| Tuesday, 1st April 2025, 7:46 am

യൂറോപ്യന്‍ യൂണിയന്‍ ഫണ്ട് ദുരുപയോഗം; ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ നേതാവ് മാരി ലി പെന്നിന് തെരഞ്ഞെടുപ്പില്‍ വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി നേതാവ് മാരി ലി പെന്നിന് തെരഞ്ഞെടുുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങളായിരിക്കെ ഫണ്ട് ദുരുപയോഗം ചെയ്തതിനാണ് അഞ്ച് വര്‍ഷത്തെ മത്സര വിലക്ക് ഏര്‍പ്പെടുത്തിയത്.

ലി പെന്നും അവരുടെ പാര്‍ട്ടിയിലെ മറ്റ് എട്ട് അംഗങ്ങളും നാഷണല്‍ റാലിയുടെ നടത്തിപ്പിനായാണ് ഇ.യു പാര്‍ലമെന്ററി ഫണ്ട് ദുരുപയോഗം ചെയ്തത്. ലി പെന്നിന് രണ്ട് വര്‍ഷവും മറ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് പത്ത് വര്‍ഷത്തേക്കുമാണ് തടവ്.

ഇതോടെ 2027ലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ലി പെന്നിന്റെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായി. കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ലി പെന്നിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. കോടതിവിധി ജനാധിപത്യത്തിനേറ്റ തിരിച്ചടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു,

എന്നാല്‍ തന്നെ മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്താനുള്ള ശ്രമമാണിതെന്ന് പറഞ്ഞ ലി പെന്‍ വിധി പ്രസ്താവിക്കുന്നതിന് മുമ്പ് തന്നെ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ പോയാലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് മത്സരിക്കാനാവില്ല.

ഇ.യു പാര്‍ലമെന്റിന്റെ പണം തട്ടിയെങ്കിലും പ്രതികള്‍ ആരും തന്നെ സ്വന്തം ആവശ്യങ്ങള്‍ക്ക് അവ ഉപയോഗിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ പാര്‍ലമെന്റിനെയും വോട്ടര്‍മാരെയും വഞ്ചിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി. ലി പെന്‍ ആണ് തട്ടിപ്പിലെ മുഖ്യപ്രതി.

എന്നാല്‍ താന്‍ പ്രസിഡന്റ് ആവുന്നത് തടയാനാണ് ഇത്തരമൊരു വിധി പ്രഖ്യാപിച്ചതെന്ന് ലി പെന്‍ പ്രതികരിച്ചു. 2017ലും 2022ലും നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് പിന്നില്‍ രണ്ടാംസ്ഥാനത്ത് ലി പെന്‍ എത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ലി പെന്നിന്റെ നാഷണല്‍ റാലി 140 സീറ്റുകള്‍ നേടിയിരുന്നു. ജൂണ്‍ 30ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് മാരി ലി പെന്നിന്റെ നേതൃത്വത്തിലുള്ള തീവ്ര വലത് പക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി വലിയ മുന്നേറ്റം നടത്തിയിരുന്നു.

ആ സമയത്ത് നാഷണല്‍ റാലി അധികാരത്തിലെത്തുന്നത് തടയാന്‍ അവര്‍ക്ക് ഒരു വോട്ട് പോലും നല്‍കരുതെന്ന് ആവശ്യപ്പെട്ട് മാക്രോണ്‍ തന്നെ രംഗത്തെത്തുകയും തീവ്രവലതുപക്ഷത്തിനെതിരെ വിദ്യാര്‍ത്ഥി-കര്‍ഷക സംഘടനകള്‍ അടക്കം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയുമുണ്ടായി.

ഒടുവില്‍ രണ്ടാം ഘട്ടത്തില്‍ മധ്യപക്ഷ പാര്‍ട്ടികളും ഇടത് പാര്‍ട്ടികളും പരസ്പരധാരണയിലൂടെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് ഏകീകൃതമായി നടത്തിയ മുന്നേറ്റത്തിലൂടെയാണ് മധ്യ-ഇടത് പാര്‍ട്ടികള്‍ വിജയം കൈവരിച്ചത്. ഈ സംഘടിത നീക്കത്തിലൂടെ തീവ്ര വലത് പക്ഷം അധികാരത്തിലെത്തുന്നത് തടയാന്‍ ഇവര്‍ക്ക് സാധിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം തീവ്ര വലതുപക്ഷം ഇതുവരെ ഫ്രാന്‍സില്‍ അധികാരത്തിലെത്തിയിട്ടില്ല.

Content Highlight: French far-right leader Marine Le Pen banned from election

We use cookies to give you the best possible experience. Learn more