വാഷിങ്ടണ്‍: ഗാസയില്‍ ഇസ്രഈലിന്റെ നിയമവിരുദ്ധ ഉപരോധത്തെ മറികടന്ന് സഹായമെത്തിക്കുന്നതിനുള്ള ഒരു പുതിയ അന്താരാഷ്ട്ര ദൗത്യം ആരംഭിച്ചതായി ഫ്രീഡം ഫ്‌ലോട്ടില്ല സഖ്യം (എഫ്.എഫ്.സി). കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലാണ് എഫ്.എഫ്.സി ഈ കാര്യം അറിയിച്ചത്. പുതിയ ദൗത്യത്തിന്റെ ഭാഗമായി യാത്ര തിരിച്ച കപ്പല്‍ ഒക്ടോബഖില്‍ ഗസയില്‍ എത്തിച്ചേരുമെന്നും സഖ്യം അറിയിച്ചു.
കഴിഞ്ഞ തവണ നൂറുകണക്കിന് ഫ്‌ലോട്ടില്ല വളണ്ടിയര്‍മാര്‍ക്ക് നേരെ ഇസ്രഈല്‍ നടത്തിയ അക്രമങ്ങളും പീഡനങ്ങളും മര്‍ദ്ദനങ്ങളും ലൈംഗികാതിക്രമങ്ങളും തങ്ങളെ പുതിയ ദൗത്യത്തിലേക്ക് പോകുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചില്ലെന്നും സംഘടന വ്യക്തമാക്കി. 2010ല്‍ മാവി മര്‍മര കപ്പലിലെ 10 ഫ്‌ലോട്ടില്ല പ്രവര്‍ത്തകരെ ഇസ്രഈല്‍ കൊലപ്പെടുത്തിയിട്ടും തങ്ങള്‍ പിന്നീടും ദൗത്യവുമായി മുന്നോട്ട് പോയതിന് സമാനമാണ് ഇപ്പോള്‍ ഇസ്രഈല്‍ അതിക്രമങ്ങള്‍ക്ക് ശേഷം വീണ്ടും പുതിയ ദൗത്യം ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.
ഗസയില്‍ എക്കാലത്തേക്കാളും കൂടുതല്‍ നടപടി ആവശ്യപ്പെടുന്ന സമയമാണിത്.
‘വെടിനിര്‍ത്തല്‍’ പ്രഖ്യാപിച്ചതോടെ വംശഹത്യ അവസാനിപ്പിച്ചുവെന്ന് വിശ്വസിച്ച് ലോകത്തിന്റെ ഭൂരിഭാഗവും ഗാസയില്‍ നിന്ന് ശ്രദ്ധ തിരിക്കുമ്പോള്‍ ഗസയിലെ ഫലസ്തീന്‍ ജനതയെ കൊല്ലുന്നത് ഇസ്രഈല്‍ തുടരുന്നുവെന്നും എഫ്.എഫ്.സി ചൂണ്ടിക്കാട്ടി.
ഉപരോധിക്കപ്പെട്ട ഒരു ജനത അതിജീവിക്കാന്‍ ആശ്രയിക്കുന്ന ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ പ്രവേശനം നിയന്ത്രിക്കപ്പെടുകയാണ്. ഫലസ്തീന്‍ ജനതക്ക് സ്വാതന്ത്ര്യത്തിനായുള്ള അവരുടെ മൗലികാവകാശം നിഷേധിക്കപ്പെടുന്നെന്നും സംഘടന ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍, യൂണിയന്‍ പ്രവര്‍ത്തകര്‍, ജന പ്രതിനിധികള്‍, പത്രപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പലസ്തീന്‍ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്ന മറ്റുള്ളവര്‍ എന്നിവര്‍ ഫ്രീഡ് ഫ്‌ളോട്ടില്ലയുടെ പുതിയ ദൗത്യത്തില്‍ പങ്കാളികളാവും.
ദൗത്യത്തിന്റെ ഭാഗമായി യു.കെയിലെ ബ്രിസ്റ്റലില്‍ നിന്ന് ഈ മാസം തുടക്കത്തില്‍പുറപ്പെട്ട കെയ്റ്റ് എന്ന കപ്പല്‍ അയര്‍ലന്‍ഡ്, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലെ തുറമുഖങ്ങള്‍ പിന്നിട്ടു. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി എന്നിവിടങ്ങളിലെ തുറമുഖങ്ങളിലും ഈ കപ്പല്‍ എത്തിച്ചേരും. തുടര്‍ന്ന് ഈ കപ്പല്‍ ഗസയിലേക്ക് തിരിക്കും. ഒക്ടോബറിലായിരിക്കും കപ്പല്‍ ഗസയില്‍ എത്തിച്ചേരുകയെന്നും എഫ്.എഫ്.സി വ്യക്തമാക്കി.
