| Monday, 23rd March 2026, 3:11 pm

ഫ്രാന്‍സ് തദ്ദേശ തെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷത്തിന് തിരിച്ചടി; നഗരങ്ങളില്‍ മുഖ്യധാരാ പാര്‍ട്ടികളുടെ മുന്നേറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: ഫ്രാന്‍സില്‍ നടന്ന നിര്‍ണ്ണായകമായ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍, തീവ്രവലതുപക്ഷത്തിന്റെ കുതിപ്പിന് തടയിട്ട് മുഖ്യധാരാ പാര്‍ട്ടികള്‍.

2027-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഈ പോരാട്ടത്തില്‍ സോഷ്യലിസ്റ്റുകളും റിനൈസന്‍സ് ഉള്‍പ്പെടെയുള്ള മധ്യപക്ഷ പാര്‍ട്ടികളും വലിയ നഗരങ്ങളില്‍ അധികാരം നിലനിര്‍ത്തി.

തീവ്രവലതുപക്ഷമായ ‘നാഷണല്‍ റാലി’ പലയിടത്തും മുന്നേറ്റം നടത്തിയെങ്കിലും, അവര്‍ ലക്ഷ്യമിട്ട പ്രധാന നഗരങ്ങള്‍ പിടിച്ചെടുക്കാനായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഫ്രാന്‍സിലെ നാല് വലിയ നഗരങ്ങളായ പാരീസ്, മാഴ്‌സെ, ലിയോണ്‍, ലില്ലെ എന്നിവിടങ്ങളില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും സഖ്യകക്ഷികളും ഭരണം നിലനിര്‍ത്തി.

പാരീസില്‍ സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥി ഇമ്മാനുവല്‍ ഗ്രിഗോയര്‍ മുന്‍ മന്ത്രി റാച്ചിദ ദാതിയെ പരാജയപ്പെടുത്തി തലസ്ഥാനം സോഷ്യലിസ്റ്റ് ഇടതുസഖ്യത്തിന്റെ കോട്ടയാണെന്ന് ഉറപ്പിച്ചു. പാരീസിലെ സൈക്കിള്‍ സൗഹൃദ-ഹരിത നയങ്ങള്‍ക്ക് വോട്ടര്‍മാര്‍ നല്‍കിയ അംഗീകാരമായാണ് ഈ വിജയം കാണപ്പെടുന്നത്.

രണ്ടാമത്തെ വലിയ നഗരമായ മാഴ്‌സെയില്‍ സോഷ്യലിസ്റ്റ് മേയര്‍ ബെനോയിറ്റ് പയാന്‍ 54% വോട്ടുകള്‍ നേടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള വടക്കന്‍ നഗരമായ റൂബൈക്‌സിലും പാരീസിലെ സെന്റ്-ഡെനിസ് പ്രാന്തപ്രദേശത്തും തീവ്ര ഇടതുപക്ഷ പാര്‍ട്ടിയായ ഫ്രാന്‍സ് അണ്‍ബോവ്ഡ് (എല്‍.എഫ്.ഐ) വിജയിച്ചു.

എന്നാല്‍ തങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് നാഷണല്‍ റാലി പാര്‍ട്ടി അധ്യക്ഷന്‍ ജോര്‍ദാന്‍ ബാര്‍ഡെല്ല അവകാശപ്പെട്ടു.

നീസില്‍ തീവ്രവലതുപക്ഷ സഖ്യത്തിന്റെ ഭാഗമായ എറിക് സിയോട്ടിയ്ക്കാണ് വിജയം. പെര്‍പിഗ്‌നന്‍, മെന്റണ്‍, കാര്‍കാസ്സോണ്‍ തുടങ്ങിയ പട്ടണങ്ങളില്‍ അവര്‍ അധികാരം പിടിച്ചെടുക്കുകയോ നിലനിര്‍ത്തുകയോ ചെയ്തിട്ടുണ്ട്. എങ്കിലും, പാര്‍ട്ടി ഏറെ പ്രതീക്ഷ വെച്ചിരുന്ന ടൗലോണിലും മാഴ്‌സെയിലും തോറ്റത് അവര്‍ക്ക് വലിയ തിരിച്ചടിയാണ്.

തെരഞ്ഞെടുപ്പിലെ മറ്റൊരു ശ്രദ്ധേയമായ തിരിച്ചടി തീവ്ര ഇടതുപക്ഷ പാര്‍ട്ടിയായ ‘ഫ്രാന്‍സ് അണ്‍ബോവ്ഡ്’ നേരിട്ടതായിരുന്നു.

സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായുള്ള സഖ്യങ്ങള്‍ ഒഴിവാക്കിയതും എല്‍.എഫ്.ഐ നേതാവ് ജീന്‍-ലൂക്ക് മെലെന്‍ചോണിന്റെ വിവാദ പ്രസ്താവനകളും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളും വോട്ടര്‍മാരെ അകറ്റിയതായി വിലയിരുത്തപ്പെടുന്നു.

എങ്കിലും വടക്കന്‍ പാരീസ് പ്രാന്തപ്രദേശമായ സെന്റ്-ഡെനിസിലും റൂബൈക്‌സിലും പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിഞ്ഞു.

2027-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോണിന് പകരക്കാരനാകാന്‍ സാധ്യതയുള്ള എഡ്വാര്‍ഡ് ഫിലിപ്പ് തന്റെ നഗരമായ ലെ ഹാവ്രെയില്‍ വലിയ വിജയം നേടി.

നഗര പ്രാന്തപ്രദേശങ്ങളില്‍ തീവ്ര ഇടതുപക്ഷവും പ്രവിശ്യാ പട്ടണങ്ങളില്‍ തീവ്ര വലതുപക്ഷവും ശക്തി പ്രാപിക്കുന്നുണ്ടെങ്കിലും, ദേശീയ തലത്തില്‍ ഇപ്പോഴും മുന്‍തൂക്കം മുഖ്യധാരാ പാര്‍ട്ടികള്‍ക്കാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

അടുത്ത വര്‍ഷത്തെ പ്രസിഡന്റ് പോരാട്ടത്തില്‍ തീവ്ര വിഭാഗങ്ങള്‍ക്കെതിരെ മുഖ്യധാരാ പാര്‍ട്ടികള്‍ ഐക്യപ്പെട്ടാല്‍ വിജയം ഉറപ്പാക്കാം എന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് രാഷ്ട്രീയ നേതൃത്വം.

Content Highlight: French far right fails to win in major cities in boost to mainstream rivals

We use cookies to give you the best possible experience. Learn more