| Friday, 27th February 2026, 8:37 pm

പിന്മാറാതെ ഫ്രീഡം ഫ്‌ളോട്ടില്ല; 200 കപ്പലുകളുമായി ഗസയിലേക്ക് യാത്ര തിരിക്കുമെന്ന് ആക്ടിവിസ്റ്റുകള്‍

അനിത സി

മാഡ്രിഡ്: ഇസ്രഈല്‍ ആക്രമണത്തിലും ഉപരോധത്തിലും കടുത്ത പ്രതിസന്ധി അനുഭവിക്കുന്ന ഗസയിലേക്ക് വീണ്ടും യാത്ര പുറപ്പെടാന്‍ ഒരുങ്ങി ‘ഫ്രീഡം ഫ്‌ളോട്ടില്ല’.

ഫലസ്തീന്‍ അനുകൂല സംഘടനകളും സിവില്‍ സൊസൈറ്റി സംഘടനകളും ഏപ്രിലില്‍ ഗസയിലേക്ക് മറ്റൊരു വലിയ ക്യാമ്പയിനുമായി യാത്രതിരിക്കുമെന്ന് പ്രഖ്യാപിച്ചു.

ഗസയുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം തകര്‍ക്കാനായി ഫ്രീഡം ഫ്‌ളോട്ടില്ല സംഘടനയും സ്‌റ്റെഡ്ഫാസ്റ്റ്‌നെസ് കൊണ്‍വോയും സംയുക്തമായാണ് ഇത്തവണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

ഏപ്രില്‍ 12ന് സ്‌പെയ്ന്‍, ഇറ്റലി, ടുണീഷ്യ തുടങ്ങിയ മെഡിറ്ററേനിയന്‍ തുറമുഖങ്ങളില്‍ നിന്നും യാത്ര ആരംഭിക്കാനാണ് നിലവിലെ നീക്കം. കപ്പല്‍ സംഘത്തില്‍ 200ഓളം കപ്പലുകളുണ്ടാകുമെന്നും അത്ര തന്നെ സിവില്‍ സംഘടനകളുടെ പങ്കാളിത്തവുമുണ്ടാകുമെന്നും ക്യാമ്പയിന്റെ സംഘാടകര്‍ അറിയിച്ചു.

150 രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ ഈ ക്യാമ്പയിനിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനുഷിക സഹായ വിതരണം എന്നതിന് പുറമേക്ക് ദൗത്യം വ്യാപിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, തുര്‍ക്കി, ഗള്‍ഫ് മേഖലകളില്‍ നിന്നും കപ്പലുകള്‍ വാങ്ങുന്നതിനായി ധനസഹായം തേടുന്നുണ്ടെന്ന് തുര്‍ക്കിയിലെ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഫ്രീഡം ഫൗണ്ടേഷന്‍ തലവന്‍ ബുലന്ദ് യെല്‍ദിരിം അറിയിച്ചു. കടല്‍ മാര്‍ഗമല്ലാതെ ഗസയിലേക്കെത്താന്‍ മറ്റ് വഴികളില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഗസയിലേക്ക് സഹായമെത്തിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ നേരിടുന്നത് കൊണ്ടാണ് ഇത്തരത്തിലൊരു ക്യാമ്പയിന് നിര്‍ബന്ധിതരായതെന്ന് യില്‍ദിരിം പറഞ്ഞു.

നിരന്തരം മാനുഷിക സഹായങ്ങള്‍ തടസപ്പെടുന്നുണ്ടെന്നും പ്രതിസന്ധിയില്‍ ഫലസ്തീന്‍ ജനത പട്ടിണിയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗസയിലേക്ക് സഹായങ്ങളുമായി പോയ ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല കപ്പല്‍ വ്യൂഹത്തെ ജലാതിര്‍ത്തിയില്‍ വെച്ച് ഇസ്രഈല്‍ സേന തടയുകയും ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത് നാടുകടത്തുകയും ചെയ്തിരുന്നു.

അന്ന് 110000 ഡോളറിലധികം വിലവരുന്ന അവശ്യവസ്തുക്കള്‍, ഭക്ഷണം, മരുന്ന്, പോഷകാഹാരങ്ങള്‍ തുടങ്ങിയവ ഇസ്രഈല്‍ സേന കൈക്കലാക്കിയിരുന്നു.

Content Highlight: Freedom Flotilla will not retreat; Activists say 200 ships will set sail for Gaza

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more