ബെംഗളൂരൂ: കര്‍ണാടകയിലെ മുഴുവന്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ബസ് പാസ് നല്‍കുമെന്ന് പുതിയ മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. അധികാരമേറ്റതിന് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയായിരുന്നു തീരുമാനം.
സ്വകാര്യ മേഖലയില്‍ യുവാക്കളെ തൊഴില്‍ ദാതാക്കളെ ബന്ധിപ്പിക്കുന്നതിനായി ഒരു ഓണ്‍ലൈന്‍ എംപ്ലോയ്‌മെന്റ് പോര്‍ട്ടല്‍ ആരംഭിക്കുമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. ഇത് പുതുയുഗമാണെന്നും യുവാക്കളുടെ യുഗമാണെന്നുമായിരുന്നു മന്ത്രി സഭാ യോഗത്തിന് പിന്നാലെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
തൊഴില്‍ മേഖലയില്‍ കന്നഡികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും തദ്ദേശീയര്‍ക്ക് ഒരു ശതമാനം സംവരണം നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി മൂന്ന് മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഒരു മാസത്തിനുള്ളില്‍ അന്തിമ രൂപം നല്‍കുമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.
പ്രദേശവാസികള്‍ക്ക് ജോലി നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി കസേര തന്റേതല്ലെന്നും അത് ജനങ്ങളുടെതാണെന്നും ശിവകുമാര്‍ പറഞ്ഞു.
‘ ഇതാ ശുഭകരമായ സമയം വന്നെത്തിയിരിക്കുന്നു. സമയം വൈകിയിരിക്കാം, പക്ഷേ ഇപ്പോള്‍ എനിക്കത് ലഭിച്ചു,’ അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ തീരുമാനപ്രകാരമാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതെന്നും എല്ലാ മതങ്ങളെയും ജാതികളെയും പ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് പുതിയ മന്ത്രി സഭയെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ കഥകള്‍ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ച അദ്ദേഹം, സര്‍ക്കാര്‍ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാണെന്നും പറഞ്ഞു.
Content Highlight: Free travel for all students in the state; This is the youth era: DK Shivakumar