| Monday, 8th September 2025, 10:35 pm

യു.എസിന് പൊള്ളും; ഇന്ത്യയും ഖത്തറും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. അടുത്ത മാസം ആദ്യം ഇതുമായി ബന്ധപ്പെട്ട അന്തിമ ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. വിപണിയുടെയും വ്യാപാരത്തിന്റെയും അവസരങ്ങള്‍ തുറക്കുന്നതാകും പുതിയ കരാര്‍. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

യു.എസ് ഏര്‍പ്പെടുത്തിയ അധിക താരിഫിന്റെ ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ അടക്കമുള്ള അറബ് രാഷ്ട്രങ്ങളുമായി ഇന്ത്യ വ്യാപാരക്കരാറിന് ശ്രമം നടത്തുന്നത്. കരാറുമായി ബന്ധപ്പെട്ട ചട്ടക്കൂടുകള്‍ക്ക് അവസാന രൂപം നല്‍കുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ഒക്ടോബര്‍ ആദ്യവാരം ദോഹയിലെത്തും.

കഴിഞ്ഞ മാസം അവസാനം ഇന്ത്യ സന്ദര്‍ശിച്ച ഖത്തര്‍ വിദേശവ്യാപാര-വാണിജ്യ വകുപ്പു സഹമന്ത്രി ഡോ. അഹ്‌മദ് ബിന്‍ മുഹമ്മദ് അല്‍ സഈദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. പിയൂഷ് ഗോയലിന് പുറമേ ധനമന്ത്രി നിര്‍മല സീതാരാമന്‍, വകുപ്പു സഹമന്ത്രി പങ്കജ് ചൗധരി എന്നിവരുമായും ബിസിനസ് സമൂഹവുമായും സംഘം കൂടിക്കാഴ്ച നടത്തി.

കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഖത്തറുമായി ഊര്‍ജ മേഖലയില്‍ പതിറ്റാണ്ടുകളായുള്ള സഹകരണം മറ്റു മേഖലകളിലേക്കും ഇന്ത്യയ്ക്ക് വ്യാപിപ്പിക്കാന്‍ സാധിക്കും. ഖത്തറിന് പുറമേ സൗദിയുമായും ഒമാനുമായും ഇന്ത്യ വ്യാപാര കരാറിന് ശ്രമിക്കുന്നുണ്ട്. ജി.സി.സി രാഷ്ട്രങ്ങളില്‍ നിലവില്‍ യു.എ.ഇയുമായാണ് ഇന്ത്യക്ക് സ്വതന്ത്ര വ്യാപാര കരാറുള്ളത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉഭയകക്ഷി വ്യാപാരം 28 ബില്യണ്‍ ഡോളറിലെത്തിക്കാനാണ് ഇന്ത്യയും ഖത്തറും ലക്ഷ്യമിടുന്നത്. നിലവില്‍ ഇത് 13.2 ബില്യണ്‍ ഡോളറാണ്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ അഹമദ് അല്‍ ഥാനിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.

Content Highlight: Free trade agreement between India and Qatar will become a reality

We use cookies to give you the best possible experience. Learn more