കപ്പല്‍ ഓരോ തുറമുഖത്ത് എത്തുമ്പോഴും അതത് രാജ്യങ്ങളിലെ ഇസ്രഈല്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ അവിടത്തെ സര്‍ക്കാരുകളോട് ആവശ്യപ്പെടുന്ന പ്രാദേശിക പ്രസ്ഥാനങ്ങളെ പിന്തുണക്കും. ഇസ്രായേലിന്റെ ആക്രമണത്തിന് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കാനും അവരുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കാനും സര്‍ക്കാരുകളോട്് ആവശ്യപ്പെടുന്ന പ്രതിഷേധങ്ങള്‍ ഈ രാജ്യങ്ങളില്‍ നടക്കുന്നുണ്ടെന്നും എഫ്.എഫ്.സി ചൂണ്ടിക്കാട്ടി.
‘നമ്മുടെ സര്‍ക്കാരുകള്‍ അവരുടെ കടമകള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നതിനാല്‍ ഫ്രീഡം ഫ്‌ലോട്ടില്ല വീണ്ടും യാത്ര തുടരുന്നു,’ എന്ന് എഫ്.എഫ്.സി സ്റ്റിയറിംഗ് കമ്മിറ്റി അംഗം സോഹര്‍ ചേംബര്‍ലൈന്‍ റെഗെവ് പറഞ്ഞു.
‘ഫലസ്തീന്‍ ജനത അന്തസ്സോടെ ജീവിക്കാന്‍ അവര്‍ സ്വതന്ത്രരാകണമെന്ന ആവശ്യം ഞങ്ങള്‍ ഓരോ തുറമുഖത്തും ഉന്നയിക്കും. ഒക്ടോബറില്‍, ആ ആവശ്യവും ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഐക്യദാര്‍ഢ്യവും ഗാസയുടെ തീരങ്ങളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു,’ റെഗെവ് പറഞ്ഞു.
2010ലാണ് ഇസ്രഈലിന്റെ കടല്‍ ഉപരോധത്തെ വെല്ലുവിളിച്ച് ഫ്രീഡം ഫ്‌ളോട്ടില്ല കപ്പലുകള്‍ ആദ്യമായി ഗസയിലേക്ക് പുറപ്പെട്ടത്. 2008 ല്‍ ഗാസയിലേക്ക് കപ്പലുകള്‍ അടുപ്പിക്കാന്‍ ശ്രമിച്ച ഫ്രീ ഗാസ പ്രസ്ഥാനത്തിന്റെ മാതൃകയിലാണ് ഫ്രീഡം ഫ്‌ലോട്ടില്ല സഖ്യത്തിന്റെ പ്രവര്‍ത്തനം.
തങ്ങളുടെ കപ്പലുകള്‍ക്കെതിരെ ഏതെങ്കിലും ആക്രമണമുണ്ടാവുകയോ അവ തടങ്കലിലെടുക്കുന്ന അവസ്ഥയുണ്ടാവുകയോ ചെയ്താല്‍ ഗാസയിലേക്ക് ഫ്‌ലോട്ടില്ല സുരക്ഷിതമായും തടസ്സമില്ലാതെയും കടന്നുപോകാന്‍ ആവശ്യപ്പെടണമെന്ന് വിവിധ സര്‍ക്കാരുകളോട് തങ്ങള്‍ ആവശ്യപ്പെടുകയാണെന്നും എഫ്.എഫ്.സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഗാസയിലേക്ക് പ്രവേശിക്കാനും മരുന്നും വെള്ളവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാനുമായി ഇസ്രഈലിന്റെ തടസ്സങ്ങള്‍ അവസാനിപ്പിക്കണം എന്നത് അടക്കമുള്ള ആവശ്യങ്ങളും എഫ്.എഫ്.സി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വെക്കുന്നു.
ഫ്‌ലോട്ടില്ല കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങളും കസ്റ്റഡിയും അതിക്രമിച്ച് കയറലും മറ്റ് ബലപ്രയോഗങ്ങളും നയതന്ത്ര നടപടിക്ക് കാരണമാകുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് കടല്‍ യാത്രാ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്ന ആവശ്യവും അവര്‍ ഉന്നയിച്ചു.
ഇസ്രഈലിന്റെ നിയമവിരുദ്ധമായ ഉപരോധം അവസാനിപ്പിക്കുന്നതിനും ഫലസ്തീനികളുടെ മൗലികാവകാശങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും കൂടുതല്‍ ലംഘനങ്ങള്‍ തടയുന്നതിനും നയതന്ത്രപരവും സാമ്പത്തികവും നിയമപരവുമായ നടപടികള്‍ പ്രയോഗിക്കാനും തങ്ങള്‍ സര്‍ക്കാരുകളോട് ആവശ്യപ്പെടുകയാണെന്നും എഫ്.എഫ്.സി വ്യക്തമാക്കി.
Content Highlight: Freedom Flotilla announces new mission to Gaza in October