്ങിയത്.

മത്സരത്തിൽ അർജന്റീനക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി മെസി നഷ്ടപ്പെടുത്തിയിരുന്നു. മെസിയെടുത്ത കിക്ക് ഈജിപ്ത് ഗോൾകീപ്പർ ഷൗബർ അനായാസമായി പന്ത് തട്ടിയകറ്റുകയായിരുന്നു. ഈ ലോകകപ്പിൽ രണ്ടാം തവണയാണ് മെസി പെനാൽറ്റി പാഴാക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയക്കെതിരെയുള്ള മത്സരത്തിലാണ് മെസി പെനാൽറ്റി നഷ്ടമാക്കിയത്. ഓസ്ട്രിയക്കെതിരെ മെസി പെനാൽറ്റി പുറത്തേക്ക് അടിക്കുകയായിരുന്നു.

രണ്ട് പെനാൽറ്റികൾ നഷ്ടമാക്കിയിട്ടും ഈ ലോകകപ്പിൽ ഏട്ട് ഗോളുകളുമായി ഗോൾഡൻ ബൂട്ട് റെയ്സിൽ മെസി കുതിക്കുകയാണ്. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയും നോര്‍വേയുടെ ഏര്‍ലിങ് ഹാലണ്ടും ഏഴ് ഗോളുകളുമായി മെസിക്ക് തൊട്ടരികിലുണ്ട്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരവും മെസിയാണ്. 21 ഗോളുകളാണ് നിലവില്‍ മെസിയുടെ അക്കൗണ്ടിലുള്ളത്.

അതേസമയം ജൂലൈ 12ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെയാണ് അര്‍ജന്റീന നേരിടുക. കൊളംബിയയെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ വീഴ്ത്തിയാണ് സ്വിസ് ടീം ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

Content Highlight: French legend Thiery Henry praises Lionel Messi

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more